ചൈന-പാക് അതി‍ര്‍ത്തി കാക്കാന്‍ ഇന്ത്യന്‍സേനയ്ക്ക് കരുത്തായി വരുന്നു 'അത്യുഗ്രന്‍' പ്രചണ്ഡ്

ഏത് കാലാവസ്ഥയിലും ഏത് കൊടുമുടിയിലും യുദ്ധം ചെയ്യാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍, അതാണ് 'പ്രചണ്ഡ്'.

dot image

കാര്‍ഗില്‍ യുദ്ധകാലം മുതലുളള ഇന്ത്യന്‍ വ്യോമസേനയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്. ഏത് കാലാവസ്ഥയിലും ഏത് കൊടുമുടിയിലും യുദ്ധം ചെയ്യാന്‍ കഴിയുന്ന ഹെലികോപ്റ്റര്‍, അതാണ് 'പ്രചണ്ഡ്'. ഹിന്ദുസ്ഥാന്‍ എയ്റനോട്ടിക്സ് ലിമിറ്റഡില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന പ്രചണ്ഡ് ലഘുയുദ്ധ വിമാനങ്ങള്‍ ചൈന, പാകിസ്താന്‍ അതിര്‍ത്തികളിലാകും വിന്യസിക്കുക. 16,400 അടി ഉയരത്തില്‍ നിന്ന് ഇറങ്ങാനും പറന്നുയരാനും കഴിയുന്ന പ്രചണ്ഡ് ലോകത്തിലെ തന്നെ ഏക ആക്രമണ ഹെലികോപ്റ്ററാണ്. കിഴക്കന്‍ ലഡാക്കിലും സിയാച്ചിനിലും ഉള്‍പ്പെടെ വിന്യസിക്കാന്‍ ശേഷിയുളളതാണ് ഈ ഹെലികോപ്റ്ററുകള്‍. ഇവിടങ്ങളിലുള്‍പ്പെടെ വ്യത്യസ്ത ഉയരമുളള പ്രദേശങ്ങളിലായി നിരവധി തവണ പരീക്ഷണ പറക്കലുകള്‍ നടത്തിയതിനു ശേഷമാണ് ഇവ സൈന്യത്തിന് കൈമാറാനൊരുങ്ങുന്നത്.

അതിതീവ്രം, അത്യുഗ്രം എന്നാണ് പ്രചണ്ഡ് എന്ന വാക്കിന്റെ അര്‍ത്ഥം. അത്യാധുനിക മിസൈലുകള്‍ വഹിക്കാനും ടാങ്കുകള്‍, ബങ്കറുകള്‍, ഡ്രോണുകള്‍ എന്നിവയെ ആക്രമിക്കാനും ഈ കോംബാറ്റ് ഹെലികോപ്റ്ററുകള്‍ക്കാവും. 15.80 മീറ്റര്‍ നീളവും 4.70 മീറ്റര്‍ ഉയരവുമുളള പ്രചണ്ഡിന് മണിക്കൂറില്‍ 268 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനാവും. ഏത് ഭൂപ്രദേശത്തും ഏത് കാലാവസ്ഥയിലും പറന്നുയര്‍ന്ന് ശത്രുവിന്റെ വ്യോമ പ്രതിരോധം തകര്‍ക്കാന്‍ ഈ ഹെലികോപ്റ്ററുകള്‍ക്ക് കഴിയും. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത ഹെലികോപ്റ്ററുകളാണ് പ്രചണ്ഡ് എന്നതാണ് മറ്റൊരു പ്രത്യേകത. ഹെലികോപ്റ്ററിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ച 45 ശതമാനം സാമഗ്രികളും തദ്ദേശീയമാണ്.

ശത്രുവിന്റെ പ്രതിരോധ വ്യൂഹം തകര്‍ക്കാന്‍ കഴിയുമെന്ന് മാത്രമല്ല, നുഴഞ്ഞുകയറ്റം തടയാനും ഡ്രോണ്‍ ആക്രമണങ്ങള്‍ ചെറുക്കാനും കൊടുമുടികളിലെ ബങ്കറുകള്‍ തകര്‍ക്കാനുമെല്ലാം പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ക്കാകും. ശത്രുരാജ്യങ്ങളുടെ മിസൈല്‍ ആക്രമണമുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കും. രാത്രിയിലും പൈലറ്റിന് സൂഷ്മ നിരീക്ഷണം സാധ്യമാകും. ഇതിനായി ഇസ്രയേലിന്റെ നിരീക്ഷണ സംവിധാനമായ എല്‍ബിറ്റ് കോമ്പസ് ഒപ്ടോ ഇലക്ട്രോണിക് സ്യൂട്ടാണ് ഇതിനായി ഘടിപ്പിച്ചിരിക്കുന്നത്. 20 എംഎം തോക്കും 70 എംഎം റോക്കറ്റ് ലോഞ്ചറുകളും എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫേസ്, ആന്റി ടാങ്ക് മിസൈലുകളും ഉള്‍പ്പെടെ അത്യാധുനിക ആയുധ ശേഷിയും ഹെലികോപ്റ്ററിനുണ്ട്.

കര- വ്യോമ സേനകള്‍ക്കായി 156 ഹെലികോപ്റ്ററുകളാണ് കേന്ദ്രം വാങ്ങുന്നത്. 90 ഹെലികോപ്റ്ററുകള്‍ കരസേനയ്ക്കും 66 എണ്ണം വ്യോമസേനയ്ക്കും ലഭിക്കും.45,000 കോടി മുടക്കി ഹെലികോപ്റ്ററുകള്‍ വാങ്ങാനുളള കരാറിന് കേന്ദ്രമന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും. തേസമയം, അത്യാധുനിക ആര്‍ട്ടില്ലറി ഗണ്‍ സംവിധാനം വാങ്ങുന്നതിനായി 7,000 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ അധ്യക്ഷതയിലാണ് കരാര്‍ ഒപ്പുവെച്ചത്. ഭാരത് ഫോര്‍ഡ് ലിമിറ്റഡ്, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡ് എന്നിവരുമായാണ് കരാര്‍. 155എംഎം/52 കാലിബര്‍ അഡ്വാന്‍സ്ഡ് ടോവ്സ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം, ഉന്നത ക്ഷമതയുളള വാഹനങ്ങള്‍, ഗണ്‍ വാഹക വാഹനങ്ങള്‍ എന്നിവ വാങ്ങാനാണ് കരാര്‍. ഇതോടെ ഇന്ത്യന്‍ പ്രതിരോധ മേഖല കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്.

രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ സുപ്രധാന ചുവടുവയ്പ്പായിത്തന്നെ പ്രചണ്ഡിന്‍റെ വരവിനെ കണക്കാക്കാം. ഇനി അങ്ങനെയൊന്നും അതിര്‍ത്തികളില്‍ ആക്രമണം അഴിച്ചുവിടാന്‍ അയല്‍രാജ്യങ്ങള്‍ക്ക് കഴിയില്ലെന്ന് സാരം.

Content Highlights: Mega Rs 45,000 crore desi 156 combat helicopter deal likely to get Cabinet nod soon

dot image
To advertise here,contact us
dot image