
ഒരു ഏകാന്തയാത്രികനായ വിദ്യാര്‍ത്ഥിയുടെ മനസിലൂടെ കടന്നുപോയ ചിത്രങ്ങള്‍. സംസാരത്തേക്കാള്‍ ചിത്രങ്ങളായാണ് ഏറെയും സംവേദനങ്ങള്‍ നടത്തിയിരുന്നത്. ആ വിദ്യാര്‍ത്ഥി മുതിര്‍ന്നപ്പോഴും സംവേദനത്തിനായി ചിത്രങ്ങള്‍ വരച്ച് മാറിനടന്നു, സ്വച്ഛനായി, ശാന്തനായി, ഏകനായി. ഷാജി എന്‍ കരുണ്‍ എന്ന വിഖ്യാത സംവിധായകന്റെ കുട്ടിക്കാലത്തെ ഏകാന്തയാത്രകളും അന്നത്തെ ഓര്‍മച്ചിത്രങ്ങളും ഇവിടെ വരച്ചിടുന്നു.
ശാന്തമായ സായാഹ്നത്തിലെ അഷ്ടമുടിക്കായല്‍ ഒരു പകലിന്റെ അന്ത്യത്തില്‍ ചുവപ്പണിഞ്ഞു. ആകാശത്തിന്റെ തീരങ്ങളിലേക്ക് സൂര്യന്‍ താഴ്ന്നിറങ്ങുമ്പോള്‍ കായലും തീരവും ആ ചുവപ്പില്‍ അമര്‍ന്നുനിന്നു. കായലിന്റെ ഇങ്ങേക്കരയില്‍ ഒരു കുട്ടി ആ കാഴ്ചകളില്‍ മറന്ന് നിന്നു. അവന്‍ ഏകനായിരുന്നു. ആ കാഴ്ചകളില്‍ ഋതുക്കള്‍ മറയുന്നതും, കാലങ്ങള്‍ പായുന്നതും നോക്കി മിക്ക സായാഹ്നങ്ങളിലും അവന്‍ ഏകനായിത്തന്നെ ആ കാഴ്ചയില്‍ ലയിച്ചുനിന്നു. കാഴ്ചകള്‍ ചിത്രങ്ങളാക്കിയായിരുന്നു ആ കുട്ടി എന്നും സംവേദിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ക്യാമറാമാനായും സംവിധായകനായും മാറിയ ഷാജി എന്‍. കരുണ്‍ ആ കാഴ്ചകളിലൂടെയാണ് ഏറെയും സംവേദിച്ചിട്ടുള്ളത്. കുട്ടിക്കാലത്തെ കാഴ്ചകളെല്ലാം മായാതെ മനസില്‍ നിര്‍ത്തി ചിത്രങ്ങള്‍ വരഞ്ഞു.
'സിനിമ, ഓര്‍മകളുടെ, നൊസ്റ്റാള്‍ജിയയുടെ അടുക്കിവയ്ക്കലുകളാണ്. ക്ലാസിക് സിനിമകളിലെല്ലാം സംവിധായകന്‍ കേട്ട ശബ്ദങ്ങളും കണ്ട കാഴ്ചകളും സ്വാധീനിച്ചതായി കാണാം. ഓര്‍മകളുടെ അടുക്കിവയ്ക്കലുകളില്‍ നിന്നുതന്നെയാവണം സിനിമ ആവിര്‍ഭവിച്ചത്.''
മകരത്തിലെ മൂടല്‍മഞ്ഞ് കായലിന്റെ അങ്ങേക്കരയിലെ കാഴ്ചകളെ മറച്ചു. വേനലില്‍ തെളിമയാര്‍ന്ന ചിത്രങ്ങളായപ്പോള്‍ വര്‍ഷകാലങ്ങളില്‍ കായലിലേക്ക് കണ്ണാടി നോക്കി മേഘങ്ങള്‍ പറന്നുപോയി. ഇങ്ങനെ ഓരോ ദിവസങ്ങള്‍ കഴിയുന്തോറും കായല്‍ തന്റെ ചിത്രം വരച്ച് പൂര്‍ത്തീകരിച്ച് നല്‍കി. പ്രായമേറുമ്പോള്‍ ഈ കാഴ്ചകള്‍ മറ്റൊരു ചിത്രമായി മാറും. അഷ്ടമുടിക്കായലിനോരത്താണ് മുത്തശ്ശന്റെ വീട്. അവിടെയുള്ള ഓരോ സന്ധ്യകളും ഓരോ പുലരികളും ഈ ശാന്തതയുടെ തീരത്തായിരുന്നു.
സ്‌കൂളിലേക്കുള്ള വഴിയിലും ഒറ്റയ്ക്കുതന്നെയായിരുന്നു യാത്ര. അത്രയൊന്നും തിരക്കില്ലാത്ത വഴികളിലൂടെ മൂന്നുകിലോമീറ്ററോളം നടന്നുവേണം സ്‌കൂളിലെത്താന്‍. ആ വഴികളില്‍ ചിലപ്പോഴൊക്കെ ഒരു കാളവണ്ടി നിരങ്ങിനീങ്ങും. കാളവണ്ടി ചക്രങ്ങളുരുണ്ട വഴിയില്‍ നിന്നും പൊടിപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങും. മൂന്നു ഫര്‍ല്ലോങ്ങോളം നടക്കുമ്പോഴാവും ആ പൊടിപടലങ്ങള്‍ ശാന്തമായി വീണ്ടും ഭൂമിയില്‍ പതിഞ്ഞുതീരുക. പ്രഭാതത്തിലെ സൂര്യപ്രകാശത്തില്‍ ആ പൊടിപടലങ്ങള്‍ അന്നത്തെ കുട്ടിയുടെ മുന്നില്‍ ഓരോ ചിത്രങ്ങള്‍ വരച്ചുവയ്ക്കും. അത്രത്തോളം തെളിച്ചമായിരുന്നു അന്നത്തെ പ്രകൃതിക്ക്, അത്രത്തോളം പച്ചപ്പും.
സ്‌കൂളിലെത്തിയാലും ചിത്രങ്ങള്‍ക്ക് അവധിയില്ല. ആ ചിത്രങ്ങളിലും കാഴ്ചകളിലും ലയിച്ചുനില്‍ക്കുന്ന അന്നത്തെ കുട്ടിയുടെ ശീലത്തിനും. സ്‌കൂളിന്റെ ഇടനാഴികള്‍ നീണ്ടതായിരുന്നു. നൂറ് നൂറ്റമ്പത് അടിയോളം നീണ്ട ഇടനാഴികളിലേക്ക് വലിയ ചതുരത്തൂണുകള്‍ പ്രകാശത്തെ മറച്ച് ഇടയ്ക്കിടെ നില്‍ക്കും. ഇരുളും വെളിച്ചവും മാറി വരുന്ന വലിയൊരു ഇടനാഴി വഴിവിളക്കുകള്‍ കത്തിനില്‍ക്കുന്ന വിജനമായ തെരുവിനെ ഓര്‍മ്മിപ്പിക്കും. ഒരു വിളക്കില്‍ നിന്നും അടുത്ത വിളക്കിലേക്കുള്ള ദൂരത്തിനിടയിലെ നേര്‍ത്ത ഇരുട്ടിനെപ്പോലെ. ആ ഇടനാഴികളില്‍ വെയില്‍ തീര്‍ക്കുന്ന ഇല്ലസ്ട്രേഷനിലേക്ക് കുട്ടികളുടെ ആരവമൊഴിഞ്ഞ നേരത്ത് ഏറെനേരം നോക്കിയിരിക്കുമായിരുന്നു അന്നത്തെ കുട്ടി.
സ്‌കൂളില്‍ നിന്നും തിരികെയുള്ള യാത്രയില്‍, മഴപ്പെയ്ത്ത് തുടരുന്നുണ്ടാവും. ഇടതടവില്ലാത്ത മഴയില്‍ ഒറ്റയ്ക്ക് നനഞ്ഞ് വീട്ടിലേക്കുള്ള വഴി. അതിലൂടെ ഓടി വരുമ്പോള്‍ വഴിയരികിലെ പാടവരമ്പിലേക്ക് കണ്ണുതെറ്റിപ്പായും. മേല്‍ക്കൂര തുറന്ന വീടിനകം പോലെയാണ് പാടവരമ്പ്. പാടവരമ്പിന് ചുറ്റിലും തന്നെക്കാള്‍ ഉയരത്തില്‍ പൊങ്ങിനില്‍ക്കുന്ന നെല്‍ച്ചെടികള്‍. വയല്‍ച്ചെടി കാറ്റിലാടി മഴയത്ത് വരമ്പുകള്‍ തെറ്റിക്കും. വഴിതെറ്റിപ്പോകാവുന്നതിലെ പേടിയോടെ പരിഭ്രമിച്ചുള്ള ഓട്ടത്തിനും വേഗത കൂടും. ഒരു ഹൈ ആങ്കിള്‍ ക്യാമറയിലൂടെ ആ ഓട്ടത്തെ കാണാന്‍ നല്ല രസമായിരിക്കും. ഏതെങ്കിലും മരത്തിന്റെ മുകളില്‍ കയറിനിന്നാല്‍ ആ വരമ്പുകളുടെ വഴികളെ കണ്ടുപിടിച്ചെടുക്കാം. പക്ഷേ, മരത്തിനുമുകളിലേക്കുള്ള കയറ്റം അന്യമായിരുന്നു ആ കുട്ടിക്ക്. അതുകൊണ്ട് ആ കാഴ്ച മനസിലാണ്.
കാടിനുള്ളിലെ യാത്ര ഇതുപോലെയാണ്. ചേട്ടന്മാര്‍ക്കൊപ്പം ഒരിക്കല്‍ ഇതുപോലൊരു മലകയറ്റത്തിന് പോയിട്ടുണ്ട്. കാടുകള്‍ താണ്ടി മല കയറിയിറങ്ങുകയാണ് ലക്ഷ്യം. മലയ്ക്കു മുകളില്‍ നിന്നാല്‍ കാടിന്റെ ഒരു ലോങ് ഷോട്ടാണ്. കാടിനകത്താണെങ്കില്‍ ഏറ്റവും ക്ലോസ് ഷോട്ടുകളും. അന്നത്തെ മലകയറ്റത്തില്‍ കൂടെ ഒരു ക്യാമറയുമുണ്ടായിരുന്നു. കാടിന്റെ ഏറ്റവും അടുത്ത കാഴ്ചകള്‍ പേടിപ്പെടുത്തും. വഴികള്‍ തിരഞ്ഞുള്ള യാത്രകള്‍. പിന്നിട്ട വഴികളിലേക്കുതന്നെ എത്തിപ്പെടാന്‍ പറ്റാത്തത്രയും ക്ലോസ് ഷോട്ടുകളുടെ കാട്. മഴയും ഭക്ഷണത്തിന്റെ കുറവും പാടവരമ്പത്തെ മഴയോട്ടംപോലെ ഭയപ്പെടുത്തിയിരുന്നു. ആ സമയത്ത് മനസ് തന്നോടുതന്നെ സംവേദിക്കും, മൗനത്തിന്റെ ഭാഷയിലൂടെ.
മൗനത്തിന്റെ ഭാഷയായ ചിത്രങ്ങളിലൂടെയായിരുന്നു അന്നത്തെ ആ വിദ്യാര്‍ത്ഥി സംവദിച്ചിരുന്നത്. യൂണിവേഴ്സിറ്റി കോളേജിലിലെ തിരഞ്ഞെടുപ്പുകാലത്ത് പ്രാസംഗികനായ എതിരാളിയ്ക്കെതിരെ ഈ ചിത്രങ്ങളായിരുന്നു മത്സരിച്ചത്. പറയാനുള്ളത് ചിത്രങ്ങളാക്കി ചുവരെഴുത്തുകളാക്കി. എന്നാല്‍ ഫലം വന്നപ്പോള്‍ ജയിച്ചത് വാഗ്മിതന്നെ. എങ്കിലും ചിത്രങ്ങള്‍ പരാജയപ്പെട്ടില്ല. ചിത്രങ്ങള്‍ പലരും മറക്കാതെ സൂക്ഷിച്ചിരുന്നു. കുട്ടിക്കാലത്തെ മറക്കാത്തൊരു മറ്റൊരു ചിത്രം തിരുവനന്തപുരം റെയില്‍വെസ്റ്റേഷനായിരുന്നു. റെയില്‍വെസ്റ്റേഷനില്‍ നിന്നും മൂന്നു കിലോമീറ്ററകലെയായിരുന്നു കുട്ടിക്കാലത്തെ വാസം. തിരക്കുകളില്ലാത്ത ഇടവഴികളിലൂടെ രാവിലെ ശംഖുമുഖത്തുനിന്നും കടലിരമ്പവും റെയില്‍വെസ്റ്റേഷനില്‍ നിന്നും തീവണ്ടിശബ്ദവും വീട്ടുമുറ്റംവരെയെത്തും. ഓരോ ചിന്നംവിളിയിലും റെയില്‍വെസ്റ്റേഷന്‍ മുന്നില്‍ വരച്ചിട്ട ചിത്രം തെളിയും.
തുറന്ന പ്ലാറ്റുഫോമുകള്‍ക്കിടയില്‍ കിതച്ചെത്തി നില്‍ക്കുന്ന തീവണ്ടി. കരിംപുകയായി ശ്വാസം വിട്ട്, ഛക് ഛക് ഛക് എന്ന താളത്തില്‍ ചക്രം കറങ്ങിപ്പോകുന്ന തീവണ്ടിയുടെ എന്‍ജിന്‍ ഭാഗം പ്ലാറ്റ്ഫോമില്‍ വന്നുനില്‍ക്കുമ്പോള്‍ ഉറക്കമിളച്ച് ഓടിയെത്തിയ മുഖമായിരിക്കും. ഓരോ നാടിന്റെയും കാഴ്ചകള്‍ ആ തീവണ്ടിമുഖത്തുണ്ടാവും. ചിത്രാത്മകമായിരുന്നു ആ മുഖക്കാഴ്ച. പക്ഷേ, കാലം ഏറെ കഴിയുമ്പോള്‍ കരിവണ്ടികള്‍ മാറി വന്നപ്പോള്‍ ആ പഴയമുഖക്കെട്ടുകളും മാറി. ചിത്രാത്മകമല്ലാത്ത ട്രെയിനുകളാണിപ്പോള്‍. ആര്‍ട്ടിസ്റ്റിക് മനോഭാവമില്ലാത്ത ഏതോ എന്‍ജിനീയറുടെ യാന്ത്രികചിത്രമായി ട്രെയിനുകള്‍ മാറി.
ട്രങ്കുപെട്ടിയുമെടുത്ത് യാത്രയ്ക്കൊരുങ്ങുന്ന തീവണ്ടിയാത്രികരെ കാണുമ്പോള്‍ ഏറെനേരം നോക്കിനിന്നിരുന്ന കുട്ടിക്കാലത്തുനിന്നും വളര്‍ന്നപ്പോള്‍, അവരിലൊരാളായി ഏകാന്തയാത്ര ട്രെയിനിലായി. ഓരോ സിനിമയ്ക്കുമുന്നേയും, ദൂരേയ്ക്കൊരു യാത്ര പോവുകയാണെങ്കില്‍ ട്രെയിനിലൊരു സീറ്റിലായിരിക്കും യാത്ര. തീവണ്ടി ജനാലയ്ക്കപ്പുറത്ത് മഴയും വെയിലും മഞ്ഞും മാറിമാറിവരുന്നതും, വിവിധ ഭാഷക്കാരും സാധാരണക്കാരും അസാധാരണക്കാരും ഒക്കെ മാഞ്ഞുമറഞ്ഞുവരും. ഓരോ നിമിഷവും ഓരോ ചിത്രങ്ങള്‍ നല്‍കുന്ന ട്രെയിന്‍ യാത്രകള്‍ എപ്പോഴും ആസ്വദിച്ചു.
"തീവണ്ടിയാത്രയെ ആസ്പദമാക്കി ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്റെ ഓര്‍മ്മകളും കഥകളും നിറഞ്ഞ ഒരു മുഴുനീള തീവണ്ടിയാത്ര. പക്ഷേ, ഒരു ട്രെയിന്‍ വിട്ടുകിട്ടണമെങ്കില്‍ വന്‍തുക കെട്ടിവയ്ക്കണം എന്നതുകൊണ്ട് നടത്താതെ മാറ്റിവച്ചിരിക്കുന്നു. സ്വം എന്ന ചിത്രത്തില്‍ ട്രെയിന്‍ കടന്നുവരുന്നുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളും നിമിത്തം ആഗ്രഹിച്ചത്രയൊന്നും ട്രെയിന്‍ഷോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല.''
ഒറ്റയ്ക്ക് സ്വപ്നം കാണാന്‍ പ്രചോദിപ്പിക്കുന്ന ചിത്രങ്ങളോടൊപ്പം യാത്ര ചെയ്ത കുട്ടിയില്‍ നിന്നും ഷാജി എന്‍ കരുണ്‍ എന്ന സംവിധായകനിലേക്ക് വര്‍ഷങ്ങള്‍കൊണ്ട് വലിയ വ്യത്യാസമുണ്ടെങ്കിലും, ചിത്രങ്ങളില്‍ പുതിയ കാഴ്ചപ്പാടുകളും ചിന്തകളും വലിയ വ്യത്യാസം വരുത്തിയിട്ടുണ്ടെങ്കിലും ആ ശാന്തമായ ഏകാന്തയാത്രയ്ക്ക് മാറ്റമൊന്നുമില്ല. ഒരു ചിത്രം വരച്ച്, അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ നല്‍കി ശാന്തനായിത്തന്നെ നടന്നുനീങ്ങുന്ന ഷാജി എന്‍. കരുണ്‍ ഒടുവില്‍ ശാന്തനായി അരങ്ങൊഴിഞ്ഞിരിക്കുന്നു.. അപ്പോഴും അദ്ദേഹം ഏകനാണ്. ചിത്രാത്മകത നഷ്ടപ്പെട്ട മറ്റൊരുലോകത്ത് ചിത്രങ്ങളെ തേടിയുള്ള ഏകാന്ത യാത്രകളിലൊന്നാകും ഈ യാത്രയും.
Content Highlights: K Sajimon Writes about Shaji N Karun