വെന്തുരുകിയാലും കടംകയറി മുടിഞ്ഞാലും പണിതീരാത്ത കേരളത്തിലെ ചെറു വൈദ്യുത പദ്ധതികള്‍

എന്‍എച്ച് - 66 നു മുകളില്‍ സോളര്‍ പാനലുകള്‍ നിരത്തിയാല്‍ 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. സോളര്‍ പാനലുകള്‍ റോഡിന്റെ ഉപരിതലത്തില്‍ നിന്ന് 7 മീറ്റര്‍ ഉയരത്തിലായി സ്ഥാപിക്കണം.

രമ്യ ഹരികുമാർ
1 min read|12 Mar 2025, 10:19 am
dot image

സംസ്ഥാനം വേനല്‍ച്ചൂടില്‍ പൊള്ളിത്തുടങ്ങി. പല ജില്ലകളിലും ജാഗ്രത മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കഠിനമായ വേനലായിരിക്കും ഇത്തവണയെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുത ഉപഭോഗവും അതിനനുസരിച്ച് വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ വെല്ലുവിളിയെ നേരിടാന്‍ കേരളം എത്രത്തോളം സജ്ജമാണ് എന്ന് ചിന്തിക്കുന്നതിനൊപ്പം നാം ചേര്‍ത്തുവായിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. ഇതുപോലൊരു മാര്‍ച്ചില്‍ 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പള്ളിവാസല്‍ എക്‌സ്റ്റന്‍ സ്‌കീമിന്റെ ഉദ്ഘാടനം നടത്താന്‍ പോലും കേരളത്തിന് സാധിച്ചിട്ടില്ല. പള്ളിവാസല്‍ മാത്രമല്ല ഭൂതത്താന്‍ കെട്ട്, വഞ്ചിയം പദ്ധതികളുള്‍പ്പെടെ ഇനിയുമേറെ പദ്ധതികള്‍ ഇഴഞ്ഞുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളോളം മുടങ്ങിക്കിടക്കുകയും നീണ്ടുപോവുകയും ചെയ്യുന്ന ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിനുണ്ടാക്കുന്നത് ഭീമമായ സാമ്പത്തിക നഷ്ടം മാത്രമല്ല..ഊര്‍ജനഷ്ടം കൂടിയാണ്. പള്ളിവാസല്‍ മുന്‍ പ്രൊജക്ട് മാനേജര്‍ ജേക്കബ് ജോസ് സംസാരിക്കുന്നു.

2007 മാര്‍ച്ചില്‍ പണി തുടങ്ങിയ 60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം, 18 വര്‍ഷം തികച്ചിരിക്കുന്നു, പദ്ധതി ഉദ്ഘാടനം നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല..

2007, മാര്‍ച്ച് - ഒന്നാം തീയതിയാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കരാര്‍ അനുസരിച്ച് നാല് വര്‍ഷം കൊണ്ട്, അതായത് 2011 മാര്‍ച്ച് ഒന്നാം തീയതി പണി പൂര്‍ത്തിയാക്കി, കമ്മീഷന്‍ ചെയ്ത് കെഎസ്ഇബിക്ക് കൈമാറണമായിരുന്നു. 17 വര്‍ഷവും 109 ദിവസവും കഴിഞ്ഞ്, ജൂണ്‍ മാസം പതിനെട്ടാം തീയതി, ടണലില്‍ വെള്ളം നിറയ്ക്കാന്‍ തുടങ്ങി. പിന്നീട് 28.08.2024-ന് വിജയകരമായി മെക്കാനിക്കല്‍ സ്പിന്നിങ്ങും നടത്തി. നാലുവര്‍ഷംകൊണ്ട് തീരേണ്ട പ്രോജക്ട് 18 വര്‍ഷവും കടന്നു മുന്നോട്ടു പോയതുകൊണ്ട്, കെഎസ്ഇബിക്കും, സംസ്ഥാന ഖജനാവിനും വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 60 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി ഒരു ദിവസം 15 ലക്ഷം യൂണിറ്റ് കറണ്ട് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഒരു യൂണിറ്റ് കറണ്ടിന് 5 രൂപ നിരക്കില്‍ കൂട്ടിയാല്‍ പോലും പ്രതിദിന ഉല്‍പ്പാദന നഷ്ടം 75 ലക്ഷം രൂപ. അതോടൊപ്പം ഈ 14 വര്‍ഷത്തെ കാലതാമസത്തിനിടെ ഉണ്ടായ സ്ഥിര ചെലവുകള്‍, സ്റ്റാഫിന്റെ ശമ്പളം, പലിശ തിരിച്ചടവ്, നിര്‍മ്മാണ ചിലവിലെ വര്‍ദ്ധന തുടങ്ങിയവയും ചേര്‍ത്താല്‍ ഒരു ദിവസത്തെ നഷ്ടം ഏറ്റവും ചുരുങ്ങിയത് ഒരു കോടി രൂപ എന്ന് കണക്കാക്കാം. 250 കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിച്ചിരുന്നിടത്ത് ഇപ്പോള്‍ നിര്‍മ്മാണ ചെലവ് 600 കോടി രൂപ കവിഞ്ഞിരിക്കുകയാണ്.

ഓരോ ദിവസവും നിത്യ ചെലവിന് 100 കോടി രൂപയിലേറെ കടം എടുക്കുന്ന കേരള സര്‍ക്കാരിന് വലിയൊരു ബാധ്യതയാണ് കെഎസ്ഇബി ഉണ്ടാക്കി വെച്ചിരിക്കുന്നത്. ഈ പദ്ധതി ഒരു 'അബാന്‍ഡന്‍ഡ് പ്രോജക്ട്' എന്ന പേരിലായിരുന്നു കെഎസ്ഇബി വൃത്തങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ആ സന്ദര്‍ഭത്തിലാണ് പ്രസ്തുത പദ്ധതിയുടെ പ്രധാന കോണ്‍ട്രാക്ടറുടെ പ്രോജക്ട് മാനേജര്‍ ആയിരുന്ന തനിക്ക് കേരള ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്. 2017 നവംബര്‍ മാസത്തില്‍, മുടങ്ങിക്കിടക്കുന്ന 8 പദ്ധതികളുടെ കാര്യത്തില്‍ ഇടപെടണം എന്ന് അപേക്ഷിച്ചുകൊണ്ട്, ഒരു പൊതു താല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഡബ്ലിയു.പി.സി. 33239/2017 എന്ന ഹര്‍ജിയില്‍, ഹൈക്കോടതിയുടെ അനുകൂല ഇടപെടല്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ പള്ളിവാസല്‍ പദ്ധതി ഏകദേശം പൂര്‍ത്തിയായിരിക്കുന്നത്. ഇനിയും ഭൂതത്താന്‍കെട്ടില്‍ 24 മെഗാവാട്ട് പദ്ധതി, 85 മില്യണ്‍ യൂണിറ്റിന്റെ ചെങ്കുളം ഓഗ്മെന്റേഷന്‍ സ്‌കീം, വഞ്ചിയത്ത് മൂന്ന് മെഗാവാട്ട് പദ്ധതി തുടങ്ങിയവയും പൂര്‍ത്തിയാകാന്‍ ബാക്കിയാണ്. ഇതില്‍ വഞ്ചിയം പദ്ധതി മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായിരുന്നു. 1993-ലായിരുന്നു നിര്‍മ്മാണം തുടങ്ങിയത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.

ജേക്കബ് ജോസ്

60 മെഗാവാട്ടിന്റെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം മുടങ്ങി കിടന്നത് കൊണ്ട് ഉണ്ടായ നഷ്ടങ്ങള്‍ വിശദീകരിക്കാമോ?

നേരത്തെ സൂചിപ്പിച്ചതുപോലെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം 14 വര്‍ഷം വൈകിയത് കൊണ്ട് നമുക്ക് പ്രത്യക്ഷത്തില്‍, ഒരു ദിവസം ഒരു കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അതിനുപുറമേ ഒരു പ്രധാനപ്പെട്ട കാര്യം, കറന്റ് എടുത്തതിനു ശേഷം ഈ വെള്ളം ചെങ്കുളം റിസര്‍വോയറില്‍ എത്തിച്ച്, വെള്ളത്തൂവലിലുള്ള ചെങ്കുളം പവര്‍ഹൗസില്‍ തത്തുല്യമായ കറണ്ട് ഉത്പാദിപ്പിക്കാമായിരുന്നു. അതിനുപകരം വെള്ളം മുതിരപ്പുഴയാറിലൂടെ നേരെ ഒഴുകി കല്ലാര്‍കുട്ടി റിസര്‍വോയറില്‍ എത്തുകയായിരുന്നു. അങ്ങനെ ചെങ്കുളം പവര്‍ഹൗസില്‍ പ്രതിദിനം 75 ലക്ഷം രൂപയുടെ ഉല്‍പാദന നഷ്ടം കൂടി ഉണ്ടായിട്ടുണ്ട്. 37.5 മെഗാവാട്ടിന്റെ പള്ളിവാസലിലെ പഴയ പവര്‍ഹൗസില്‍ ഇപ്പോള്‍ ഉല്‍പാദനം വെറും 20.4 മെഗാവാട്ട് മാത്രമേ ഉള്ളൂ. 80 വര്‍ഷത്തിലേറെ പഴക്കമുള്ള നാല് പെന്‍സ്റ്റോക്ക് പൈപ്പുകളാണ് പഴയ ഹൗസിലേക്ക് പോകുന്നത്. അവ കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച അവസ്ഥയിലാണ്. അതില്‍ തന്നെ കൂടുതല്‍ ലീക്കേജ് കാണപ്പെട്ട രണ്ട് പൈപ്പുകള്‍ അനേക വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം പൂര്‍ത്തിയായതിന് ശേഷം മാത്രമേ, അതിന്റെ മെയിന്‍ പൈപ്പില്‍ നിന്ന് പഴയ പവര്‍ ഹൗസിലേക്ക് 1.6 മീറ്റര്‍ വ്യാസമുള്ള ഒരു പൈപ്പ് കണക്ഷന്‍ കൊടുത്തുകൊണ്ട് പഴയ 4 പൈപ്പുകള്‍ ഉപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ പള്ളിവാസലിലെ പഴയ പവര്‍ഹൗസില്‍ പ്രതിദിന ഉല്‍പാദന നഷ്ടം 17.1 മെഗാവാട്ട്, അതിനു തത്തുല്യമായി ചെങ്കുളം പവര്‍ഹൗസിലും 17.1 മെഗാവാട്ട് ഉല്‍പ്പാദന നഷ്ടം ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം കൂട്ടി ചേര്‍ത്താല്‍ ഒരു ദിവസത്തെ ഉല്‍പാദന നഷ്ടം 46.3 ലക്ഷം യൂണിറ്റ് എന്ന് കണക്കാക്കാം. തത്ഫലമായി പ്രതിദിനം ചുരുങ്ങിയത് രണ്ടു കോടി രൂപയുടെ ഉല്പാദന നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ ഭീമമായ നഷ്ടം ആര് നികത്തും?

കഴിഞ്ഞ വര്‍ഷത്തെ വേനല്‍ക്കാലത്ത് വലിയ പ്രതിസന്ധിയിലൂടെ ആണല്ലോ നമ്മള്‍ കടന്നു പോയത്. വേനല്‍ തുടങ്ങിക്കഴിഞ്ഞു. പല ജില്ലകളിലും യെല്ലോ അലര്‍ട്ട് ഉള്‍പ്പെടെ പ്രഖ്യാപിച്ചുതുടങ്ങി. ഇത്തവണയും കേരളം കൊടുചൂടില്‍ ഉരുകുമെന്ന് ഉറപ്പാണ്. വൈദ്യുതി ഉപയോഗം വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. കേരളം ഈ വെല്ലുവിളിയെ എങ്ങനെ നേരിടും?

2023-ല്‍ സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ച 29,994മില്യണ്‍ യൂണിറ്റ് കറണ്ടില്‍, 23298 മില്യന്‍ യൂണിറ്റും പുറമേനിന്ന് വാങ്ങിച്ചതായിരുന്നു. 77.7 ശതമാനം വരുന്ന ഈ പവര്‍ പര്‍ച്ചേസിനായി 13200 കോടി രൂപ സംസ്ഥാനത്തിന് പുറത്തേക്ക് ഒഴുകി. നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 2200 മെഗാവാട്ടും, തെര്‍മല്‍ സ്റ്റേഷനുകളില്‍ നിന്ന് 700 മെഗാവാട്ടും, കാറ്റാടിയില്‍ നിന്ന് 70 മെഗാവാട്ടും, സോളറില്‍ നിന്ന് 1000 മെഗാവാട്ടും അടക്കം 3970 മെഗാവാട്ട് ആണ് മൊത്തം ഉല്‍പ്പാദന ശേഷി. എന്നാല്‍ ഈ വേനല്‍ കാലത്ത് വൈകുന്നേരം ആറുമണി മുതല്‍ രാത്രി രണ്ടു മണി വരെയുള്ള പീക്ക് അവേഴ്‌സില്‍, ലോഡ് അസാധാരണമാം വിധത്തില്‍ 6000 മെഗാവാട്ട്, അതായത് 11 കോടി യൂണിറ്റ് വരെ കയറി.

ഇനി മുമ്പോട്ട് വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയെ ഉള്ളൂ. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമേ, എയര്‍കണ്ടീഷണറുകള്‍ സര്‍വ്വവ്യാപിയാകും. 80- കളില്‍ വാഷിംഗ് മെഷീന്‍ ഏതു രീതിയിലാണോ പ്രചരിച്ചത് അതുപോലെ, കേരളത്തില്‍ അങ്ങോളമിങ്ങോളം വീടുകളില്‍ എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിക്കപ്പെടും. പ്രാര്‍ത്ഥനാലയങ്ങളും, ഹോളുകളും, കടകളും എയര്‍കണ്ടീഷനിങ്ങിലേക്ക് മാറും. ഗ്യാസ് സ്റ്റൗവിന് പകരം ഇലക്ട്രിക് കുക്കിംഗ് റേഞ്ചുകള്‍ ഉപയോഗത്തില്‍ വരും. വെറും 6 വര്‍ഷത്തിനുള്ളില്‍ ഇപ്പോഴുള്ള പതിനൊന്നു കോടി യൂണിറ്റ് ലോഡ്, 20 കോടി യൂണിറ്റിലേക്ക് കയറും. ഇപ്പോഴുള്ള ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് ഈ വര്‍ദ്ധനവിനെ താങ്ങാന്‍ ശേഷിയുള്ളതാണ് എന്നാണ് മനസ്സിലാക്കുന്നത്. അതിനാല്‍ നമുക്ക് ഉല്‍പാദനശേഷിയാണ് വര്‍ദ്ധിപ്പിക്കേണ്ടത്. അതിനുപുറമേ വിതരണ രംഗത്തെ കപ്പാസിറ്റിയും ഇരട്ടിപ്പിക്കണം, പ്രത്യേകിച്ചും ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി. ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ ഉടനെ തന്നെ സ്ഥാപിക്കണം. നഗരങ്ങളിലും, പട്ടണങ്ങളിലും വൈദ്യുതി വിതരണ ലൈനുകള്‍ ഭൂമിക്ക് അടിയിലേക്ക് മാറ്റി സ്ഥാപിക്കണം. ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി വിതരണ ലൈനുകള്‍ ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ എന്ന കൂടുതല്‍ മെച്ചപ്പെട്ട സംവിധാനത്തിലേക്ക് മാറ്റണം.

കേരളത്തിലെ ഉല്‍പാദന രംഗത്തെ കുറവ്, പ്രത്യേകിച്ചും പീക്ക് ലോഡ് സമയത്തെ കമ്മി എങ്ങനെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്?

ഇപ്പോള്‍ കേരളത്തിലെ ഉല്‍പാദനശേഷി 4000 മെഗാ വാട്ടിന് ചുവടെയാണ്. 2030 ആകുമ്പോഴേക്കും നമുക്ക് 10000 മെഗാവാട്ട് ഉല്‍പാദനശേഷി ആവശ്യമുണ്ട്. ഇത് കണ്ടെത്താന്‍ നാല് മാര്‍ഗ്ഗങ്ങളാണ് നമ്മുടെ മുമ്പില്‍ ഉള്ളത്.

1) ചെറുകിട ജലവൈദ്യുത പദ്ധതികള്‍ - 500 മെഗാവാട്ട്,
2) പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റുകള്‍ - 1000 മെഗാവാട്ട്,
3) സോളര്‍ പദ്ധതികള്‍ പ്രത്യേകിച്ചും റോഡ് ടോപ്പ് സോളര്‍ പദ്ധതി - 4000 മെഗാവാട്ട്,
4) അന്യസംസ്ഥാന തെര്‍മല്‍ പ്ലാന്റ് - 2000 മെഗാ വാട്ട്.
ഇവ നാലും കൂടി ചേര്‍ത്താല്‍ 7500 മെഗാവാട്ട് ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം.

സാധാരണ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് വൈദ്യുതി ഉല്‍പാദനത്തിനുശേഷം പുറന്തള്ളുന്ന ജലത്തെ പകല്‍ സമയത്ത് തിരിച്ച് പമ്പ് ചെയ്തു കയറ്റുകയും, രാത്രിയില്‍ പീക്ക് ലോഡ് സമയത്തേക്ക് മാത്രമായി ഇതില്‍നിന്ന് കൂടുതല്‍ കറണ്ട് ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ് പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റുകളുടെ പ്രവര്‍ത്തന തത്വം. സംസ്ഥാനത്ത് 9 സ്ഥാനങ്ങളില്‍ ആയി 2000 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയും എന്നാണ്, പ്രാരംഭ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതില്‍ തന്നെ വയനാട്ടിലെ മഞ്ഞപ്പാറയില്‍ 30 മെഗാവാട്ട് പ്ലാന്റും, ഇടുക്കി ജില്ലയിലെ മുതിരപ്പുഴയില്‍ 100 മെഗാവാട്ട് പ്ലാന്റും, പൈലറ്റ് പദ്ധതിയായി സ്ഥാപിക്കാനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. ഇവ എത്രയും വേഗം നിര്‍മ്മാണം തുടങ്ങണം. നിലവിലുള്ള കെഎസ്ഇബി സിവില്‍ വിഭാഗത്തിന് ഇത്തരം പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ശേഷിയില്ല. അതുകൊണ്ടുതന്നെ പദ്ധതി നിര്‍വ്വഹണം പൂര്‍ണ്ണമായും മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണം.

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ആറുവരി പാതയാണ് എന്‍എച്ച് - 66. ഈ പാതയുടെ മൊത്തം വിസ്തീര്‍ണ്ണം 12500 ഏക്കര്‍ ആണ്. രണ്ടര ഏക്കര്‍ സ്ഥലത്തുനിന്ന് ഒരു മെഗാവാട്ട് സോളര്‍ പവര്‍ ലഭിക്കും. അതനുസരിച്ച് എന്‍എച്ച് - 66 നു മുകളില്‍ സോളര്‍ പാനലുകള്‍ നിരത്തിയാല്‍ 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. സോളര്‍ പാനലുകള്‍ റോഡിന്റെ ഉപരിതലത്തില്‍ നിന്ന് 7 മീറ്റര്‍ ഉയരത്തിലായി സ്ഥാപിക്കണം. പവര്‍ സ്റ്റോറേജിന്റെയും, റോഡിന്റെ കിടപ്പിന്റെയും, നദികളുടെയും മറ്റും പരിമിതികള്‍ ഉള്ളതിനാല്‍, റോഡ് ടോപ്പ് സോളറിന്റെ ഉത്പാദനശേഷി 4000 മെഗാവാട്ട് എന്ന് കണക്കാക്കാം. എങ്കിലും സ്ഥലപരിമിതിയുള്ള കേരളത്തില്‍ ഇത് നല്ലൊരു നിര്‍ദ്ദേശമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടനടി തീരുമാനമെടുക്കേണ്ടതുണ്ട്. കാരണം ഇപ്പോള്‍ എന്‍എച്ച് 66 നിര്‍മ്മാണം പൂര്‍ണതോതില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ വേണം മേല്‍പ്പറഞ്ഞ റോഡ് ടോപ്പ് സോളര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ട്രക്ച്ചറല്‍ സപ്പോര്‍ട്ടിന് വേണ്ടിയുള്ള ഇന്‍സര്‍ട്ട് മെമ്പര്‍ കോണ്‍ക്രീറ്റില്‍ തന്നെ പിടിപ്പിക്കാന്‍.

സംസ്ഥാനത്തെ കറന്റിന്റെ അടിസ്ഥാന ആവശ്യം (ബേസ് ലോഡ്) പരിഹരിക്കണമെങ്കില്‍ ചുരുങ്ങിയത് 2000 മെഗാവാട്ട് ശേഷിയുള്ള ഒരു തെര്‍മ്മല്‍ പ്ലാന്റോ, ന്യൂക്ലിയര്‍ പ്ലാന്റോ സ്ഥാപിക്കണം. കേരളത്തിലെ സ്ഥലപരിമിതിയും, പരിസ്ഥിതി സംബന്ധമായ പ്രശ്‌നങ്ങളും നിമിത്തം അത് ഇവിടെ സ്ഥാപിക്കാന്‍ സാധിക്കില്ല. അത്തരം ഒരു സാഹചര്യത്തില്‍, ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ്, ഒഡീഷ തുടങ്ങിയ ഏതെങ്കിലും സംസ്ഥാനത്ത് ഒരു തെര്‍മല്‍ പ്ലാന്റ് സ്ഥാപിക്കണം. അവിടെ നാഷണല്‍ ഗ്രിഡില്‍ കൊടുക്കുന്ന വൈദ്യുതി നമുക്ക് ഇവിടെ ലഭിക്കും. പ്രസ്തുത തെര്‍മ്മല്‍ പ്ലാന്റ് കല്‍ക്കരിപ്പാടങ്ങളുടെ തൊട്ടടുത്ത്, അതായത് പിറ്റ് ഹെഡിലാണ് സ്ഥാപിക്കേണ്ടത്. മുമ്പ് ഈ നിര്‍ദ്ദേശം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും, തുടര്‍ നടപടികളുടെ അഭാവത്തില്‍ അത് മുമ്പോട്ട് നീങ്ങിയില്ല. എങ്കിലും ഇപ്പോള്‍ അന്യസംസ്ഥാന തെര്‍മല്‍ പ്ലാന്റിന് അനുകൂല സ്ഥിതി യാണുള്ളത്.

കേരളത്തിലെ മുടങ്ങിക്കിടക്കുന്ന ഭൂതത്താന്‍ കെട്ട് പോലെയുള്ള മറ്റ് ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സ്ഥിതിയെന്താണ്?

'സേവ് സ്മോള്‍ ഹൈഡല്‍ പ്രോജക്ട്‌സ്, സേവ് കേരള' എന്ന പവര്‍ പ്രൊഫഷണലുകളുടെ ഫേസ്ബുക്ക് കൂട്ടായ്മ തയ്യാറാക്കിയ 126 ചെറുകിട ജലവൈദ്യുത പദ്ധതികളുടെ ലിസ്റ്റ് 'ടണല്‍ അറ്റ് പള്ളിവാസല്‍' എന്ന പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ മൊത്തം ശേഷി 777 മെഗാ വാട്ടാണ്. ഇതില്‍നിന്ന് 40 മെഗാവാട്ട് കുറഞ്ഞു, കാരണം 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ ഈയിടെ ഉദ്ഘാടനം ചെയ്തല്ലോ. മിച്ചമുള്ള 125 ചെറുകിട ജല വൈദ്യുത പദ്ധതികളുടെ കൃത്യമായ വിവരം, പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കണം. ഇവയില്‍ നിന്ന് കെഎസ്ഇബിക്ക് താല്പര്യമുള്ള പദ്ധതികള്‍ അവര്‍ക്കായി നീക്കി വെക്കണം. മിച്ചമുള്ള പദ്ധതികള്‍ കേരളത്തിലെ ജില്ലാ പഞ്ചായത്തുകള്‍ക്കും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കും, മറ്റ് പ്രൈവറ്റ് കമ്പനികള്‍ക്കും നല്‍കണം. എങ്കില്‍ അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്ന് 500 മെഗാവാട്ട് ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

കെ.എസ്.ഇ.ബിയെ സ്വകാര്യവല്‍ക്കരിക്കണം എന്നുള്ള ആവശ്യങ്ങള്‍ ഉയരുന്നുണ്ടല്ലോ? എന്താണ് താങ്കളുടെ അഭിപ്രായം

കെ.എസ്.ഇ.ബിയെ സ്വകാര്യവല്‍ക്കരിക്കരുത് എന്നാണ് എന്റെ അഭിപ്രായം. സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമായി അതിനെ നിലനിര്‍ത്തണം. എങ്കിലും ഊര്‍ജ്ജരംഗത്ത് മത്സരം കൊണ്ടുവന്നാല്‍ മാത്രമേ ഗുണനിലവാരം ഉയരുകയും, നിരക്ക് കുറയുകയും ചെയ്യുകയുള്ളൂ. ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ കെഎസ്ഇബി തികഞ്ഞ പരാജയമാണ്. കെ.എസ്.ഇ.ബി.യില്‍ 851 സിവില്‍ എന്‍ജിനീയര്‍മാരാണ് ജോലി ചെയ്യുന്നത്. ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണമാണ് ഇവരുടെ പ്രധാന ചുമതല. ഓരോ വര്‍ഷവും 250 മെഗാവാട്ടിന് തത്തുല്യമായ ഉപഭോഗം, സംസ്ഥാനത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഉപയോഗിച്ച 29994 ദശലക്ഷം യൂണിറ്റ് വൈദ്യുതിയില്‍, 23300 ദശലക്ഷം യൂണിറ്റും പുറമേ നിന്ന് വാങ്ങിയതാണ്. അതായത് മൊത്തം ഉപഭോഗത്തിന്റെ വെറും 22.3% മാത്രമാണ് ആഭ്യന്തര ഉല്‍പാദനം. അത്യന്തം ഗൗരവതരമായ ഈ സാഹചര്യത്തിലും, കഴിഞ്ഞ 14 വര്‍ഷം കൊണ്ട് 851 സിവില്‍ എന്‍ജിനീയര്‍മാര്‍ കൂട്ടിച്ചേര്‍ത്ത ഉത്പാദനശേഷി വെറും 99 മെഗാവാട്ട് മാത്രമാണ്. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ വൈദ്യുത പ്രതിസന്ധിയുടെയും, സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന്റെയും മൂലകാരണം, സിവില്‍ എഞ്ചിനീയറിങ് വിഭാഗമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക് കൂടുതല്‍ ജോലികള്‍ ഏല്‍പ്പിച്ചു കൊടുക്കാനാവില്ല. അതുകൊണ്ടാണ് ഉല്‍പ്പാദന രംഗത്തും, വിതരണ രംഗത്തും പ്രൈവറ്റ് കമ്പനികളെ കൂടി കൊണ്ടു വരേണ്ടത്.

Content Highlights: Abandoned Power Dreams: Can Road-Top Solar Rescue Kerala from Summer Heat Amidst Unfinished Small Hydropower Projects?

dot image
To advertise here,contact us
dot image