
തഹാവൂര്‍ റാണ, 2008 മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതികളിലൊരാള്‍. പാക്-കനേഡിയന്‍ ബിസിനസുകാരന്‍. നാളുകള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ റാണയെ ഇന്ത്യയിലെത്തിച്ചിരിക്കുകയാണ്. റാണയെ ഇന്ത്യയിലെത്തിക്കുന്നതിനായി നിര്‍ണായക ഇടപെടല്‍ നടത്തിയ ഒരാളുണ്ട്, ഇന്ന് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന ദയാന്‍ കൃഷ്ണന്‍. 15 വര്‍ഷമായി എന്‍ഐഎ സംഘത്തിനൊപ്പമുള്ള ദയാനാണ് യുഎസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇതാദ്യമായല്ല വിദേശരാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും. ദയാന്‍ കൃഷ്ണന്‍ എന്ന പേര് ചിലര്‍ക്കെങ്കിലും സുപരിചിതമാണ്. അതേ, 2012-ലെ ഡല്‍ഹി നിര്‍ഭയ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അതേ ദയാന്‍.
നാഷ്ണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 93ല്‍ ബിരുദം നേടി പുറത്തിറങ്ങിയ ദയാന്‍ 99 മുതലാണ് പ്രാക്ടീസ് ആരംഭിക്കുന്നത്. മുന്‍ സുപ്രീംകോടതി ജസ്റ്റിസായിരുന്ന സന്തോഷ് ഹെഗ്‌ഡെയുടെ ജൂനിയറായിരുന്നു. പാര്‍ലമെന്റ് ആക്രമണം, കാവേരി നദീജല തര്‍ക്കം തുടങ്ങി നിരവധി കേസുകളില്‍ അദ്ദേഹം വാദിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്ത് എന്‍ഐഎ സംഘത്തിലും അദ്ദേഹം അംഗമായിരുന്നു. ഊട്ടി സ്വദേശിയാണ്. വിവിധ കേസുകളില്‍ എന്‍ഐഎ, സിബിഐ, ഡല്‍ഹി സര്‍ക്കാര്‍,ഡല്‍ഹി പൊലീസ് എന്നിവരെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ദയാന്‍ കൃഷ്ണനൊപ്പം ഈ കേസില്‍ സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍ നരേന്ദര്‍ മാനുമുണ്ട്. ക്രിമിനല്‍ അഭിഭാഷകനായ ഇദ്ദേഹം 2011 മുതല്‍ 19 വരെ ഡല്‍ഹി ഹൈക്കോടതിയില്‍ സിബിഐ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു. ബോഫോഴ്‌സ് കേസ്, 2018 ലെ എസ്എസ്സി പേപ്പര്‍ ചോര്‍ച്ച, കോമണ്‍വെല്‍ത് അഴിമതി കേസ് എഐസിടിആ അഴിമതി എന്നിവ വാദിച്ചിട്ടുണ്ട്.ഇവര്‍ക്കുപുറമേ പ്രോസിക്യൂഷന്‍ ടീമില്‍ സഞ്ജീവി ശേഷാദ്രി, ശ്രീധര്‍ കാലെ എന്നിവരും ഉണ്ട്.
Content Highlights: Dayan Krishnan and Narender Mann; the lawyers chosen in the Tahawwur Rana case