'കൂട്ടുകാരി' ചലനമറ്റ് നിലത്ത്, കെട്ടിപ്പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ച് പിടിയാന; കണ്ണീരണിയിക്കും ദൃശ്യങ്ങൾ

റഷ്യയിലെ ഒരു സർക്കസ് കൂടാരത്തിൽ 25 വർഷത്തിലധികം ഒരുമിച്ചായിരുന്നു ജെന്നി, മഗ്ദ എന്ന ആനകൾ

dot image

മൃഗങ്ങൾ തമ്മിലുള്ള സ്നേഹബന്ധങ്ങളുടെ ദൃശ്യങ്ങൾ നമ്മൾ നിരവധി കണ്ടിട്ടുണ്ടാകും. അവയിൽത്തന്നെ ആനകളുടേതാകും കൂടുതൽ. സ്വന്തം കൂട്ടത്തിലുള്ളവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന ജീവികളാണവ. കൂട്ടത്തിൽ ഒരാൾ പിരിഞ്ഞുപോയാലോ മറ്റോ അതേയളവിൽ സങ്കടപ്പെടുന്ന ജീവിയും. 25 വർഷത്തിലധികമായി കൂടെയുണ്ടായിരുന്ന 'കൂട്ടുകാരി' ചരിഞ്ഞപ്പോൾ മറ്റൊരാന ചെയ്ത ചില പ്രവൃത്തികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

റഷ്യയിലെ ഒരു സർക്കസ് കൂടാരത്തിൽ 25 വർഷത്തിലധികം ഒരുമിച്ചായിരുന്നു ജെന്നി, മഗ്ദ എന്ന ആനകൾ. ഇതിൽ ജെന്നി എന്ന ആന കഴിഞ്ഞ ദിവസം അവശത മൂലം ചരിഞ്ഞു. ജെന്നി ചരിഞ്ഞതോടെ മഗ്ദ ആകെ സങ്കടത്തിലായി. ഡോക്ടർമാരെ ജെന്നിയുടെ അടുത്തേയ്ക്ക് പോലും വരാൻ സമ്മതിക്കാതെ, ജെന്നിയെ എങ്ങനെയെങ്കിലും എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിലാണ് മഗ്ദ.

കണ്ണീരണിയിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. നിലത്തുകിടക്കുന്ന തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ജെന്നി, എഴുന്നേൽക്കുമെന്ന പ്രതീക്ഷയിൽ മഗ്ദ തുമ്പിക്കൈയിൽ അടക്കം ചവിട്ടുകയാണ്. പിന്നീട് ജെന്നിയുടെ ദേഹത്ത് തുമ്പിക്കൈ കൊണ്ട് പലവട്ടം അമർത്തി. ശേഷം പല പ്രാവശ്യം ജെന്നിയുടെ ദേഹത്ത് ചാഞ്ഞ് എഴുന്നേൽക്കാൻ ആവശ്യപ്പെടുകയാണ് ആ സാധു ജീവി. ഒടുവിൽ ഇനി ജെന്നി എഴുന്നേൽക്കില്ല എന്ന് ബോധ്യപ്പെട്ടതെന്ന പോലെ, നിശ്ചലയായി, സങ്കടം വന്നെന്ന പോലെ നിൽക്കുകയാണ് മഗ്ദ.

ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ് ഈ വീഡിയോ. ഒരു ആന, മറ്റൊരു ആനയുടെ മരണത്തിൽ ഇവ്വിധം പ്രതികരിക്കുന്നത് നെറ്റിസൺസിൽ ആകെ സങ്കടം പടർത്തി. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ദൃശ്യങ്ങൾ ഹൃദയഭേദകവും കരയിക്കുന്നുവെന്നുമാണ് ചിലരുടെ അഭിപ്രായം. ആനകൾ വൈകാരികമായി ഏറെ അടുപ്പം സ്ഥാപിക്കുന്നവരാണെന്നും ഇവരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്നുമാണ് മറ്റ് ചിലർ പറയുന്നത്.

Content Highlights: Elephant mourns for her friend elephants death, viral video

dot image
To advertise here,contact us
dot image