കെജ്‌രിവാൾ 'കള്ളനെ'ന്ന് ജനം വിശ്വസിച്ചുവോ? കോട്ടയിൽ കാലിടറിയ ആം ആദ്മിക്കും കെജ്‌രിവാളിനും ഇനി ഭാവിയെന്ത്?

കെജ്‌രിവാളിനെ ജനം കള്ളനെന്ന് വിശ്വസിക്കുന്നതിന് തുല്യമാണ് ഈ തോൽവിയെന്നാണ് എതിരാളികള്‍ പറയുന്നത്

dot image

മദ്യനയ അഴിമതികേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ കെജ്‌രിവാൾ ആദ്യം ചെയ്ത കാര്യം തന്റെ രാജി പ്രഖ്യാപിക്കുക എന്നതായിരുന്നു. അഴിമതി നടത്താനോ, അതിലൂടെ പണം സമ്പാദിക്കാനോ അല്ല താൻ ഈ സ്ഥാനത്തെത്തിയത് എന്നും, ജനങ്ങളുടെ മുൻപിൽ നിരപരാധിത്വം തെളിയിക്കുന്നത് വരെ തനിക്ക് ഈ സ്ഥാനം വേണ്ട എന്നും പ്രഖ്യാപിച്ചുകൊണ്ടാണ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. എന്നാൽ ജനം കെജ്‌രിവാളിനെ വിശ്വസിച്ചില്ല. ന്യൂ ഡൽഹി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ മുഖവുമായ അരവിന്ദ് കെജ്‌രിവാൾ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി.

കെജ്‌രിവാളിനെ ജനം കള്ളനെന്ന് വിശ്വസിക്കുന്നതിന് തുല്യമാണ് ഈ തോൽവിയെന്നാണ് എതിരാളികള്‍ പറയുന്നത്. ആം ആദ്മി സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നിട്ടില്ലാത്ത ഈ അവസ്ഥ പാർട്ടിയുടെയും കെജ്‌രിവാളിന്റെയും ഭാവിക്ക് നേരെ വലിയ ഒരു ചോദ്യചിഹ്നമാണ് ഉയർത്തുക. ആ ചോദ്യചിഹ്നം മായ്ക്കാൻ കെജ്‌രിവാളിന് ഇനി സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യമായി ഉയരുക.

അഴിമതിവിരുദ്ധ സമരങ്ങളിലൂടെ ഡൽഹിയുടെ തലപ്പത്തെത്തിയ കെജ്‌രിവാളിന്റെ രണ്ടാമൂഴം, അഴിമതി ആരോപണങ്ങൾ നിറഞ്ഞതായിരുന്നു. മദ്യനയ അഴിമതിക്കേസും ഔദ്യോഗിക വസതി മോഡി പിടിപ്പിക്കൽ തുടങ്ങി നിരവധി ആരോപണങ്ങൾ നിറഞ്ഞ കാലം. മദ്യനയ അഴിമതികേസിൽ കെജ്‌രിവാളും, അദ്ദേഹത്തിന്റെ വിശ്വസ്തനുമായ മനീഷ് സിസോദിയയും മാസങ്ങളോളം ജയിലിൽ കിടന്നു. തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ഔദ്യോഗിക വസതിയിൽ 33.66 കോടി രൂപയുടെ നിര്‍മ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണവും കെജ്‌രിവാളിനെ തേടിയെത്തി.

അതിന്റെ കണക്കുകള്‍ ഇങ്ങനെയാണ്. മുഖ്യമന്ത്രിയായി എത്തിയതിന് പിന്നാലെ 7.91 കോടി രൂപ വസതി മോടി കൂട്ടാനായി ചെലവിട്ടു. 2020ല്‍ 8.62 കോടി രൂപ ചെലവാക്കി. ആകെ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവാണ് 33.66 കോടി രൂപ.

വീടിന്റെ ഡ്രോയിംഗ് റൂമില്‍ തൂക്കിയിരിക്കുന്ന കര്‍ട്ടന്റെ വില 99 ലക്ഷമാണ്. അടുക്കള സാധനങ്ങള്‍ 39 ലക്ഷം, മിനി തിയേറ്റര്‍ 20.34 ലക്ഷം, വ്യായാമ മുറി 18.52 ലക്ഷം, കാര്‍പ്പെറ്റ് 16.27 ലക്ഷം, മിനി ബാര്‍ 4.80 ലക്ഷം, മാര്‍ബിള്‍ സ്റ്റോണ്‍ വാള്‍ 20 ലക്ഷം, സോഫ 6.40 ലക്ഷം, ബെഡ് 3.99 ലക്ഷം, കണ്ണാടി 2.39 ലക്ഷം, ടൈല്‍സ് 14 ലക്ഷം അങ്ങനെ പോകുന്നു ചെലവുകള്‍ എന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഷിഞ്ഞ ഷര്‍ട്ടും തൊണ്ട പൊട്ടിയുള്ള മുദ്രാവാക്യങ്ങളുമായി ഒരു മനുഷ്യന്‍. ചുമച്ചുചുമച്ച് തളര്‍ന്നുവീഴുന്ന അവസ്ഥയില്‍ ഡല്‍ഹി ജനതക്ക് മുമ്പിലേക്ക് എത്തിയ ആ കെജ്‌രിവാള്‍ പിന്നീട് മുഖ്യമന്ത്രിയായി. സിവില്‍ സര്‍വ്വീസ് ഉദ്യോഗം രാജിവെച്ച് പൊതുസേവനത്തിന് ഇറങ്ങിയ നേതാവ്. ആദ്യം വിവാരാവകാശ നിയമത്തിന് വേണ്ടിയായിരുന്നു പോരാട്ടം. ആ പോരാട്ടം വിജയിച്ചു. ആര്‍ടിഐ നിയമം നിയമം നിലവില്‍ വന്നു. പിന്നീട് അണ്ണാഹസാരേക്കൊപ്പം യുപിഎ കാലത്തെ അഴിമതിക്കെതിരായ പോരാട്ടം. 2 ജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതിക്കെതിരെ ലോക്പാല്‍ ആവശ്യപ്പെട്ട് നടന്ന സത്യാഗ്രഹ സമരം ദേശീയതലത്തില്‍ വലിയ കൊടുങ്കാറ്റായി.

സമരങ്ങളുടെ പാതയില്‍ നിന്ന് പെട്ടെന്നായിരുന്നു ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അരവിന്ദ് കെജ്‌രിവാള്‍ മാറിയത്. ചൂല്‍ ചിഹ്നമാക്കി ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. ഡല്‍ഹിയിലെ വലിയ തരംഗമായി പിന്നീട് ആംആദ്മി പാര്‍ട്ടി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മോദിക്കെതിരെ മത്സരിച്ച് ദേശീയതലത്തില്‍ തന്നെ കെജ്‌രിവാള്‍ ഹീറോ ആയി. പിന്നീട് ഡല്‍ഹിയില്‍ കെജ്‌രിവാള്‍ അധികാരത്തില്‍ എത്തി. മോദി ഇന്ത്യ ഭരിക്കുമ്പോള്‍ ഡല്‍ഹി അരവിന്ദ് കെജ്‌രിവാള്‍ ഭരിച്ചു.

ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റങ്ങളാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്. വൈദ്യുതി വിതരണം രംഗവും കുടിവെള്ള വിതരണ രംഗവും ശുദ്ധീകരിച്ചു. നല്ല തീരുമാനങ്ങള്‍. ഡല്‍ഹി ജനത അങ്ങനെയാണ് രണ്ടാമതൊരിക്കല്‍ കൂടി കെജ്‌രിവാളിനെ അധികാരത്തിലേറ്റിയത്.

നിലനിൽപ്പിന്റെ പോരാട്ടമായിരുന്നു ആം ആദ്മിയെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ്. അഴിമതി ആരോപണങ്ങളെല്ലാം കള്ളമെന്ന് തെളിയിക്കാനായി കെജ്‌രിവാളിനും കൂട്ടർക്കും ജയിച്ചേ മതിയാകുമായിരുന്നുള്ളൂ. എന്നാൽ ജനം ആം ആദ്മിയെ തിരസ്കരിച്ചു. പാർട്ടിയെ സംബന്ധിച്ച് ഡൽഹിയിലെ തോൽവി അതിന്റെ അടിത്തറ ഇളക്കുന്നതാണ്. ആം ആദ്മി ഇനി രാഷ്ട്രീയചിത്രത്തിൽ ഉണ്ടാകുമോ എന്ന ചോദ്യങ്ങൾ വരെ ഇതിനകം ഉയർന്നുകഴിഞ്ഞു. ഈ തോൽവിയെ മറികടക്കാൻ, പഴയ വിശ്വാസ്യത തിരിച്ചുപിടിക്കാൻ കെജ്‌രിവാളിന്റെ കയ്യിൽ എന്ത് മരുന്നാണുണ്ടാകുക എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Content Highlights: Arvind Kejriwal era ends?

dot image
To advertise here,contact us
dot image