
സാരേ ജഹാന്‍ സെ അച്ഛാ..!
ബഹിരാകാശത്തുനിന്ന് ഇന്ത്യയെ കാണുമ്പോള്‍ എങ്ങനെയുണ്ടെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചോദ്യത്തിന് ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു. ഇപ്പോഴിതാ ബഹിരാകാശനിലയത്തില്‍ നിന്നുള്ള ഹിമാലയത്തിന്റെ കാഴ്ചകളെ കുറിച്ച് വര്‍ണിക്കുകയാണ് ബഹിരാകാശ യാത്രികയായ സുനിത വില്യംസ്. ഇന്ത്യയെ അതിമനോഹരം എന്നാണ് സുനിത വിശേഷിപ്പിച്ചത്. 286 ദിവസത്തിനുശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിയ സുനിതയും ബുച്ച് വില്‍മോറും മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബഹിരാകാശത്തുനിന്ന് കാണുന്ന ഇന്ത്യ എങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയത്. 'ഇന്ത്യ അതിമനോഹരമാണ്. ഹിമാലയത്തിന് മുകളിലൂടെ ഞങ്ങള്‍ പോകുമ്പോഴെല്ലാം ബുച്ച് വില്‍മോറിന് ഇന്ത്യയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞു.'-സുനിതാ വില്യംസ് പറഞ്ഞു. അടുത്തുതന്നെ താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.
'ബഹിരാകാശ നിലയത്തില്‍ നിന്ന് കാണുന്ന ഇന്ത്യയുടെ ഭൂപ്രകൃതിയിലെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ അത്ഭുതപ്പെടുത്തി. കിഴക്കുനിന്ന് ഗുജറാത്ത്-മുംബൈ ഭാഗത്തേക്ക് എത്തുമ്പോള്‍ തീരത്ത് മത്സ്യബന്ധന ബോട്ടുകളുണ്ടാകും. അത് നമ്മളെ സ്വാഗതം ചെയ്യുന്നതുപോലെയാണ് തോന്നുക. രാത്രികളില്‍ ചെറിയ നഗരങ്ങളില്‍ നിന്നും വലിയ നഗരങ്ങളിലേക്കും തിരിച്ചും ബന്ധിപ്പിച്ചുകിടക്കുന്ന വൈദ്യുതി വിളക്കുകളുടെ അതിമനോഹരമായ ശ്യംഖല കാണാറുണ്ട്. ഇന്ത്യയിലേക്ക് 'ഇറങ്ങിച്ചെല്ലുന്ന' ഹിമാലയന്‍ മലനിരകളും അതിശയിപ്പിക്കുന്നതാണ്. ഇന്ത്യയെ കാണുന്നത് അകലെ ഒരു വീട് കാണുന്നതുപോലെയായിരുന്നു'- സുനിത വില്യംസ് പറഞ്ഞു.
ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയെ സഹായിക്കുമോ എന്ന ചോദ്യത്തിന്, ഒരുദിവസം ഇന്ത്യയിലേക്ക് പോകുമെന്നും കഴിയുന്നത്ര ആളുകളുമായി ഞങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യ ഒരു മികച്ച ജനാധിപത്യരാജ്യമാണ്. അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതില്‍ സന്തോഷമേയുളളു എന്നായിരുന്നു സുനിതയുടെ മറുപടി. ഗുജറാത്തിലെ ജുലാസനില്‍ നിന്നാണ് സുനിതാ വില്യംസിന്റെ പൂര്‍വ്വികര്‍ അമേരിക്കയിലേക്ക് കുടിയേറിയത്. 1972, 2007, 2013 വര്‍ഷങ്ങളില്‍ സുനിത ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
Content Highlights: How Did India Look From Space? Sunita Williams' "Himalayas, Mumbai" Answer