ഡിസംബർ 2 2024, ഇന്ന് ദേശീയ മലിനീകരണ നിയന്ത്രണ ദിനമാണ്. 1984 ൽ ഭോപ്പാലിൽ ഉണ്ടായ വാതക ദുരന്തത്തിൽ ജീവൻ വെടിഞ്ഞവരുടെ ഓർമ്മയ്ക്കായാണ് ദേശീയ തലത്തിൽ മലിനീകരണ നിയന്ത്രണ ദിനം ആചരിച്ചു തുടങ്ങിയത്. മലിനമായ ജലം, ഭൂമി, വായു എന്നിവ മൂലമുണ്ടാകുന്ന മരണങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനാണ് പ്രധാനമായും ഈ ദിനാചരണം ലക്ഷ്യമിടുന്നത്.
നാഷണൽ ഹെൽത്ത് പോർട്ടൽ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 7 ദശലക്ഷം ആളുകൾ ഓരോ വർഷവും വായു മലിനീകരണം മൂലം മരിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. ആഗോളതലത്തിൽ മുന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത് .
2024 ലെ കണക്കുകൾ അനുസരിച്ച് ബംഗ്ലാദേശ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ മലിന വായുവുള്ള രാജ്യം. പാകിസ്ഥാൻ, ഇന്ത്യ, താജിക്കിസ്ഥാൻ, ബുർക്കിന ഫാസോ എന്നിവയാണ് ഏറ്റവും കൂടുതൽ മലിനീകരണം നടക്കുന്ന അഞ്ച് രാജ്യങ്ങൾ.
ബംഗ്ലാദേശ്
2024 ലെ കണക്കുകൾ പ്രകാരം ഏറ്റവും മലിനമായ രാജ്യമാണ് ബംഗ്ലാദേശ്. 79.9 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്ററാണ് രാജ്യത്തെ വായുമലിനീകരണ തോത്. ലോകാരോഗ്യ സംഘടന നിർദ്ദേശ പ്രകാരം 5 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്ററേ വായുമലിനീകരണ തോത് ഉണ്ടാവാൻ പാടുള്ളു. ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗവും വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണവുമാണ് ബംഗ്ലാദേശിലെ മലിനീകരണത്തിന് കാരണം. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്ക കൂടുതൽ സമയവും കടുത്ത പുകമഞ്ഞിനെ നേരിടാറുണ്ട്.
പാകിസ്ഥാൻ
73.7 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്ററാണ് പാകിസ്ഥാനിലെ വായു മലിനീകരണ തോത്. പാകിസ്ഥാനിലെ ലാഹോറിലും കറാച്ചിയിലും സ്ഥിരമായി വായുവിന്റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. വാഹനങ്ങളിൽ നിന്നുള്ള പുക, വ്യവസായശാലകളുടെ പ്രവർത്തനം, ഗ്രാമപ്രദേശങ്ങളിൽ പാചകത്തിനായി ഖരഇന്ധനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് എന്നിവയാണ് വായുമലിനീകരണത്തിനുള്ള പ്രധാനകാരണങ്ങൾ.
ഇന്ത്യ
പട്ടികയിൽ മുന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 2023-ൽ 54.3 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്ററാണ് വായു മലിനീകരണ തോത്. ഡൽഹിയടക്കമുള്ള ഉത്തരേന്ത്യൻ നഗരങ്ങൾ ഇതിനോടകം ആഗോളതലത്തിൽ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വാഹന ഗതാഗതം, കാർഷിക അവശിഷ്ടങ്ങളുടെ ജ്വലനം, വ്യവസായ ശാലകളിൽ നിന്നുള്ള പുക, എന്നിവയാണ് ഇന്ത്യയിലെ വായുമലിനീകരണത്തിന്റെ പ്രധാനകാരണങ്ങൾ. കണക്കുകൾ പ്രകാരം രാജ്യത്ത് 1.36 ബില്ല്യൺ ആളുകൾ വായുമലിനീകരണം കാരണം അപകടം നേരിടുന്നുണ്ട്.
താജിക്കിസ്ഥാൻ
പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന താജിക്കിസ്ഥാനിൽ 49.0 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്ററാണ് വായു മലിനീകരണ തോത്. രാജ്യത്തിന് ചുറ്റുമുള്ള പർവതങ്ങൾ വായു സഞ്ചാരത്തെ പരിമിതപ്പെടുത്തുന്നു. വ്യവസായ ശാലകളിൽ നിന്നുള്ള പുകയ്‌ക്കൊപ്പം കൽക്കരിയുടെ വ്യാപകമായ ഉപയോഗവും മലിനീകരണം കൂട്ടുന്നു. രാജ്യത്തെ ദുഷാൻബെ പോലുള്ള നഗരങ്ങളാണ് ഏറ്റവും മലിനമായിരിക്കുന്നത്.
ബുർക്കിന ഫാസോ
46.6 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്ററാണ് ബുർക്കിന ഫാസോയിലെ വായു മലിനീകരണ തോത്. മരുഭൂവൽക്കരണം, പൊടിക്കാറ്റ്, പാചകം ചെയ്യുന്നതിനും ചൂടാക്കുന്നതിനുമായി ജൈവവസ്തുക്കൾ കത്തിക്കുന്നത് എന്നിവയാണ് രാജ്യത്തിന്റെ മലിനീകരണത്തിന് കാരണമാകുന്ന പ്രധാനഘടകങ്ങൾ.
Content Highlights: Dec 2, National pollution control day 5 Countries global air pollution in top rank