ഗെയിം ഓഫ് ത്രോണ്‍സിലെ ഡയര്‍ വൂള്‍ഫും പുനര്‍ജന്മവും വിവാദങ്ങളും; ഇതാണ് യാഥാര്‍ഥ്യം

വംശനാശം സംഭവിച്ച ജീവിവര്‍ഗങ്ങളുടെ പതിപ്പുകള്‍ സൃഷ്ടിക്കാന്‍ മാത്രമാണ് അവരുടെ ശ്രമം. അത് 100 ശതമാനവും ജനിതകമായി സാമ്യമുള്ളതായിരിക്കണമെന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

dot image

യര്‍വൂള്‍ഫ്..12500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ചെന്നായ വിഭാഗം. ഇത്രയും വര്‍ഷം മുന്‍പ് മണ്‍മറഞ്ഞുപോയ തൂവെള്ള രോമക്കുപ്പായമണിഞ്ഞ ഈ ചെന്നായകള്‍ നമുക്ക് സുപരിചിതരാകുന്നത് ഗെയിം ഓഫ് ത്രോണ്‍സ് എന്ന സൂപ്പര്‍ഹിറ്റ് സീരീസിലൂടെയാണ്. അതുകൊണ്ടുതന്നെ ജനിതക എന്‍ജിനീയറിങ്ങിലൂടെ ഡയര്‍ വൂള്‍ഫുകള്‍ പുനര്‍ജനിച്ചെന്ന വാര്‍ത്ത മിന്നല്‍വേഗത്തിലാണ് പ്രചരിച്ചത്. ആറുമാസം പ്രായമുള്ള റോമുലസിന്റെയും റെമസിന്റെയും വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍വൈറലാവുകയും ചെയ്തു. ടെക്‌സാസ് ആസ്ഥാനമായ കൊളോസല്‍ ബയോസയന്‍സസിലെ ശാസ്ത്രജ്ഞരാണ് ഡയര്‍ വൂള്‍ഫുകളെ തങ്ങള്‍ ജീന്‍ എഡിറ്റിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ചതായി അവകാശപ്പെട്ട് രംഗത്തെത്തിയത്. അതെങ്ങനെയെന്നല്ലേ, വിശദീകരിക്കാം.

വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും കണ്ടിരുന്ന ജീവിയായിരുന്നു ഡയര്‍വൂള്‍ഫ്. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നും ഇരകളുടെ ലഭ്യതക്കുറവിനെ തുടര്‍ന്നുമാണ് ഇവയ്ക്ക് വംശനാശം സംഭവിക്കുന്നത്. ലോസ് ആഞ്ചല്‍സിലെ ലാ ബ്രിയ ടാര്‍ പിറ്റ്‌സില്‍ നിന്നാണ് ഡയര്‍വൂള്‍ഫിന്റെ ഏറ്റവും കൂടുതല്‍ ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ളത്. ആറടിയോളം നീളം വയ്ക്കുന്ന ഇവയ്ക്കുണ്ടായിരുന്ന ശക്തിയേറിയ താടിയെല്ലുകളാണ് വലിയ മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കാന്‍ കരുത്ത് നല്‍കിയിരുന്നത്.

വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും കണ്ടിരുന്ന ഡയര്‍ വൂള്‍ഫുകളുടെ ഏറ്റവും അടുത്ത ബന്ധുവാണ് േ്രഗ വൂള്‍ഫുകള്‍. ഇവയുടെ ഡിഎന്‍എ ഉപയോഗിച്ചുകൊണ്ട് ഡയര്‍വൂള്‍ഫിന്റെ പുരാതന ഡിഎന്‍എയും ക്ലോണിങ്ങും ജീന്‍ എഡിറ്റിങും ഉപയോഗപ്പെടുത്തിയാണ് ഡയര്‍ വൂള്‍ഫുകളെ പുനരുജ്ജീവിപ്പിച്ചത്. കുറച്ചുകൂടി വിശദമാക്കിയാല്‍ 13,000 വര്‍ഷം പഴക്കമുള്ള ഡയര്‍വൂള്‍ഫിന്റെ ഒരു പല്ലില്‍ നിന്നും 72,500 വര്‍ഷം പഴക്കമുള്ള തലയോട്ടിയില്‍ നിന്നും ഇവയുടെ ഡിഎന്‍എ വേര്‍തിരിച്ചു.ഈ ഡിഎന്‍എയില്‍ നിന്ന് അവയുടെ വലിപ്പം, രോമങ്ങളുടെ നിറം തുടങ്ങിയ സ്വഭാവസവിശേഷതകള്‍ തിരിച്ചറിഞ്ഞു. ഗ്രേവൂള്‍ഫിനേക്കാള്‍ വലുപ്പമുള്ള ഡയര്‍വൂള്‍ഫുകള്‍ക്ക് കട്ടിയുള്ള രോമങ്ങളും ശക്തിയേറിയ താടിയെല്ലുമാണ് ഉണ്ടായിരുന്നത്. ഇതനുസരിച്ച് ഗ്രേവൂള്‍ഫിന്റെ ഭ്രൂണത്തിന്റെ ജനിതക ഘടനയില്‍മാറ്റം വരുത്തി. ഇത് ഗ്രേ വൂള്‍ഫിന്റെ അണ്ഡത്തില്‍ നിക്ഷേപിച്ചു. ഇത് ലാബില്‍ വികസിപ്പിച്ചെടുക്കുകയും പിന്നീട് ഹൗണ്ട് വിഭാഗത്തില്‍ പെടുന്ന നായയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് ഡയര്‍വൂള്‍ഫുകളെ പുനര്‍ജനിപ്പിക്കുകയുമായിരുന്നു.

ജീവിച്ചിരിക്കുന്ന ചെന്നായ് വര്‍ഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തരാണ് ഇവരെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. എന്നാല്‍ പുനര്‍ജനിച്ചിരിക്കുന്നത് 100 ശതമാനം ഡയര്‍വൂള്‍ഫുകളാണോ? ഇവ ജനിതകമാറ്റം വരുത്തിയ ഗ്രേവൂള്‍ഫാണെന്ന് വിമര്‍ശനമുന്നയിച്ച് പാലിയന്റോളജിസ്റ്റായ ജാക്വിലിന്‍ ഗില്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. ജീന്‍ എഡിറ്റിങ്ങില്‍ ഗ്രേവൂള്‍ഫിന്റെ ജീനോമിലെ 19,000 ജീനുകളില്‍ 14 എണ്ണം മാത്രം എഡിറ്റ് ചെയ്യാനേ സാധിച്ചിട്ടുള്ളൂ. അതായത് ജനിതകഘടനയുടെ 0.1 ശതമാനത്തില്‍ താഴെ മാത്രം. പിന്നെയെങ്ങനെ ഇവയെ പൂര്‍ണമായും ഡയര്‍ വൂള്‍ഫെന്ന് വിളിക്കാനാകും?

എന്നുകരുതി കൊളോസല്‍ ബയോസയന്‍സസിന്റെ മുന്നേറ്റത്തെ നിസാരവല്‍ക്കരിക്കാന്‍ ആവില്ല. വംശനാശം സംഭവിച്ച ജീവജാലങ്ങളെ തിരികെയെത്തിക്കാനുള്ള ഡീഎക്സ്റ്റിന്‍ക്ഷന്‍ ഗവേഷണമേഖലയിലെ നിര്‍ണായക കാല്‍വെപ്പായി വേണം ഡയര്‍ വൂള്‍ഫുകളായ റോമുലസിനെയും റെമുസിനെയും ഖലീസിയെയും കാണാന്‍. ജീന്‍ എഡിറ്റിങ്ങില്‍ എത്രത്തോളം മുന്നേറാകും എന്നതിന്റെ ആദ്യ ചവിട്ടുപടിയായും. ജീന്‍ എഡിറ്റിങ്ങിലൂടെ വംശനാശം സംഭവിച്ച ചെന്നായയുമായി ജനിതക സാമ്യമുള്ള എന്തിനെയെങ്കിലും പുനരുജ്ജീവിപ്പിക്കുക സാധ്യമല്ലെന്നും ഒരേസമയം അത്രയേറെ എഡിറ്റുകള്‍ ചെയ്യാനാകില്ലെന്നും കോളോസലിലെ ചീഫ് സയന്‍സ് ഓഫീസറായ ബെത് ഷാപിറോ സമ്മതിക്കുന്നുണ്ട്. അതല്ല കൊളോസല്‍ ബയോസയന്‍സസിന്റെ ലക്ഷ്യവും. വംശനാശം സംഭവിച്ച ജീവിവര്‍ഗങ്ങളുടെ പതിപ്പുകള്‍ സൃഷ്ടിക്കാന്‍ മാത്രമാണ് അവരുടെ ശ്രമം. അത് 100 ശതമാനവും ജനിതകമായി സാമ്യമുള്ളതായിരിക്കണമെന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

ഡയര്‍വൂള്‍ഫിനെ മാത്രം പുനര്‍ജനിപ്പിച്ചാല്‍ പോരെന്നാണ് കൊളോസല്‍ ബയോസയന്‍സസിന്റെ തീരുമാനം. പ്രാചീന കാലത്ത് ജീവിച്ചിരുന്ന മാമത്തിനെയും ഡോഡോയെയും ടാസ്മാനിയന്‍ കടുവയെയും എല്ലാം വൈകാതെ പുനര്‍ജനിപ്പിക്കാനാകുമെന്നാണ് ഇവര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ ചിത്രങ്ങളില്‍ മാത്രം കണ്ടുപരിചയമുള്ള വംശനാശം നേരിട്ട ജീവികളെ സമാനമായ രൂപത്തില്‍ ഒരുപക്ഷെ നമുക്ക് കാണാന്‍ സാധിച്ചേക്കും.

Content Highlights: Did Scientists Actually De-Extinct the Dire Wolf?

dot image
To advertise here,contact us
dot image