'ഞാന്‍ അന്ത്യം വരെ സത്യമെഴുതും, കവിയായിരിക്കും'- ഒഎന്‍വി

മലയാളികളുടെ പ്രിയ കവി ഒഎന്‍വി കുറുപ്പ് വിടപറഞ്ഞിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷം

ഷെറിങ് പവിത്രൻ
1 min read|13 Feb 2025, 09:41 am
dot image

'ഒരു ദിവസം ഭൂമിയെന്ന ഈ വാടകവീട് ഒഴിഞ്ഞുപോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായ ഒരു അംശം ഞാനിവിടെ ഉപേക്ഷിച്ച് പോകും….അതാണെന്റെ കവിത..' ജ്ഞാനപീഠം ഏറ്റുവാങ്ങുമ്പോള്‍ ഒഎന്‍വി കുറുപ്പ് പറഞ്ഞവാക്കുകളാണിവ. ആ വാക്കുകള്‍ എത്ര അര്‍ഥവത്തായിരുന്നു. ആ വിരല്‍ത്തുമ്പില്‍ നിന്ന് അടര്‍ന്നുവീണ കവിതകളുടെ പ്രഭാവലയത്തില്‍ ലോകംതന്നെ വിസ്മയിച്ചു നിന്നുപോയി.
'ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ' അദ്ദേഹത്തിന്റെ ഓരോ കവിതകളും മലയാളികളുടെ ഇടനെഞ്ചിലെ സ്പന്ദനമായി മാറി. പ്രണയവും വിരഹവും, ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മകളുമൊക്കെയായി നമ്മുടെ ചുണ്ടുകള്‍ മൂളാന്‍ കൊതിച്ച എത്രയെത്ര ഗാനങ്ങളുടെ മഴപ്പെയ്ത്തായിരുന്നു ആ വരികളിലൂടെ നമ്മിലേക്കെത്തിയത്.


' കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റേതായാലും സന്താപത്തിന്റേതായാലും അശ്രുനീര്‍ വാറ്റി പരല്‍ രൂപത്തില്‍ ഉരുവായിത്തീര്‍ന്ന ഉപ്പ്. അത് പാകത്തിന് ചേര്‍ത്ത് ഞാന്‍ എന്റെ സഹയാത്രികര്‍ക്ക് നല്‍കുന്ന പാഥേയം മാത്രമാണ് പാട്ട് ' എന്നാണ് അദ്ദേഹം പറഞ്ഞത്. കാലങ്ങളെത്ര കഴിഞ്ഞാലും ഒഎന്‍വി എന്ന മഹാപ്രതിഭയുടെ വിയോഗമേല്‍പ്പിച്ച മുറിവ് മലയാളനാടിന്റെ ആത്മാവിനേറ്റ നോവായിത്തന്നെ നിലനില്‍ക്കും. ഏതെങ്കിലുമൊരു വാക്കുകൊണ്ടോ വാചകങ്ങള്‍കൊണ്ടോ ഒരിക്കലും അദ്ദേഹത്തെ വരച്ചുകാട്ടാനാവില്ല. കാവ്യസൂര്യനെന്നോ, നറുതേന്‍നിലാവ് പൊഴിച്ച കവിയെന്നോ, മാനവ സ്‌നേഹത്തിന്റെ ഭാവഗായകനെന്നോ, പ്രകൃതിസ്‌നേഹിയെന്നോ ഒക്കെ എണ്ണിയാലൊടുങ്ങാത്ത വിശേഷണങ്ങള്‍ അനന്തമായി നീണ്ടങ്ങനെ പോകും.

അദ്ദേഹമെഴുതിയ ഓരോ വരിയയും എത്രകാലങ്ങള്‍ കടന്നുപോയാലും വീഞ്ഞിന്റെ വീര്യം പോലെ കാലങ്ങള്‍ക്കപ്പുറവും പുതിയ അര്‍ഥങ്ങളും ആശയങ്ങളും ആനന്ദവും പകര്‍ന്ന് ഇളം കാറ്റുപോലെ വീശിക്കൊണ്ടിരിക്കും. അദ്ദേഹത്തിന്റെ ആദ്യ കവിതകളിലെല്ലാം മാനവരാശിയുടെ ഉയര്‍ച്ചയുടെ വെളിച്ചം കാണാമായിരുന്നു. കയ്‌പ്പേറിയ ബാല്യം അദ്ദേഹത്തിന്റെ വാക്കുകളെ കൂടുതല്‍ ബലമുള്ളതാക്കി. പിന്നീടദ്ദേഹത്തിന്റെ ഒരോ കവിതകളും മിഴിവോടെ കാവ്യസാന്ദ്രമായി ഒഴുകിയൊഴുകി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. പതിനഞ്ചാം വയസില്‍ പ്രസിദ്ധപ്പെടുത്തിയ ആദ്യ കവിതയായ 'മുന്നോട്ട്' മുതല്‍ ഇടവേളകളില്ലാതെ അദ്ദേഹം കവിതകളെഴുതിക്കൊണ്ടിരുന്നു. ഒരു മനുഷ്യന്‍ കവിതയായി മാറുന്ന കാഴ്ചയായിരുന്നു പിന്നെ കണ്ടത്. കാല്‍പനികതയില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പംകൂടി ഉയര്‍ന്ന നവ ചിന്തകളിലൂടെയായിരുന്നു അദ്ദേഹം സഞ്ചരിച്ചത്. അങ്ങനെ അദ്ദേഹത്തിന്റെ കവിതകളിലൂടെ വിപ്ലവവും സമരവും സ്വാതന്ത്ര്യവും പിറന്നു. ഒടുവില്‍ ഓര്‍മത്താളുകളില്‍ മറയുന്നതുവരെ ആ കാവ്യയാത്ര നീണ്ടു.

പലതരത്തിലുള്ള പരിവര്‍ത്തനങ്ങള്‍ ഇക്കാലമത്രയും ആ കവിതകളിലെല്ലാം മാറിമറിഞ്ഞു വന്നുകൊണ്ടിരുന്നു. വിപ്ലവ കവിതകളും പ്രണയ കവിതകളും പ്രകൃതി സ്‌നേഹം തുളുമ്പിനില്‍ക്കുന്ന വരികളും, ഗൃഹാതുരതയുടെ ഏടുകളുമെല്ലാം വരികളിലൂടെ കോറിയിട്ടു. തലമുറ വ്യത്യാസമില്ലാതെ മാറിവന്ന അഭിരുചികള്‍ക്കനുസരിച്ച് തന്റെ വരികളുടെ ഭാവങ്ങളും താളങ്ങളും അനായാസം മാറ്റാന്‍ അദ്ദേഹത്തിനായി. 1955ല്‍ ആദ്യമായി ചലച്ചിത്ര ഗാനമെഴുതി. ബാബുരാജ്, എംബി ശ്രീനിവാസന്‍, രാഘവന്‍ മാഷ്, ദേവരാജന്‍ മാഷ്,എംകെ അര്‍ജുനന്‍ എന്നിങ്ങനെയുളള പ്രതിഭകള്‍ക്കൊപ്പം ചേര്‍ന്ന് ചിട്ടപ്പെടുത്തിയ വരികള്‍ ഉള്ളുനിറയ്ക്കുന്ന ഗാനങ്ങളായി മാറി.

ഒഎന്‍വിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. അങ്ങനെയൊരു രാഷ്ട്രീയം മനസില്‍ കൊണ്ടുനടക്കുമ്പോഴും രാഷ്ട്രീയത്തിനതീതമായ നിലപാടുകളും ഉണ്ടായിരുന്നു. ഒഎന്‍വിയുടെ രാഷ്ട്രീയം അദ്ദേഹത്തിന്റെ കവിതകളിലും പ്രകടമായിത്തന്നെ കണ്ടുവന്നു. ആരും നിവര്‍ന്ന് നിന്ന് ചോദിക്കാന്‍ മറന്ന പല വിഷയങ്ങളും തന്റേതായ കാഴ്ചപ്പാട് തുറന്നുപറയാന്‍ ധൈര്യം കാണിച്ച കവിയായിരുന്നു അദ്ദേഹം. ജ്ഞാനപീഠവും , പത്മശ്രീയും പത്മവിഭൂഷനുമടക്കം നിരവധി അംഗീകാരങ്ങള്‍ ആ പ്രതിഭയെതേടിയെത്തുകയുണ്ടായി.
അന്ത്യം വരെ സത്യമെഴുതുമെന്നും കവിയായിരിക്കുമെന്നും പറഞ്ഞ ആ അതുല്യകലാകാരന്റെ സ്മരണകള്‍ക്കുമുന്നില്‍ പ്രണാമം.

Content Highlights :It has been nine years since Malayali's beloved poet ONV Kurup passed away.
A tribute to the memories of that unique artist

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us