ദിവസവും 16 സൂര്യോദയങ്ങൾ, അത്ര തന്നെ അസ്തമയങ്ങൾ; ബഹിരാകാശത്തെ ജീവിതം അങ്ങനെയൊക്കെയാണ്, കാരണമറിയാമോ?

ബഹിരാകാശ നിലയത്തില്‍ 45 മിനിറ്റ് പകലും 45 മിനിറ്റ് രാത്രിയുമാണുണ്ടാവുക.

dot image

ബഹിരാകാശ നിലയത്തിൽ കഴിയുന്ന ബഹിരാകാശ സഞ്ചാരിയുടെ ഒരു ദിവസം നമ്മുടേത് പോലെ ഒരു സൂര്യോദയത്തിലും അസ്തമയത്തിലും തീരുന്നതല്ലെന്ന് എത്ര പേർക്കറിയാം? ദിവസവും 16 സൂര്യോദയങ്ങളും അത്ര തന്നെ അസ്തമയങ്ങളുമാണ് അവിടെ കാത്തിരിക്കുന്നത്. നിലവിൽ ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെ കാര്യത്തിലും അങ്ങനെ തന്നെ.

2013ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ഒരു പരിപാടിക്കിടെ സുനിത വില്യംസ് ഈ അസാധാരണമായ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചിരുന്നു. അതിവേഗം നീങ്ങുന്ന ബഹിരാകാശ നിലയത്തില്‍ നിന്ന് ഒരു ദിവസം 16 ഉദയാസ്തമയങ്ങള്‍ കാണാന്‍ ഭാഗ്യമുണ്ടായി എന്നാണ് സുനിത അന്ന് പറഞ്ഞത്.

എന്തുകൊണ്ട് ഒന്നിലധികം ഉദയാസ്തമയങ്ങൾ

മണിക്കൂറില്‍ 28000 കിമീ വേഗതയിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നത്. ഒരുതവണ ഭൂമിയെ പൂര്‍ണമായും വലം വെക്കാൻ ബഹിരാകാശ നിലയത്തിന് വെറും 90 മിനിറ്റ് മതി. അതുകൊണ്ടുതന്നെ ഓരോ 45 മിനിറ്റിലും ബഹിരാകാശ നിലയത്തിലുള്ളവര്‍ക്ക് ഉദയാസ്തമയങ്ങള്‍ കാണാം. ഭൂമിയുടെ ഇരുട്ടിലുള്ള ഭാഗത്ത് നിന്ന് ഓരോതവണ വെളിച്ചമുള്ള ഭാഗത്തേക്ക് എത്തുമ്പോഴും അവർ സൂര്യോദയം കാണുകയാണ്!

അങ്ങനെ ബഹിരാകാശ നിലയത്തില്‍ 45 മിനിറ്റ് പകലും 45 മിനിറ്റ് രാത്രിയുമാണുണ്ടാവുക. അതുകൊണ്ടുതന്നെ ഭൂമിയിലെ 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ദിവസത്തിൽ 16 തവണ ബഹിരാകാശ നിലയത്തില്‍ രാത്രിയും പകലും മാറി മാറി വരും. ഭൂമിയാവട്ടെ 24 മണിക്കൂറെടുത്താണ് സ്വന്തം അച്ചുതണ്ടില്‍ ഒരു തവണ പൂര്‍ണമായി തിരിഞ്ഞുവരിക.

ബഹിരാകാശ നിലയത്തിലെ സമയം കണക്കാക്കുന്നത് കോര്‍ഡിനേറ്റഡ് യൂണിവേഴ്‌സല്‍ ടൈം (യുടിസി) അനുസരിച്ചാണ്. ഗ്രീനിച്ച് സമയത്തെ അടിസ്ഥാനപ്പെടുത്തി 1880ല്‍ ഏര്‍പ്പെടുത്തിയ സമയഗണനാസമ്പ്രദായമാണ് യുടിസി. ഇത് ലോകത്തെല്ലായിടത്തും ഒരുപോലെയായിരിക്കും. ഈ സമയം അടിസ്ഥാനപ്പെടുത്തിയാണ് ബഹിരാകാശ നിലയത്തിൽ ജോലി, ഭക്ഷണം, വിശ്രമം ഉള്‍പ്പടെയുള്ള ദിനചര്യകള്‍ ക്രമീകരിക്കുക.

Also Read:

2024 ജൂണില്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ത്ഥം ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ് ഇതുവരെയും ഭൂമിയിൽ തിരിച്ചെത്തിയിട്ടില്ല. പേടകത്തിലെ തകരാറുകള്‍ കാരണമാണ് ഭൂമിയിലേക്കുള്ള മടക്കയാത്ര വൈകിയത്. ഇപ്പോഴും ബഹിരാകാശനിലയത്തില്‍ തുടരുന്ന സുനിത വില്യംസും സഹയാത്രികൻ ബച്ച് വില്‍മോറും 2025 ഫെബ്രുവരിയിലേ തിരികെയെത്തൂ.

Content Highlights: why more than one sunrise and sunset in a day in space centre

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us