2020ല്‍ ബോട്‌സ്‌വാനയിലെ ഒകവാങ്കോ ഡെല്‍റ്റയില്‍ ദുരൂഹസാഹചര്യത്തില്‍ 350ലധികം ആനകള്‍ ചത്തത് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഈ ആനകള്‍ ചത്തത് മലിനജലം കുടിച്ചിട്ടാണെന്ന സുപ്രധാന പഠനം പുറത്തിറക്കിയിരിക്കുകയാണ് ഗവേഷണ ലോകം.
2020ല്‍ പ്രായഭേദമന്യേയുള്ള ആനകള്‍ ചത്ത വിഷയത്തിലാണ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തരം ലഭിച്ചത്. ഇതിന് പിന്നാലെ അന്തരീക്ഷം വിഷലിപ്തമാവുകയാണെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നു.
2020 മെയ്, ജൂണ്‍ മാസങ്ങളിലാണ് ആദ്യമായി വടക്കുകിഴക്കന്‍ ബോട്‌സ്‌വാനയില്‍ ആനകളുടെ മൃതശരീരം ലഭിച്ചത്. സയനൈഡ് വിഷമോ മറ്റെന്തെങ്കിലും അറിയാത്ത രോഗങ്ങളോ കാരണമായിരിക്കും ആനകള്‍ ചത്തതെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാല്‍ 'സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ്' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്ലൂ-ഗ്രീന്‍ ആല്‍ഗേ അല്ലെങ്കില്‍ സൈനോബാക്ടീരിയയുടെ വിഷാംശം അടങ്ങിയ വെള്ളമാണ് ആനകളുടെ മരണകാരണമെന്ന് പറയുന്നു.
ബോട്‌സ്‌വാന സര്‍വകലാശാല, ദ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, ലണ്ടന്‍, ക്വീന്‍സ് യൂണിവേഴ്‌സിറ്റി ബെല്‍ഫാസ്റ്റ്, പ്ലൈമൗത്ത് മറൈന്‍ ലബോറട്ടറിയും ചേര്‍ന്നാണ് പഠനം നടത്തിയത്. സാമ്പിളുകളുടെ നേരിട്ടുള്ള വിശകലനം ലഭ്യമല്ലാത്തതിനാല്‍ സാറ്റ്‌ലൈറ്റ് വിവരങ്ങളെ ആശ്രയിച്ചായിരുന്നു പഠനം നടത്തിയത്. വെള്ളം കുടിച്ച് 88 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ആനകള്‍ ചത്തതെന്നാണ് പഠനം.
ജലസ്രോതസുകളില്‍ നിന്ന് 100 കിലോമീറ്റര്‍ നടന്നു കഴിഞ്ഞപ്പോഴാണ് മരണം സംഭവിച്ചത്.
പഠനത്തിന് വേണ്ടി ആകെ 3000 ജല സ്രോതസുകളാണ് ഗവേഷകര്‍ പഠിച്ചത്. ഇവയില്‍ വലിയ അളവില്‍ സൈനോബാക്ടീരിയ കണ്ടെത്തിയിരുന്നു. മറ്റ് മൃഗങ്ങളും ഈ ജലാശയങ്ങളില്‍ നിന്ന് വെള്ളം കുടിച്ചതിന് പിന്നാലെ ചത്തിട്ടുണ്ടാകാമെന്നും എന്നാല്‍ ആകാശ നിരീക്ഷണത്തില്‍ മൃതശരീരങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയില്ലെന്നും ഗവേഷണത്തില്‍ സൂചിപ്പിക്കുന്നു. അതേസമയം ഇത്തരത്തില്‍ മരിച്ച ചെറിയ മൃഗങ്ങളെ വേട്ടക്കാരും മറ്റും കൊണ്ടുപോകാനുമിടയുണ്ടെന്നാണ് പഠനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നത്.
ഹാനികരമായ പായലുകളുടെ തീവ്രത കാലാവസ്ഥാ പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. ജലത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പഠനം സൂചിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ കാലാവസ്ഥാ വ്യതിയാനം കാരണം കൂട്ടത്തോടെ മൃഗങ്ങള്‍ ചത്തൊടുങ്ങുന്ന ആദ്യത്തെ സംഭവമായിരുന്നില്ല ഇത്.
2020ല്‍ തന്നെ സിംബാബ്‌വേയിലും 35 ആനകള്‍ ചത്തിരുന്നു. ഇവയുടെയും രക്തത്തില്‍ ബാക്ടീരിയയുടെ അംശം കണ്ടെത്തിയിരുന്നു. 2015ല്‍ മാരകമായ ബാക്ടീരിയല്‍ രോഗമായ ഹെമരാജിക് സെപ്റ്റിസീമിയ ബാധിച്ച് കസാക്കിസ്ഥാനില്‍ 2,000,00 ഒരിനം കൃഷ്ണമൃഗങ്ങളും ചത്തിരുന്നു.
അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനനുസരിച്ച് മൃഗങ്ങള്‍ കൂട്ടമായി ചത്തൊടുങ്ങുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്. ഇതിലൂടെ ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നതായും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഇടയ്ക്കിടെയുള്ള മഴയോടൊപ്പം തന്നെ ലോകത്തിന്റെ പല ഭാഗങ്ങളും കൂടുതല്‍ ചൂട് കൂടിയ പ്രദേശമാകുന്നതിനും വരള്‍ച്ചയുണ്ടാകുന്നതിനും ഇടയാകുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
Content Highlights: Reason behind death of more than hundred of elephants in Botswana