പേര് നിര്‍ദ്ദേശിച്ചത് സൗദി അറേബ്യ; എന്താണ് തമിഴ്‌നാടിനും കേരളത്തിനും ഭീഷണി ഉയര്‍ത്തുന്ന 'ഫെയ്ഞ്ചല്‍'?

എന്താണ് ഇന്ന് ദക്ഷിണേന്ത്യയെ ഭയപ്പെടുത്തുന്ന ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്, എങ്ങനെയാണ് ചുഴലിക്കാറ്റിന് ഈ പേര് വന്നത്

dot image

ദക്ഷിണേന്ത്യയെ ഒന്നടങ്കം ആശങ്കയില്‍ ആഴ്ത്തിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തോടെ ചുഴലിക്കാറ്റ് കര തൊടുകയും ചെയ്തു. ഫെയ്ഞ്ചല്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചുഴലിക്കാറ്റ് കേരളത്തിലും ഭീഷണി ഉയര്‍ത്തിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എന്താണ് ഇന്ന് ദക്ഷിണേന്ത്യയെ ഭയപ്പെടുത്തുന്ന ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്, എങ്ങനെയാണ് ചുഴലിക്കാറ്റിന് ഈ പേര് വന്നത്?

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ചുഴലിക്കാറ്റ് ഏറ്റവും കൂടുതലായി ബാധിച്ചിട്ടുള്ളത്. തീരദേശ ഗ്രാമങ്ങളില്‍ നിന്ന് ഇതിനോടകം ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഒരു ഉഷ്ണ മേഖല ചുഴലിക്കാറ്റാണ് നിലവില്‍ പ്രദേശത്ത് വീശിക്കൊണ്ടിരിക്കുന്ന ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്.

യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്‍ (NOAA) പറയുന്നതനുസരിച്ച്, ഉഷ്ണമേഖലാ പ്രദേശത്തിന് പുറത്ത് സംഭവിക്കുന്നവയാണ് ഉഷ്ണമേഖല ചുഴലിക്കാറ്റുകള്‍. ഇടി മിന്നലും ശക്തമായ മഴയും ഇത്തരം കാറ്റുകള്‍ക്കൊപ്പം ഉണ്ടാവും. ചൂടുള്ള സമുദ്രജലത്തില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന ജലബാഷ്പം ദ്രവജലമായി ഘനീഭവിക്കുമ്പോള്‍ പുറത്തുവരുന്ന ചൂടില്‍ നിന്നാണ് ചുഴലിക്കാറ്റിന്റെ ഊര്‍ജത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്.

ഇത്തവണത്തെ ചുഴലിക്കാറ്റിന് ഫെയ്ഞ്ചല്‍ എന്ന് പേരിട്ടിരിക്കുന്നത് സൗദി അറേബ്യയാണ്.

തെരഞ്ഞെടുക്കപ്പെട്ടത്, ഉദാസീനത, ചെറിയ കാപ്പി കപ്പ് എന്നൊക്കെയാണ് അറബിയില്‍ ഈ വാക്കിന്റെ അര്‍ത്ഥം. ലോക കാലാവസ്ഥാ സംഘടനയുടെയും (WMO) യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ ഏഷ്യയുടെയും കൂട്ടായ തീരുമാനത്തിന്റെ ഭാഗമാണ് ചുഴലിക്കാറ്റുകള്‍ക്ക് ഓരോ പേരുകള്‍ ഓരോ രാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രീതി നിലവില്‍ വന്നത്.

നിലവില്‍ തമിഴ്‌നാട്, പുതുച്ചേരി തീരപ്രദേശത്താണ് ചുഴലിക്കാറ്റ് തീവ്രമായ നാശനഷ്ടം വിതയ്ക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ചുഴലിക്കാറ്റിന്റെ ഭാഗമായി ഉണ്ടായ ശക്തമായ കാറ്റ് പശ്ചിമഘട്ടത്തില്‍ എത്തിയതിന്റെ ഭാഗമായി കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് .

ശക്തി കുറയ്ന്ന ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് മംഗലാപുരത്തിനും കണ്ണൂരിനും ഇടയിലൂടെ കടന്നുപോയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ഡിസംബര്‍ 1 ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഡിസംബര്‍ 2 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ദുര്‍ബലമാവുന്ന ചുഴലിക്കാറ്റ് എറണാകുളം തീരത്തുകൂടി കടന്ന് പോകുമെന്നായിരുന്നു കാലവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നതെങ്കിലും പിന്നീട് കാറ്റിന്റെ ദിശമാറുകയായിരുന്നു. നവംബര്‍ 30 രാത്രി 10.30നും 11.30 നും ഇടയിലാണ് പുതിയ ചുഴലിക്കാറ്റ് കരയെ തൊട്ടത്. 90 കിലോമീറ്ററോളം വേഗതയിലാണ് തീരം തൊട്ട ചുഴലിക്കാറ്റ് വീശിയത്. കരയില്‍ തൊട്ട ചുഴലിക്കാറ്റ് അതി തീവ്ര ന്യുന മര്‍ദ്ദമായി ശക്തി കുറയാനാണ് സാധ്യത.

ചുഴലിക്കാറ്റിന് പേരിടുന്നത് ആരാണ് ?

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 6 റീജിയണല്‍ സ്‌പെഷ്യലൈസ്ഡ് മീറ്റയറിലോജിക്കല്‍ സെന്റര്‍സും 5 ട്രോപിക്കല്‍ സൈക്ക്‌ലണ്‍ വാണിങ് സെന്റര്‍സുമാണ് ചുഴലിക്കാറ്റിന്റെ പട്ടികകള്‍ തയ്യാറാക്കുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കാറ്റുകള്‍ ഒരേസമയം വിശാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് വിവിധ ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നിശ്ചയിക്കാന്‍ തീരുമാനമായത്. ഇന്ത്യന്‍ കാലവസ്ഥവകുപ്പാണ് ആറില്‍ ഒരു ആര്‍എംഎസ്‌സി.

ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശ്, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്, യുഎഇ, യെമന്‍ തുടങ്ങി 13 രാജ്യങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കുന്നത് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എംസിയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുക്കുന്ന ചുഴലിക്കാറ്റുകള്‍ക്ക് ഈ രാജ്യങ്ങളാണ് പേരുകള്‍ നിര്‍ദേശിക്കുന്നത്.

പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പൊതുവായ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ചുഴലിക്കൊടുങ്കാറ്റിന് നിര്‍ദ്ദേശിക്കുന്ന പേര് നിഷ്പക്ഷമായിരിക്കണം, ജാതി, മതം, വര്‍ഗം, രാഷ്ട്രീയം, ലിംഗം തുടങ്ങിയ വേര്‍തിരിവുകള്‍ ഇല്ലാത്ത പേര് വേണം തിരഞ്ഞെടുക്കാന്‍. നല്‍കുന്ന പേര് ലോകത്തിലെ ഒരു ജനവിഭാഗത്തിനെയും വിഷമിപ്പിക്കരുത്. ക്രൂരമായതോ പരുഷമായതോ ആയ വാക്കുകള്‍ പേരുകളായി നിര്‍ദ്ദേശിക്കരുത്. എട്ട് അക്ഷരത്തില്‍ കവിയാത്ത ഉച്ചരിക്കാന്‍ എളുപ്പമായ പേരുകളായിരിക്കണം. രാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്ന പേരുകളുടെ ഉച്ചാരണവും നിര്‍ദ്ദേശിക്കുമ്പോള്‍ നല്‍കണം എന്നിങ്ങനെയാണ് ചുഴലിക്കൊടുങ്കാറ്റിന് പേരിടുമ്പോള്‍ ഉള്ള നിബന്ധനകള്‍.

കണ്ണ് എന്നര്‍ത്ഥം വരുന്ന ഓഖിയ്ക്ക് പേരിട്ടത് ബംഗ്ലാദേശ് ആയിരുന്നു. ആഗ്, വ്യോം, ഛാര്‍, പ്രൊബാഹോ, നീര്‍ എന്നിങ്ങനെയാണ് നിലവില്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിരിക്കുന്ന പേരുകള്‍. ഒരോ പുതിയ ചുഴലിക്കാറ്റുകള്‍ വരുമ്പോള്‍ ഊഴമനുസരിച്ച് പട്ടികയില്‍ നിന്ന് പേരുകള്‍ തിരഞ്ഞെടുക്കുകയും ചുഴലിക്കാറ്റുകള്‍ക്ക് നല്‍കുകയും ചെയ്യും.

Contnet Highlights: what is FENGAL CYCLONE posing a threat to Tamil Nadu and Kerala? name was suggested by Saudi Arabia,

dot image
To advertise here,contact us
dot image