
അറിയാത്ത കുറ്റത്തിന് വീട്ടിലെത്തി അറസ്റ്റ്, തുടര്‍ന്ന് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍… ചിന്തിച്ച് നോക്കാന്‍ പോലും ബുദ്ധിമുട്ടുള്ള സാഹചര്യമല്ലെ? എങ്കില്‍ അങ്ങനെ ഒരു സംഭവത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധര ഓസ്വാളിനാണ് ഈ ദുരനുഭവമുണ്ടായത്. മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കപ്പെട്ട് ആഴ്ചകളോളമാണ് വസുന്ധര ഉഗാണ്ടന്‍ ജയിയില്‍ കഴിഞ്ഞത്.
തന്റെ പിതാവിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ മുകേഷ് മെനാരിയ എന്നയാളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട വസുന്ധര ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത തരം യാതനകളാണ് നേരിടേണ്ടി വന്നത്. വൃത്തിയില്ലാത്ത ജയിലറകള്‍, പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍ പോലും അനുവാദമില്ല, കുടിവെള്ളത്തിന് പോലും കൈക്കൂലി നല്‍കേണ്ട അവസ്ഥ.
ഇതിനിടെ കേസില്‍ വഴിത്തിരിവ് എന്നോണം കൊല്ലപ്പെട്ടു എന്ന് പറയപ്പെടുന്ന സാക്ഷാല്‍ മെനാരിയ, ടാന്‍സാനിയയില്‍ ജീവിച്ചിരിക്കുന്നതായി കണ്ടെത്തി. വസുന്ധര ജയില്‍ മോചിതയായി. ജയിലില്‍ നിന്ന് പുറത്തുവന്നിട്ടും അനുഭവിച്ച പീഡനങ്ങളുടെ ഓര്‍മ്മകള്‍ തന്നെ വേട്ടയാടുകയാണെന്നാണ് വസുന്ധര പറയുന്നത്.
രണ്ട് ആഴ്ചയോളമാണ് കൊലയാളി എന്ന് മുദ്രകുത്തപ്പെട്ട് വസുന്ധരയെ ഉഗാണ്ടന്‍ പൊലീസ് തടങ്കലില്‍ പാര്‍പ്പിച്ചത്. തനിക്ക് ഭക്ഷണമോ വെള്ളമോ പോലും നിഷേധിച്ചു, ശിക്ഷ എന്ന പേരില്‍ പ്രാഥമിക കൃത്യങ്ങള്‍ ചെയ്യാന്‍ പോലും അനുവദിച്ചില്ലെന്നും വസുന്ധര പറയുന്നു.
ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ തനിക്ക് ഉപയോഗിക്കാന്‍ തന്നിരുന്ന ടോയ്‌ലറ്റിന്റെ അവസ്ഥയെ കുറിച്ച് അവര്‍ വിവരിക്കുന്നുണ്ട്, ആ തറയില്‍ നിറയെ രക്തവും മലവുമായിരുന്നു, ഒന്ന് വസ്ത്രം മാറാനോ, കുളിക്കാനോ അവര്‍ അനുവദിച്ചില്ല. തനിക്ക് വേണ്ട സാധനങ്ങള്‍ കൈമാറാന്‍ അഭിഭാഷകര്‍ മുഖേന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വരെ നല്‍കേണ്ടി വന്നു.
വാറന്റില്ലാതെയായിരുന്നു അന്ന് വസുന്ധര ഓസ്വാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ വാറണ്ട് ഉണ്ടോ എന്ന വസുന്ധരയുടെ ചോദ്യത്തിന് തങ്ങള്‍ക്ക് എന്തും ചെയ്യാം എന്ന ഭാവത്തിലുള്ള മറുപടി ആയിരുന്നു പൊലീസുകാര്‍ നല്‍കിയത്. വക്കീലില്ലാതെ ഇന്റര്‍പോള്‍ ഓഫീസിലെത്തിച്ചെന്നും, മൊഴിയെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും വസുന്ധര ഓര്‍ത്തെടുക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ ഓഫീസിലേക്ക് കൊണ്ടുപോകാന്‍ ഒരു പുരുഷ ഉദ്യോഗസ്ഥന്‍ തന്നെ ബലം പ്രയോഗിച്ച് വാനില്‍ ഇരുത്തിയെന്നും, ശേഷം കൃത്യമായ മൊഴി നല്‍കിയില്ലെങ്കില്‍ ദീര്‍ഘനാളത്തേക്ക് തടവിലാക്കുമെന്ന ഭീഷണി സ്വരവും അവര്‍ മുഴക്കിയെന്നും വസുന്ധര പറയുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും പാസ്പോര്‍ട്ട് ഉള്‍പ്പടെ പിടിച്ചെടുത്ത് പൊലീസ് ബോണ്ടിനായി സമര്‍പ്പിക്കുകയും ചെയ്തു.
ദിവസങ്ങളോളം അനധികൃതമായി തടവില്‍ പാര്‍പ്പിച്ചു. ശേഷം കോടതിയില്‍ ഹാജരാക്കിയ വസുന്ധരയെ അധികം താമസിയാതെ നകാസോംഗോള ജയിലിലേക്ക് മാറ്റി. ശിക്ഷിക്കപ്പെട്ട കൊലയാളികളെയും മനുഷ്യക്കടത്തുകാരെയും പാര്‍പ്പിക്കുന്നതിനുള്ള ജയിലാണിത്.
ഒക്ടോബര്‍ 10ന് മുകേഷ് മെനാരിയ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞിട്ടും ജാമ്യാപേക്ഷ പോലും മനപൂര്‍വം അട്ടിമറിച്ചെന്നും വസുന്ധര മാധ്യമങ്ങളോട് പറഞ്ഞു. 11 ദിവസങ്ങള്‍ക്ക് ശേഷം വസുന്ധര ഓസ്വാളിന് ജാമ്യം ലഭിച്ചു. പക്ഷേ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളൊന്നും തിരികെ നല്‍കിയില്ല. പിന്നീട് 2024 ഡിസംബര്‍ 19-ന് വസുന്ധരയ്‌ക്കെതിരെ ചുമത്തിയ കുറ്റം റദ്ദാക്കപ്പെട്ടു. പക്ഷേ തനിക്ക് നേരിടേണ്ടി വന്ന നീതി നിഷേധത്തിന് ഉഗാണ്ടന്‍ അധികാരികള്‍ക്കെതിരെ കേസ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വസുന്ധര ഓസ്വാള്‍ ഇപ്പോള്‍.
Content Highlights :No water, no food; But a bribe is required; Millionaire's daughter opens up about her prisonexperience