![search icon](https://www.reporterlive.com/assets/images/icons/search.png)
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയം നേടിയിരിക്കുകയാണ് ബിജെപി. 27 വർഷത്തെ കാത്തിരിപ്പിനും പ്രവർത്തനങ്ങൾക്കും ശേഷമാണ് ഡൽഹി നിയമസഭയിലേക്ക് സർക്കാർ ഉണ്ടാക്കാനായി ബിജെപി നേതാക്കൾ കടന്നുചെല്ലുന്നത്. 2013ൽ കപ്പിനും ചുണ്ടിലും ഇടയിൽ എന്ന നിലയിൽ നഷ്ടപ്പെട്ട ഭരണം 2025 എത്തുമ്പോഴേക്കും ബിജെപി സമ്പൂർണമായി തിരിച്ചുപിടിച്ചിരിക്കുന്നു. പാർലമെന്റ് വരെയെത്തിയ മോദി പ്രഭാവത്തെ ഡൽഹിയിലേക്ക് എത്തിക്കാതെ തടഞ്ഞുനിർത്തിയ 'ആപ്പ്' വന്മതിലിന് ആദ്യമായി ഇതാ കോട്ടം തട്ടിയിരിക്കുന്നു.
കൃത്യമായ ഗ്രൗണ്ട് വർക്കിലൂടെയും പ്ലാനിങ്ങിലൂടെയുമാണ് ബിജെപി ഡൽഹി പിടിച്ചെടുത്തത്. ബിജെപിയുടെ ഈ വിജയങ്ങൾക്ക് പിന്നിൽ വലിയൊരു ചാലകശക്തിയായി ആർഎസ്എസും ഉണ്ടായിരുന്നു. ആർഎസ്എസ് എന്ന എഞ്ചിനായിരുന്നു ബിജെപി എന്ന വണ്ടിയെ ഡൽഹിയിൽ ചലിപ്പിച്ചത് എന്ന് പറഞ്ഞാലും അത് തെറ്റാകാനിടയില്ല. മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ആർഎസ്എസ് കൈക്കൊണ്ട അതേ രീതികളാണ് ഒരു തരത്തിൽ ഡൽഹിയിലും ബിജെപിക്ക് തുണയായത്.
'ഡ്രോയിങ് റൂം' മീറ്റിങ്ങുകളിലൂടെയാണ് ഡൽഹി പിടിക്കാൻ ആർഎസ്എസ് ബിജെപിയെ സജ്ജരാക്കിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ ആർഎസ്എസ് ഡൽഹിയിൽ അവരുടെ ജോലി തുടങ്ങിയിരുന്നു. രാജ്യതലസ്ഥാനത്തെ എട്ട് 'വിഭാഗു'കൾ ആക്കി തിരിച്ചും, അവയിൽ തന്നെ കൃത്യമായി വികേന്ദ്രീകരണം കൊണ്ടുവന്നുമാണ് ആർഎസ്എസ് പ്രവർത്തിച്ചത്. ഈ രീതി പ്രകാരം 173 'നഗറു'കളായി ഡൽഹിയെ അവർ തിരിച്ചു. ഇവിടങ്ങളിൽ ആർഎസ്എസ് പ്രചാരകന്മാർക്ക് കൃത്യമായ ജോലികൾ നൽകി.
പ്രാദേശിക ചുറ്റുവട്ടങ്ങൾ, ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ, തുടങ്ങി ജനങ്ങളുള്ള എല്ലാ മേഖലകളിലും ഡ്രോയിങ് റൂം മീറ്റിങ്ങുകൾ പ്രചാരകർ സംഘടിപ്പിച്ചിരുന്നു. വളരെ ചെറിയ ആൾക്കൂട്ടം മാത്രം ഉണ്ടാകുന്ന കൂടിക്കാഴ്ചകളെയാണ് ഡ്രോയിങ് റൂം മീറ്റിങ്ങുകൾ എന്ന് ആർഎസ്എസ് വിളിച്ചിരുന്നത്. ഇത്തരത്തിലുള്ള മീറ്റിങ്ങുകളിലൂടെ ബിജെപിക്ക് വോട്ടുകൾ ഉറപ്പിക്കാൻ ആർഎസ്എസിന് കഴിഞ്ഞു.
ഏകദേശം 2000ത്തോളം ഡ്രോയിങ് റൂം മീറ്റിങ്ങുകൾ ആർഎസ്എസ് ഇത്തരത്തിൽ നടത്തിയിരുന്നു എന്നാണ് കണക്കുകൾ. ഇവരിൽ വനിതകൾ കൂടുതലായിരുന്നുവെന്ന് ആർഎസ്എസ് നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വോട്ട് ചെയ്തത് എന്ന യാഥാർഥ്യത്തോട് ചേർത്തുവെച്ച് വേണം അവയെ വായിക്കാൻ.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ക്ഷീണത്തിന് ശേഷം ബിജെപി ഉയിർത്തെഴുന്നേറ്റ ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലും ആർഎസ്എസിന്റെ മികച്ച ഗ്രൗണ്ട് പ്രവർത്തനങ്ങൾ പാർട്ടിക്ക് തുണയായിരുന്നു. ഹരിയാനയിൽ ബിജെപിയുമായി ചേർന്നാണ് ആർഎസ്എസ് പ്രവർത്തിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് മുൻപായിത്തന്നെ ആർഎസ്എസ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൃത്യമായി പാർട്ടിയിലെ ഐക്യം ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചിരുന്നു.
ഓരോ നിയമസഭാ മണ്ഡലങ്ങളിലും നിരവധി കൂടിക്കാഴ്ചകൾ സംഘടിപ്പിച്ചും ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നുമായിരുന്നു ആർഎസ്എസ് ഹരിയാനയിൽ പ്രവർത്തിച്ചത്. ഇത് വലിയ രീതിയിൽ, ബിജെപി സർക്കാരിനെതിരെയുണ്ടായിരുന്ന ഭരണവിരുദ്ധ വികാരത്തെ ആട്ടിയകറ്റാൻ സഹായിച്ചു.
ബിജെപി വലിയ നേട്ടമുണ്ടാക്കിയ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ആർഎസ്എസിന്റെ ഗ്രൗണ്ട് പിന്തുണ ഉണ്ടായിരുന്നു. സ്വയംസേവകരുടെ ചെറിയ 'ടീം' ഉണ്ടാക്കിയ ശേഷം, സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലേക്കും വരെ അവരെ പറഞ്ഞയക്കുക എന്നതായിരുന്നു മഹാരാഷ്ട്രയിൽ ആർഎസ്എസിന്റെ രീതി. ഡൽഹിയിലെ പോലെ അഞ്ചുമുതൽ പത്ത് പേർ വരെ അടങ്ങുന്ന 'ഡ്രോയിങ് റൂം' മീറ്റിങ്ങുകളും ആർഎസ്എസ് മഹാരാഷ്ട്രയിൽ സംഘടിപ്പിച്ചിരുന്നു.
സംഘടനയെ കൂടുതൽ വികേന്ദ്രീകൃതമാക്കി, ജനങ്ങളിലേക്ക് ആശയവും ആത്മവിശ്വാസവും കൃത്യമായി എത്തിക്കുക എന്നതാണ് ആർഎസ്എസ് കൈക്കൊണ്ട രീതി. ഹരിയാന, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ആർഎസ്എസ് അവ കൃത്യമായി നടപ്പാക്കി. ബിജെപിയെ പേരെടുത്ത് പറയാതെ ദേശീയ താത്പര്യത്തിന് വോട്ട് ചെയ്യുക എന്ന ആർഎസ്എസ് പ്രചാരണം അങ്ങനെ ബിജെപിക്ക് ഗുണമാകുകയാണ് ചെയ്തത്.
1993ലാണ് ബിജെപി അവസാനമായി ഡൽഹിയിൽ ഭരണത്തിലേറിയത്. അന്ന് 70ൽ 49 സീറ്റുകളാണ് ബിജെപി നേടിയത്. മദൻ ലാൽ ഖുറാന, സുഷമ സ്വരാജ് എന്നിവരായിരുന്നു മുഖ്യമന്ത്രിമാരായത്. തുടർന്നങ്ങോട്ട് ഡൽഹിയുടെ പ്രതിപക്ഷത്തിരിക്കാനായിരുന്നു ബിജെപിയുടെ വിധി. ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ ബിജെപിയെ കൈയയച്ച് സഹായിക്കുന്ന ഡൽഹിയിലെ ജനങ്ങൾ എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പിൽ നേരെ എതിർ ട്രെൻഡ് തുടർന്നുവന്ന കാഴ്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ എല്ലാം കണ്ടത്. ആ ട്രെൻഡിനാണ് ഇന്ന് അവസാനമായത്. മദ്യനയ അഴിമതിക്കേസും മറ്റുമെല്ലാമായി ആം ആദ്മിക്കെതിരെ ആഞ്ഞടിച്ച് പ്രചാരണം നടത്തിയ ബിജെപിക്ക് രാജ്യതലസ്ഥാനത്തെ ഈ വിജയം എന്നും അഭിമാനം നൽകുന്നതായിരിക്കും എന്നതിൽ സംശയമില്ല. ഡൽഹിയിലും വിജയിച്ചതോടെ രാജ്യത്തിന്റെ മധ്യഭാഗത്തെ സംസ്ഥാനങ്ങളെല്ലാം ബിജെപിയുടേതായി എന്ന പ്രത്യേകത കൂടിയുണ്ട്.
Content Highlights: RSS help BJP win Delhi and other states