
ഡോക്ടറാകണമെന്നായിരുന്നു സാവിത്രിയുടെ ആഗ്രഹം. നൃത്തവും പാട്ടും പഠനവുമായിരുന്നു സാവിത്രിയുടെ ജീവന്‍. 1996ല്‍ എസ്എസ്എല്‍സിക്ക് 600ല്‍ 377 മാര്‍ക്കും നേടി ഫസ്റ്റ്ക്ലാസോടെ പാസ്സായ സാവിത്രി വീട്ടുകാരോട് പറഞ്ഞത് തനിക്ക് ഡോക്ടറാകണമെന്നാണ്. എസ്എസ്എല്‍സിക്ക് ഫസ്റ്റ്ക്ലാസ് വാങ്ങി നാട്ടിലെ താരമായ ആ പെണ്‍കുട്ടി അങ്ങനെ സ്വപ്‌നം കണ്ടില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ. 210 വാങ്ങി പത്താംതരം ജയിക്കാന്‍ തന്നെ പാടുപെടുന്നവര്‍ക്കിടയില്‍ ആ 377ന് തിളക്കമേറെയായിരുന്നു.
കാസര്‍കോട്ട് ചെറുവത്തൂര്‍ വെങ്ങാട്ട് മുണ്ടവളപ്പില്‍ കെ.പി.അമ്പുവിന്റെയും എം.വി.വട്ടിച്ചിയുടെയും മകളായാണ് സാവിത്രിയുടെ ജനനം. നാലുപെണ്‍മക്കളില്‍ ഇയളയവള്‍. അച്ഛനെ കണ്ട ഓര്‍മപോലും ആ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ല. വീട്ടിലെ കഷ്ടപ്പാടുകളൊന്നും അറിയിക്കാതെ അവളെ അമ്മ വട്ടിച്ചിയും ചേച്ചിമാരും ചേര്‍ന്ന് വളര്‍ത്തി. മിടുക്കിയായിരുന്ന അവളുടെ സ്വപ്‌നങ്ങള്‍ക്ക് നിശ്ചയദാര്‍ഢ്യം കരുത്തേകി. എസ്എസ്എല്‍സി നല്‍കിയ വിജയ പ്രതീക്ഷയില്‍ ഡോക്ടറെന്ന സ്വപ്‌നത്തിന് ചിറകുനല്‍കാനാണ് പ്രീഡിഗ്രിക്ക് അവള്‍ സയന്‍സ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച കോളജായ നെഹ്‌റു കോളജില്‍ തന്നെ അവള്‍ക്ക് പ്രവേശനവും ലഭിച്ചു. പക്ഷെ ആ സ്വപ്‌നങ്ങളുടെ ആയുസ്സ് 3 ദിവസം മാത്രമായിരുന്നു.
കോളജിലെ അന്തരീക്ഷം ആ നാട്ടിന്‍പുറത്തുകാരിയുടെ ചിന്തകള്‍ക്കപ്പുറമായിരുന്നു. റാഗിങ് ആചാരമായിരുന്ന, നിയന്ത്രണങ്ങളൊന്നുമില്ലാതിരുന്ന അക്കാലത്ത് റാഗിങ്ങിന് സാവിത്രി ഇരയായി. സാവിത്രിക്കന്ന് 16 വയസ്സ്. മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ഇടപെടലുകള്‍ താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. ഏറെ മോഹിച്ചെത്തിയ കോളജില്‍ പോകാന്‍ തന്നെ സാവിത്രി മടിച്ചു. റാഗിങ് അവളുടെ ലോകത്തെ നിറങ്ങളെല്ലാം മായ്ച്ചുകളഞ്ഞു. ഒട്ടും താല്പര്യമില്ലാതെ രണ്ടാംദിവസം കോളജിലേക്കിറങ്ങിയ സാവിത്രി മൂന്നാംനാള്‍ ഉറപ്പിച്ചു പറഞ്ഞു..ഇനി കോളജിലേക്കില്ല! കതകടച്ച് അവള്‍ മുറിക്കുള്ളിലിരുപ്പായി. കഴുത്തില്‍ സ്‌റ്റെതസ്‌കോപ്പണിഞ്ഞ് രോഗികള്‍ക്ക് ആശ്വാസമാകേണ്ടിയിരുന്നയാള്‍ മാനസിക നില കൈവിട്ട് ലോകത്തെ ഭയന്ന് മുറിക്കുള്ളിലേക്കൊതുങ്ങി. കോളജില്‍ സംഭവിച്ചതെന്തെന്നറിയാതെ സാധാരണക്കാരായ വീട്ടുകാരും കുഴങ്ങി. എന്താണ് സംഭവിച്ചതെന്നതിന് കൂട്ടുകാര്‍ക്കും കോളജ് അധികൃതര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. റാഗിങ്ങിനെ കുറിച്ച് അറിവില്ലാത്ത സാവിത്രിയുടെ കുടുംബമാകട്ടെ പരാതികൊടുക്കാനും പോയില്ല.റാഗിങ് നിരോധന നിയമവും അന്നുണ്ടായിരുന്നില്ല. പാട്ടും നൃത്തവും പുസ്തങ്ങള്‍ പോലും അവള്‍ക്കന്യമായി. നാള്‍ക്കുനാള്‍ അവളുടെ പ്രശ്‌നങ്ങള്‍ കൂടിക്കൂടി വന്നു. ഒടുവില്‍ ചികിത്സ ആരംഭിച്ചു.
ചികിത്സയ്ക്കും തുടക്കത്തില്‍ അവളെ മടക്കിക്കൊണ്ടുവരാന്‍ സാധിച്ചില്ല. ആത്മഹത്യാശ്രമം നടത്തുക പതിവായി. വീട്ടില്‍ നിന്നുള്ള ഇറങ്ങിപ്പോക്കും. സ്വയം മുറിയടച്ചിരുന്നവളെ എന്നന്നേക്കുമായി മുറിയില്‍ പൂട്ടാന്‍ വീട്ടുകാരും നിര്‍ബന്ധിതരായി. പക്ഷെ അവിടെയും അപകടം പതിയിരുന്നിരുന്നു. സ്വന്തം കണ്ണവള്‍ പിഴുതെടുത്തു. നിറങ്ങള്‍ നഷ്ടപ്പെട്ടവളുടെ ലോകം അതോടെ ഇരുളടഞ്ഞതായി. ഇതോടെ ചികിത്സ ആശുപത്രിയിലേക്ക് മാറ്റി. മകളെ കൂടെക്കൂട്ടാന്‍ നിവൃത്തിയില്ലാത്ത കുടുംബമായതിനാല്‍ തിരുവനന്തപുരത്ത് അഭയത്തിലും മഞ്ചേശ്വരത്തിലെ സ്‌നേഹാലയത്തിലുമായിരുന്നു തുടര്‍ന്നുള്ള സാവിത്രിയുടെ ജീവിതം. സിനിമാക്കഥയേക്കാള്‍ വെല്ലുന്ന ജീവിതത്തിനൊടുവില്‍ നെഞ്ചുരക്കത്തിന്‍റെ ഓര്‍മകള്‍ ബാക്കിവച്ച് സാവിത്രി മരണത്തിന് കീഴടങ്ങി.ന്യൂമോണിയ ബാധയെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സാവിത്രി ലോകത്തോട് വിടപറഞ്ഞത്. റാഗിങ്ങും വിദ്യാര്‍ഥികള്‍ക്കിടയിലെ കുറ്റകൃത്യങ്ങളുമെല്ലാം വീണ്ടും ചര്‍ച്ചയാകുന്ന ഇക്കാലത്ത് സാവിത്രിയുടെ ജീവിതം ഒരു ഓര്‍മപ്പെടുത്തലാണ്..ഇല്ലാതാക്കരുത് ജീവിതം, സ്വപ്നങ്ങളും.
Content Highlights: College Ragging Victim Savithri Life Story