
ഒന്‍പതുമാസം നീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ഒടുവില്‍ ശുഭപര്യവസാനം. ഇന്ത്യന്‍ സമയം 3.40ന് ഫ്‌ളോറിഡ തീരത്തിന് സമീപം സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും നിക് ഹേഗിനെയും അലക്‌സാണ്ടര്‍ ഗോര്‍ബുനോവിനെയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം കടല്‍ തൊട്ടു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം പ്രവേശിക്കുന്നത് മുതല്‍ നെഞ്ചിടിപ്പോടെയും ആഹ്ലാദത്തോടെയും ആവേശത്തോടെയും ആ തത്സമയ ദൃശ്യങ്ങള്‍ നോക്കിയിരുന്ന ലോകം നെടുനിശ്വാസമുതിര്‍ത്തത് അവര്‍ സുരക്ഷിതരാണെന്ന ചിത്രം കാണുന്നതോടെയാണ്. സുനിതയെയും ബുച്ചിനെയും പേടകത്തില്‍ നിന്ന് പുറത്തിറക്കുന്നതും ചിരിയോടെ സുനിത പ്രതികരിക്കുന്നതും കണ്ടതോടെ ആ സന്തോഷം ഇരട്ടിയായി. സുനിതയുടെയും ബുച്ചിന്റെയും തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ ചില ശാസ്ത്രപ്രേമികളെങ്കിലും ഓര്‍ക്കുന്ന ഒരു ദുരന്തമുണ്ടാകും. സോയൂസ് 11 ദുരന്തമെന്ന് അറിയപ്പെടുന്ന 1971ലെ ആ സംഭവം. മൂന്നു ബഹിരാകാശ യാത്രികരാണ് ബഹിരാകാശത്ത് വച്ച് കൊല്ലപ്പെട്ടത്. ബഹിരാകാശത്തുവച്ച് യാത്രികര്‍ കൊല്ലപ്പെട്ട ഏക സംഭവവും അതായിരുന്നു.
1971 ഏപ്രിലിലാണ് ആദ്യ ബഹിരാകാശ നിലയം സ്ഥാപിക്കപ്പെടുന്നത്. അത് റഷ്യയുടേതായിരുന്നു. സോവിയറ്റ് യൂണിയനും യുഎസും തമ്മിലുളള ബഹിരാകാശ മത്സരം കടുത്ത കാലത്താണ് സല്യൂട്ട് ഒന്ന് എന്ന പേരില്‍ ബഹിരാകാശ നിലയം നിര്‍മിച്ചത്. എന്നാല്‍ സല്യൂട്ട് OST-I ടെലിസ്‌കോപ് കവര്‍ പുറന്തള്ളുന്നതില്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബഹിരാകാശ യാത്രികരെ ഈ തകരാര്‍ പരിഹരിക്കുന്നതിനായി ബഹിരാകാശ നിലയത്തില്‍ എത്തിക്കാന്‍ റഷ്യ തീരുമാനിച്ചു. അങ്ങനെ ഏപ്രില്‍ 23ന് സോയൂസ് 10ല്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്രികരുടെ സംഘം പുറപ്പെട്ടു. എന്നാല്‍ ഡോക്കിങ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കാതെ സംഘം ഭൂമിയിലേക്ക് തിരികെ വരികയായിരുന്നു. തുടര്‍ന്നാണ് സോയൂസ് 10 ദൗത്യത്തില്‍ ഉണ്ടായിരുന്നവരെ തന്നെ ഉള്‍പ്പെടുത്തി സോയൂസ് 11 ദൗത്യം ആസൂത്രണം ചെയ്യുന്നത്. എന്നാല്‍ യാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പായി സംഘത്തിലെ ഒരാളുടെ ആരോഗ്യസ്ഥിതി മോശമാകുകയും ആ സംഘത്തെ തന്നെ വീണ്ടും ബഹിരാകാശത്തേക്ക് അയയ്‌ക്കേണ്ടെന്നും തീരുമാനമായി. തുടര്‍ന്ന് ജോര്‍ജി ഡോബ്രോവോല്‍സ്‌കിസ വിക്ടര്‍ പത്സായേവ്, വ്‌ലാഡിസ്ലാവ് വോള്‍കോവ് എന്നിവര്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. സല്യൂട്ട് ഒന്നിലേക്കുള്ള യാത്രികരുമായി സോയൂസ് 11 പേടകം 1971 ജൂണ്‍ ആറിന് ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു. ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായിരുന്നു. യാത്രികര്‍ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. ബഹിരാകാശത്തെ ആദ്യ ഗൃഹപ്രവേശമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടതുപോലും. 23 ദിവസമാണ് സംഘം നിലയത്തില്‍ ഉണ്ടായിരുന്നത്.
ജൂണ്‍ 29നായിരുന്നു ഭൂമിയിലേക്കുള്ള സംഘത്തിന്റെ മടക്കം തീരുമാനിച്ചിരുന്നത്. സംഘം പേടകത്തില്‍ പ്രവേശിച്ചു. പേടകത്തെ ബഹിരാകാശ നിലയവുമായി ബന്ധിക്കുന്ന കവാടം അടയ്ക്കുന്ന ഹാച്ചിങ് ക്ലോഷര്‍ ആണ് മടക്കയാത്രയുടെ ആദ്യഘട്ടം. കവാടം യാത്രികരുടെ സംഘം അടച്ചെങ്കിലും ഹാച്ച് ഓപ്പണ്‍ എന്ന ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്ന പാനല്‍ ലൈറ്റ് അണഞ്ഞില്ല.ഇതോടെ ആശങ്കയിലായ വോള്‍ക്കോവ് ഇക്കാര്യം ഗ്രൗണ്ട് കണ്‍ട്രോളില്‍ അറിയിച്ചു. ബഹിരാകാശ നിലയവുമായി വേര്‍പെട്ടുകഴിഞ്ഞാല്‍ പിന്നെ ബഹിരാകാശത്തിലേക്കാണ് ഹാച്ച് തുറന്നിരിക്കുക.എന്തുചെയ്യണമെന്ന വോള്‍ക്കോവിന്റെ തുടര്‍ച്ചയായ ചോദ്യത്തിന് പരിഭ്രാന്തരാകേണ്ടെന്നായിരുന്നു ഗ്രൗണ്ട് കണ്‍ട്രോളില്‍ നിന്ന് ലഭിച്ച മറുപടി.' പരിഭ്രാന്തരാകരുത്, ഹാച്ച് തുറന്ന് വീലുകള്‍ ഇടതുവശത്തേക്ക് നീക്കുക. പിന്നീട് ഹാച്ച് അടച്ചതിന് ശേഷം വലതുവശത്തേക്ക് ആറുതവണ പൂര്‍ണശക്തിയോടെ തിരിക്കുക.' ഒട്ടേറെ പരിശ്രമങ്ങള്‍ക്കൊടുവില്‍ പാനല്‍ ലൈറ്റ് അണഞ്ഞു. തുടര്‍ന്ന് സംഘം ഓര്‍ബിറ്റല്‍ മൊഡ്യൂളിലെ ഹാച്ചിന്റെ മറുവശത്തുള്ള മര്‍ദ്ദം താഴ്ത്തി, ഹാച്ച് ശരിക്കും അടഞ്ഞിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡോബ്രോവോള്‍സ്‌കി അണ്‍ഡോക്കിങ് പൂര്‍ത്തിയാക്കി. ഫോട്ടോഗ്രാഫുകള്‍ എടുക്കുന്നതിനായി പേടകം സല്യൂട്ട് ചുറ്റി സഞ്ചരിച്ചു. മൂന്ന് തവണ വലംവച്ച ശേഷം മടക്കം എന്നുസൂചിപ്പിക്കുന്ന ലൈറ്റ് തെളിഞ്ഞതായി അദ്ദേഹം ഗ്രൗണ്ട് കണ്‍ട്രോളിനെ അറിയിച്ചു. 'അത് ഓണായിരിക്കട്ടെ. അത് ശരിയായാണ് തെളിഞ്ഞിരിക്കുന്നത്. ആശയവിനിമയം ഇതോടെ അവസാനിക്കുകയാണ്. ആശംസകള്‍.' എന്നായിരുന്നു അവിടെ നിന്നുള്ള മറുപടി. അതായിരുന്നു യാത്രികരുമായുള്ള അവസാന ആശയവിനിമയവും.
ഗ്രൗണ്ട് കണ്‍ട്രോളിന് ക്രൂവുമായുള്ള ആശയവിനിമയങ്ങള്‍ നഷ്ടപ്പെട്ടതോടെ ഓട്ടോമാറ്റിക് റീ-എന്‍ട്രി ആരംഭിച്ചു. നിയുക്ത ലാന്‍ഡിങ് സൈറ്റില്‍ അവരെ കാത്ത് രക്ഷാപ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു. പ്രതീക്ഷിച്ചപോലെ പേടകം പാരച്യൂട്ടിന്റെ അകമ്പടിയോടെ ഭൂമിതൊടുകയും ചെയ്തു. ദൗത്യം വിജയിച്ചെന്ന പ്രത്യാശയില്‍ പേടകത്തിന്റെ മൂടി തുറപ്പോള്‍ കണ്ടത് യാത്രികരുടെ ചേതനയറ്റ ശരീരം! പേടകത്തിനുള്ളില്‍ പെട്ടെന്നുണ്ടായ ഡിപ്രഷറൈസേഷന്‍ മൂലമാണ് ഇവര്‍ മരണപ്പെട്ടതെന്ന് നാസ ഒരു റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. അതും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതിന് വെറും 200 കിലോമീറ്ററുകള്‍ക്ക് ദൂരെ വച്ച്. പിന്നീട് സല്യൂട്ടിലേക്ക് മനുഷ്യരെ അയക്കാന്‍ റഷ്യ മടിച്ചു. സോയൂസ് പേടകം പുനര്‍രൂപകല്പന ചെയ്‌തെങ്കിലും സല്യൂട്ട് 1 ദൗത്യം പിന്നീട് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 175 ദിവസം ബഹിരാകാശത്ത് തങ്ങിയ നിലയം 1971 ഒക്ടോബര്‍ 11ന് ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുകയും പസഫിക്കിന് മുകളില്‍ വച്ച് എരിഞ്ഞുതീരുകയും ചെയ്തു.
ചിത്രങ്ങള്‍ക്ക് കടപ്പാട്- നാസ
Content Highlights: Soyuz 11 Tragedy: The tragic story of the only 3 cosmonauts who died in space