ഗാസയിലെ ജനതയെ ആഫ്രിക്കയിലേക്ക് 'നാടുകടത്താൻ' ട്രംപ് പദ്ധതിയോ?

ഇസ്രയേലിന്റെ ആക്രമണത്തില്‍ സര്‍വവും നഷ്ടപ്പെട്ട്, സ്വന്തം മണ്ണില്‍ അഭയാര്‍ഥികളായി കഴിയേണ്ടിവരുന്ന ജനതയെ ആണ് ട്രംപ് നാടുകടത്താന്‍ പദ്ധതിയിട്ടത്

dot image

പിറന്ന മണ്ണിനായി വര്‍ഷങ്ങളായുള്ള പോരാട്ടത്തിലാണ് പലസ്തീന്‍ ജനത. ഒരു വശത്തുനിന്ന് ഇസ്രയേല്‍ ആക്രമിച്ചുകൊണ്ടിയിരിക്കുമ്പോള്‍, ജീവനും ജീവനോപാധിക്കുമായി കേഴുന്ന പലസ്തീനികള്‍, കാലങ്ങളായി ലോകമനസാക്ഷിയുടെ നൊമ്പരമാണ്.

ഇപ്പോഴിതാ സ്വന്തം മണ്ണില്‍ നിന്ന് എന്നെന്നേയ്ക്കും പറിച്ചുനടപ്പെട്ടേക്കുമെന്ന ഭീതിയില്‍, തങ്ങളുടെ ഭൂമിയില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും നാടുകടത്തപ്പെടാമെന്ന ആശങ്കയില്‍ കൂടി കഴിയുകയാണ് പലസ്തീനികള്‍.

പലസ്തീനിലെ ജനങ്ങളെയെല്ലാം ആഫ്രിക്കയിലേക്ക് മാറ്റാനുള്ള ഇസ്രയേല്‍-യുഎസ് സംയുക്ത തീരുമാനം വന്നതിന് പിന്നാലെ ആശങ്കയിലാണ് പലസ്തീനിലെ ജനത. ആരെയും എവിടെയും പറഞ്ഞുവിടാന്‍ പോകുന്നില്ല എന്ന് ട്രംപ് പിന്നീട് വ്യക്തമാക്കിയെങ്കിലും, ഗാസയെ വെറും റിയല്‍ എസ്റ്റേറ്റ് തുണ്ടുഭൂമിയായി മാത്രം കാണുന്ന ട്രംപിന്റെ ഈ വാക്കുകളെ എങ്ങനെ വിശ്വസിക്കും എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

ഇസ്രയേലിന്റെ ആക്രമണത്തില്‍ സര്‍വവും നഷ്ടപ്പെട്ട്, സ്വന്തം മണ്ണില്‍ അഭയാര്‍ഥികളായി കഴിയേണ്ടിവരുന്ന ജനതയെ ആണ് ട്രംപ് നാടുകടത്താന്‍ പദ്ധതിയിട്ടത്. പലസ്തീനികളെ സ്വീകരിക്കാനായി ട്രംപ് ആദ്യം ആവശ്യപ്പെട്ടത് അതിര്‍ത്തി രാജ്യങ്ങളായ ഈജിപ്തിനോടും ജോര്‍ദാനോടുമാണ്. എന്നാല്‍ അവര്‍ കൈമലര്‍ത്തിയതോടെ 'പ്ലാന്‍ ബി'യ്ക്ക് ട്രംപ് കടക്കുകയായിരുന്നു. നാടുകടത്താനായി ട്രംപ് കണ്ടുവെച്ച രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാന്‍ഡ്, സുഡാന്‍ എന്നിവയാണ്.

തങ്ങളുമായി ഒരു ചര്‍ച്ചയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് ഈ രാജ്യങ്ങള്‍ പറയുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ നടന്നുവെന്നും നാടുകടത്തല്‍ വിഷയം സജീവ ചര്‍ച്ചയായി വന്നെന്നും അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസിനോട് പറയുകയുണ്ടായി.

എന്തുകൊണ്ട് സൊമാലിയ, സൊമാലിലാന്‍ഡ്, സുഡാന്‍ എന്നീ രാജ്യങ്ങള്‍? അതിന് കാരണമുണ്ട്. ഈ രാജ്യങ്ങള്‍ക്ക് യുഎസുമായുള്ള ബന്ധവും പലസ്തീനികളോടുള്ള ഐകദാര്‍ഢ്യവുമാണ് അവ.

ഇസ്രയേലുമായി സമാധാനപരമായ ബന്ധം പുനഃസ്ഥാപിക്കാനുള്ള എബ്രഹാം കരാറില്‍ പങ്കാളിയായ ഒരു രാജ്യമായിരുന്നു സുഡാന്‍. ഈ ഡീലിന്റെ ഭാഗമായി, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാനെ യുഎസ് ഒഴിവാക്കിയിരുന്നു. സുഡാന്റെ ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണര്‍വ് നല്‍കാന്‍ ഈ നീക്കം സഹായിച്ചിരുന്നു. അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് കൂടുതല്‍ വായ്പകളും മറ്റും ലഭിക്കാന്‍ ഈ നടപടി ഗുണകരമായിരുന്നു. എന്നാല്‍ പിന്നീട് സുഡാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമര്‍ന്നത് മറ്റൊരു ചരിത്രം. സുഡാനിലെ ചില സര്‍ക്കാര്‍ അധികൃതര്‍ തന്നെ, പലസ്തീനികളെ സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ട്രംപ് തങ്ങളെ സമീപിച്ചിരുന്നു എന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

സൊമാലിയയില്‍ നിന്ന് സ്വയംവിട്ടുവന്ന പ്രദേശമാണ് സൊമാലിലാന്‍ഡ്. ലോകരാജ്യങ്ങള്‍ സൊമാലിലാന്‍ഡിനെ ഒരു രാജ്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും, സ്വന്തമായി കറന്‍സിയുളള, ഭരണസംവിധാനമുള്ള ഒരു സ്വയംഭരണ പ്രവിശ്യയായാണ് ഇവര്‍ നിലകൊള്ളുന്നത്. അന്താരാഷ്ട്ര അംഗീകാരം ഇല്ലാത്തതിനാല്‍, പലസ്തീനികളെ സ്വീകരിച്ചശേഷം അവയ്ക്ക് ശ്രമിക്കാമെന്ന കണക്കുകൂട്ടലില്‍ സൊമാലിലാന്‍ഡ് ഈ നാടുകടത്തലിന് സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക പലപ്പോഴായി ഈ നാടുകടത്തല്‍ വിഷയത്തില്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സൊമാലിലാന്റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അസോസിയേറ്റഡ് പ്രസിനോട് പറയുകയുണ്ടായി.

പലസ്തീനികളോട് അനുഭാവപൂര്‍വമായ സമീപനം പുലര്‍ത്തിയ സൊമാലിയയായിരുന്നു ട്രംപിന്റെ മറ്റൊരു സാധ്യത. യുദ്ധക്കെടുതി അനുഭവിക്കുന്ന പലസ്തീനികള്‍ക്ക് എക്കാലത്തും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന രാജ്യമാണ് സൊമാലിയ. എന്നാല്‍ ഈ നാടുകടത്തലിനോട് സൊമാലിയ മുഖം തിരിക്കുകയാണ് ചെയ്തത്. മാത്രമല്ല, ഇക്കാര്യം ആവശ്യപ്പെട്ട് ഒരു യുഎസ് പ്രതിനിധിയും സമീപിച്ചിലെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.

ജനങ്ങളെയെല്ലാം ഒഴിപ്പിച്ച ശേഷം, ഗാസയെ യുഎസ് ഏറ്റെടുത്ത് വൃത്തിയാക്കിയെടുക്കുമെന്നും, അവിടം ഉല്ലാസകേന്ദ്രം നിര്‍മിക്കുമെന്നുമായിരുന്നു ട്രംപിന്റെ വാദം. ഈ നീക്കം ഗാസയെ ചുളുവില്‍ കൈപ്പിടിയിലാക്കാനുളള യുഎസ് തന്ത്രമാണെന്ന വിമര്‍ശനം പരക്കെയുണ്ട്. എന്നാല്‍ ഇക്കാലയളവിലൊന്നും ഗാസയിലെ ജനങ്ങള്‍ക്ക് പകരം എന്ത് എന്നതിനെപ്പറ്റി ട്രംപ് ഒന്നും പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ജന്മനാട്ടിലെ മനോഹരമായ നിരവധി വീടുകളും ഗ്രാമങ്ങളും കളിസ്ഥലങ്ങളുമാണ് പൊടുന്നനെയൊരു ദിവസം ഗാസയിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. ബോംബുകള്‍ക്കും മിസൈലുകള്‍ക്കുമിടയില്‍, ഉറ്റവരുടെ ശവശരീരങ്ങള്‍ക്കിടയില്‍ ജീവിച്ചുമടുത്തവരാണ്, അവശേഷിക്കുന്ന പലസ്തീന്‍ ജനത… പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നല്ലൊരു ഭാവിയും ജീവിതവുമാണ്. അവയ്‌ക്കൊന്നും സമാധാനം കണ്ടെത്താതെയാണോ ഈ നാടുകടത്തലും റിയല്‍ എസ്റ്റേറ്റ് ബിസിനസും ചര്‍ച്ച ചെയ്യേണ്ടത് എന്നതാണ് മനുഷ്യാവകാശ സംഘടനകള്‍ അടക്കം ഈ വിഷയത്തില്‍ ഉയര്‍ത്തുന്ന ചോദ്യം.

Content Highlights: Will Palastenians have to move from Gaza?

dot image
To advertise here,contact us
dot image