ഹമാസ് ആക്രമണം നടക്കുന്നതിനിടയില്‍ എംഡിഎംഎ ഉപയോഗിച്ചവരില്‍ ഉണ്ടായത് ഞെട്ടിക്കുന്ന മാറ്റങ്ങള്‍; പഠനം പുറത്ത്

അതിജീവിതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ന്യൂറോസയന്റിസ്റ്റുകളെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

dot image

2023, ഒക്ടോബര്‍ 7.
പതിറ്റാണ്ടുകള്‍ നീണ്ട പലസ്തീന്‍ ഇസ്രയേല്‍ സംഘര്‍ഷത്തിന് പുതിയ അധ്യായം തുറന്നുകൊണ്ട് ഹമാസ് സായുധസംഘം മിന്നലാക്രമണം നടത്തിയ ദിവസം. അതീവ രഹസ്യമായി മിന്നലാക്രമണം നടത്തുന്നതിനുള്ള പദ്ധതികളുമായി ഹമാസ് മുന്നോട്ട് നീങ്ങുമ്പോള്‍ ഗാസ അതിര്‍ത്തിയില്‍ ഒരു സംഗീതനിശ പൊടിപൊടിക്കുകയായിരുന്നു. എംഡിഎംഎയും എല്‍എസ്ഡിയും ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് നടന്ന ആ ലഹരിപ്പാര്‍ട്ടിയില്‍ ഏകദേശം 3500 പേരാണ് പങ്കെടുത്തത്. പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ചുറ്റുംനടക്കുന്നതൊന്നും മനസ്സിലാക്കാന്‍ സാധിക്കാത്തത്ര ലഹരി ഉള്ളില്‍ ചെന്ന നിലയിലും. ഹമാസിന്റെ മിന്നലാക്രമണത്തില്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്തവരും ഇരകളായി. ഒട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, ചിലര്‍ ആക്രമണത്തെ അതിജീവിച്ചു. ഉര്‍വശീശാപം ഉപകാരമെന്ന് പറയുന്നത് പോലെ മയക്കുമരുന്നിന്റെ ഉപയോഗം ഇവരെ അതിവേഗമുള്ള അതിജീവനത്തിന് സഹായിച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിജീവിതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ന്യൂറോസയന്റിസ്റ്റുകളെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹെയ്ഫ യൂണിവേഴ്‌സിറ്റി നടത്തിയ പ്രാരംഭ പഠനത്തില്‍ മയക്കുമരുന്നിന്റെ ഉപയോഗം ആക്രമണ സമയത്തും അതിനുശേഷം മാസങ്ങളോളവും പോസിറ്റീവ് മാനസികനിലയോടെ മുന്നോട്ടുപോകാന്‍ സംഗീതനിശയില്‍ പങ്കെടുത്തവരെ സഹായിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഗീതനിശയില്‍ പങ്കെടുത്ത 650 പേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് പഠനം നടത്തിയത്. ഇവരില്‍ മൂന്നില്‍ രണ്ടുപേരും ഒന്നുകില്‍ എംഡിഎംഎ, എല്‍എസ്ഡി, മരിജുവാന, മാജിക് മഷ്‌റൂം, സൈലോസിബിന്‍ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചിരുന്നു.

എംഡിഎംഎ ഉപയോഗിച്ചവരില്‍ ഹമാസ് ആക്രമണമേല്‍പ്പിച്ച മാനസികാഘാതം മറ്റുള്ളവരേക്കാള്‍ വളരെ കുറവായിരുന്നു. ആക്രമണം നടന്ന് അഞ്ചുമാസത്തിന് ശേഷവും ഇവര്‍ വലിയ പ്രശ്‌നങ്ങളില്ലാതെയാണ് എല്ലാവരോടും ഇടപെട്ടിരുന്നതും. പുതിയ കണ്ടെത്തല്‍ മാനിസാകാരോഗ്യ ചികിത്സയില്‍, പ്രത്യേകിച്ച് പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നത് സംബന്ധിച്ച പഠനങ്ങളിലേക്ക് വഴി തെളിച്ചതായി ന്യൂറോസയന്റിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

'സുഹൃത്തിന്റെ മൃതദേഹത്തിനടിയില്‍ മണിക്കൂറുകളോളം ഒളിച്ചിരുന്ന എല്‍എസ്ഡിയും എംഎഡിഎംഎയും ഉപയോഗിച്ചിരുന്നവരെ ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത്തരം മയക്കുമരുന്നിന്റഎ ഉപയോഗം തലച്ചോറില്‍ പ്ലാസ്റ്റിസിറ്റി ഉണ്ടാക്കുമെന്നാണ് പറയുന്നത്. അതിനാല്‍ തലച്ചോര്‍ മാറ്റങ്ങള്‍ക്ക് തയ്യാറായിരിക്കും. എന്നാല്‍ ഇത്തരം ഭയാനകമായ സാഹചര്യങ്ങളില്‍ ഈ പ്ലാസ്റ്റിസിറ്റി എങ്ങനെയാണ് തലച്ചോറിനെ ബാധികക്കുക, ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക എന്നത് അറിയേണ്ടതുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചവര്‍ക്ക് ആക്രമണം നേരിട്ട് കണ്ടതിനുശേഷവും നല്ല ഉറക്കം ലഭിച്ചിരുന്നു. മാനസിക പിരിമുറുക്കം കുറവായിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കാത്തവരേക്കാള്‍ പോസിറ്റീവായി ഇടപെടാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.' ഗവേഷണത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളായ പ്രൊഫസര്‍ റോയ് സലോമണ്‍ പറയുന്നു.

പ്രിയപ്പെട്ടവരുള്‍പ്പെടെ മരിച്ചുവീഴുന്ന ഭയനാകമായ ഒരു ആക്രമണത്തിന് സാക്ഷിയാകേണ്ടി വന്നിട്ടും അതിനെ അതിജീവിക്കാന്‍ തങ്ങളെ സഹായിച്ചത് മയക്കുമരുന്നാണെന്ന് അതിജീവിതരും പറയുന്നു. 'ഞാന്‍ വല്ലാത്ത ലഹരിയിലായിരുന്നു. യഥാര്‍ഥ ലോകത്ത് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ ലഹരിക്കടിമയായിരുന്നു. സാധാരണ മനുഷ്യന്മാര്‍ക്ക് ഇതൊന്നും കണ്ടുനില്‍ക്കാന്‍ സാധിക്കില്ല. അതത്ര സ്വാഭാവികമല്ല.മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ മരിച്ചുവീഴുന്നത് കണ്ടുനില്‍ക്കാനാവുമായിരുന്നില്ല. മരവിച്ച് ബോധം കെട്ടുവീഴുമായിരുന്നു.' സംഗീതനിശയില്‍ പങ്കെടുത്ത യുവതി പറഞ്ഞു. ഈ മയക്കുമരുന്നുകള്‍ ഒരു വ്യക്തിയുടെ തലച്ചോറിലുണ്ടാക്കുന്ന ഭയാനകമായ പരിവര്‍ത്തനങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന ഉള്‍ക്കാഴ്ച നല്‍കുന്നതാണ് യുവതിയുടെ തുറന്നുപറച്ചില്‍.

എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം യുവാക്കളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതുള്‍പ്പെടെ വര്‍ധിച്ച സാഹചര്യത്തില്‍ കേരളത്തില്‍ മയക്കുമരുന്നിനെതിരായ പ്രതിഷേധങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരം ലഹരികള്‍ എങ്ങനെ ഗുണപ്രദമായ രീതിയില്‍ മാനസികാരോഗ്യ ചികിത്സയ്ക്ക് ഉപയോഗിക്കാനാകുമെന്ന് ഇസ്രയേലില്‍ പഠനം നടക്കുന്നത്.

(എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയല്ല, ഇതുസംബന്ധിച്ച പഠനങ്ങള്‍ ഇസ്രയേലില്‍ നടക്കുന്നു എന്നുള്ള വിവരം പങ്കുവയ്ക്കല്‍ മാത്രമാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം.)

Content Highlights: Party drug MDMA protected survivors of Hamas attack from trauma, says study

dot image
To advertise here,contact us
dot image