
1952-ലാണ് ചെന്നെ സ്വദേശിയായ സി അലവിന്ദര്‍ യാതൊരു സൂചനയും ബാക്കിവെക്കാതെ പെട്ടെന്നൊരു ദിവസം അപത്യക്ഷനാകുന്നത്. ജെം ആന്‍ഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അലവിന്ദര്‍. ദിവസങ്ങള്‍ കടന്നുപോയി.ഇയാള്‍ എവിടെയെന്നതിനെക്കുറിച്ച് ഒരു വിവരവും ഇല്ല. തങ്ങളുടെ തൊഴിലാളിയെ കാണാതായതോടെ കമ്പനി ഉടമയായ കണ്ണന്‍ ചെട്ടി അലവിന്ദറിന്റെ തിരോധാനം പൊലീസില്‍ അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ആയിടയ്ക്കാണ് ഇന്‍ഡോ-സിലോണ്‍ എക്‌സ്പ്രസിലെ യാത്രക്കാര്‍ ട്രെയിനിലെ മൂന്നാം ക്ലാസ് കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന ഒരു പെട്ടിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിക്കുകയും അക്കാര്യം അധികൃതരെ അറിയിക്കുന്നതും. ട്രെയിന്‍ മനാമദുരൈയിലേക്ക് അടുത്തപ്പോള്‍ പോലീസുകാര്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറി. പെട്ടി തുറന്നതും അതിനുള്ളില്‍ കണ്ടത് ഭയാനകമായ കാഴ്ചയായിരുന്നു. തലയില്ലാത്ത ഒരു ശരീരം. ആരാണെന്നോ എന്താണെന്നോ മനസിലാക്കാന്‍ ഒരു സൂചനപോലും ആ ശരീരത്തിലോ പെട്ടിയിലോ അവശേഷിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരില്‍ പല സംശയങ്ങളുമുയര്‍ന്നു. ആരാണ് ഈ മനുഷ്യന്‍? ആരാണ് ഇത്രയും ക്രൂരമായ പ്രവൃത്തി ചെയ്തത്. ?
ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ റോയപുരം ബീച്ചില്‍ മണലില്‍ ഭാഗികമായി കുഴിച്ചിട്ട നിലയില്‍ ഒരു മനുഷ്യന്റെ തല കണ്ടെത്തി. ഇത് മദ്രാസ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തിലേക്ക് പരിശോധനയ്ക്കായി അയച്ചു. അങ്ങനെയിരിക്കെയാണ് ബീച്ചില്‍ നിന്ന് മനുഷ്യന്റെ തല കണ്ടെത്തിയിടത്തുനിന്ന് പൊലീസിന് ഒരു ഫൗണ്ടന്‍ പേന ലഭിക്കുന്നത്. അരവിന്ദര്‍ ജോലി ചെയ്ത ജെം ആന്‍ഡ് കമ്പനിയുടെ ലോഗോയുളള ഒരു ഫൗണ്ടന്‍ പേനയായിരുന്നു അത്.
കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നാമെങ്കിലും ഈ ഫൗണ്ടന്‍ പേന അന്വേഷണ ഉദ്യോഗസ്ഥരെ കൊണ്ടുപോയത് അലവന്ദറിന്റെ ജോലി സ്ഥലത്തേക്കാണ്. അവിടെ വെച്ച് കമ്പനിയുടെ ഉടമസ്ഥന്‍ അലവിന്ദറിനെ കാണാതായ വിവരം സ്ഥിരീകരിച്ചു. പിന്നീട് ചുരുളഴിഞ്ഞത് വലിയൊരു കൊലപാതകവും അതിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളുമാണ്. പ്രണയത്തിന്റെയും വിശ്വാസവഞ്ചനയുടെയും പ്രതികാരത്തിന്റെയും കഥ. ആ കഥ ഇങ്ങനെയാണ്.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അലവിന്ദര്‍ സ്ത്രീകളെ വശീകരിക്കുന്നതില്‍ മിടുക്കനായിരുന്നുവത്രേ. അയാള്‍ പേനകള്‍ മാത്രമല്ല കുറഞ്ഞവിലയ്ക്കും മറ്റും സ്ത്രീകള്‍ക്ക് സാരികളും വിറ്റുപോന്നിരുന്നു. സാരി ബിസിനസ് വഴി പരിചയപ്പെട്ട ദേവകി മേനോന്‍ ഇയാളുടെ സുഹൃത്തായിരുന്നു. അവള്‍ അലവിന്ദറില്‍ നിന്ന് രക്ഷപെട്ട് പ്രഭാകര്‍ മേനോന്‍ എന്നയാളെ വിവാഹം കഴിച്ചു. പക്ഷേ അലവിന്ദര്‍ ദേവകിയെ വിടാന്‍ തയ്യാറായില്ല. അയാള്‍ അവളെ ഭീഷണിപ്പെടുത്തി, ഉപദ്രവിച്ചു. ഒടുവില്‍ അയാളില്‍ നിന്ന് രക്ഷപ്പെടാന്‍ ദേവകിയും ഭര്‍ത്താവ് പ്രഭാകറും ഒരു പദ്ധതി തയ്യാറാക്കി.
ഒരു ഓഗസ്റ്റ് മാസം 28ാം തീയതി ദേവകി അലവന്ദറിനെ ചെന്നൈയിലെ സെമിത്തേരി റോഡിലുള്ള തന്റെ വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. പിന്നെ നടന്നത് ക്രൂരമായ കൊലപാതകമായിരുന്നു. ദേവകിയും ഭര്‍ത്താവും ചേര്‍ന്ന് അലവിന്ദറിനെ കൊലപ്പെടുത്തി. അയാളുടെ തല വെട്ടി റോയപുരം ബീച്ചില്‍ കുഴിച്ചിട്ടു. തെളിവ് നശിപ്പിക്കാനുള്ള ക്രൂരമായ ശ്രമത്തിന്റെ ഭാഗമായി മൃതദേഹത്തിന്റെ ഉടല്‍ ഒരു പെട്ടിയിലാക്കി ട്രെയിനില്‍ ഉപേക്ഷിച്ചു. എല്ലാം കഴിഞ്ഞ് സമാധാനത്തോടെ അവര്‍ മുംബയിലേക്ക് ഒളിച്ചുകടന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ദേവകിയേയും പ്രഭാകറിനേയും മുംബൈയില്‍ നിന്ന് പൊലീസ് പിടികൂടി. അവരെ അറസ്റ്റ് ചെയ്ത് ചെന്നൈയിലേക്ക് കൊണ്ടുവന്നു. അക്കാലത്തെ ഏറ്റവും വലിയ സെന്‍സേഷണല്‍ വിചാരണയ്ക്ക് കളമൊരുങ്ങി. വിചാരണ പുരോഗമിക്കുമ്പോള്‍ കോടതിമുറി നിറഞ്ഞുകവിഞ്ഞിരുന്നു. 1953 ഓഗസ്റ്റ് 13 ന് കുറ്റകരമായ നരഹത്യക്ക് പ്രഭാകര്‍ മേനോന് ഏഴ് വര്‍ഷത്തെ കഠിന തടവും ദേവകിയ്ക്ക് മൂന്ന് വര്‍ഷത്തെ തടവും കോടതി വിധിച്ചു. ജഡ്ജിയ്ക്ക് പ്രതികളോടുള്ള മൃദു സ്വഭാവത്തെ ചോദ്യം ചെയ്ത് പലരും അക്കാലത്ത് രംഗത്ത് വന്നിരുന്നു.
ജയില്‍വാസത്തിന് ശേഷം പ്രഭാകറും ദേവകിയും ആരുമറിയാതെ കേരളത്തിലേക്ക് താമസം മാറി. അവര്‍ കേരളത്തില്‍ ഒരു ചായക്കട തുടങ്ങുകയും അത് പിന്നീട് ഹോട്ടല്‍ ബിസിനസായി മാറുകയും ചെയ്തു. ഒരിക്കല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഇവരുടെ ഭൂതകാലം അപ്രത്യക്ഷമായെങ്കിലും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനുളള ഫോറന്‍സിക് തെളിവുകളുടെയും അപ്രതീക്ഷിതമായ കണ്ടുപിടുത്തങ്ങളുടെയും പങ്ക് മനസിലാക്കിത്തരുന്ന ഒരു പാഠപുസ്തകമായി ഈ കേസ് മാറുകയുമാണുണ്ടായത്.
Content Highlights :The story of the Alavinder murder in Chennai in 1952