ശ്രീലങ്കയില്‍ നികുതി പിരിക്കുന്ന വമ്പനെ കണ്ടോ? ആരായാലും 'കൊടുത്തു' പോകും

ദേഷ്യമോ അക്രമമോ കാണിക്കാതെ വളരെ ക്ഷമയോടെ രാജ ഭക്ഷണത്തിനായി കാത്തിരിക്കും

dot image

സാധാരണഗതിയില്‍ റോഡിന്റെ ഭാഗത്ത് നികുതി പിരിക്കുന്ന പല ടോളുകളും നമ്മള്‍ പൊതുവേ കാണാറുണ്ട്. എന്നാല്‍ ശ്രീലങ്കയില്‍ പോയാല്‍ വളരെ വ്യത്യസ്തമായ ഒരു നികുതി പിരിവ് കാണാം. ഇവിടെ നികുതി പിരിക്കുന്നത് മനുഷ്യരല്ല, മറിച്ച് ഒരു ആനയാണ്. രാജയെന്ന് വിളിക്കുന്ന 40 വയസ് പ്രായമുണ്ടെന്ന് കരുതപ്പെടുന്ന ആന പക്ഷേ പിരിക്കുന്നത് പണമല്ല, ഭക്ഷണമാണ്.

ബുട്ടാല-കട്ടാരാഗമ റോഡിലാണ് സംഭവം. റോഡിന്റെ വശത്ത് നില്‍ക്കുന്ന ആന വാഹനങ്ങള്‍ വരുമ്പോള്‍ അതിന്റെ സമീപത്തേക്ക് പോകും. യാത്രക്കാര്‍ ഭക്ഷണവും നല്‍കും. കാണുമ്പോള്‍ ടോള്‍ പിരിവിന് സമാനമായാണ് തോന്നുക. ദേഷ്യമോ അക്രമമോ കാണിക്കാതെ വളരെ ക്ഷമയോടെ രാജ ഭക്ഷണത്തിനായി കാത്തിരിക്കും. വാഹനങ്ങള്‍ നിര്‍ത്തി കഴിഞ്ഞാല്‍ തുമ്പിക്കൈ കാണിച്ച് യാത്രക്കാരോട് ഭക്ഷണത്തിന് യാജിക്കും. യാത്രക്കാര്‍ പൊതുവേ ഭക്ഷണം നല്‍കാന്‍ മടിക്കാണിക്കാറില്ല.

ഒരു ദിവസം തുടങ്ങിയ രാജയുടെ ഭക്ഷണത്തിനുള്ള 'കൈ നീട്ടല്‍' പിന്നീടങ്ങോട്ട് ഒരു സ്ഥിരംകാഴ്ചയായി മാറുകയായിരുന്നു. രാജയെ പിണക്കേണ്ടെന്ന് കരുതി നിരവധി പേര്‍ നേരത്തെ തന്നെ വാഴപ്പഴം വാങ്ങി കൈയില്‍ കരുതിയിരിക്കും. രാജ വാഹനം നിര്‍ത്തി ഭക്ഷണം വാങ്ങുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. 24 മണിക്കൂറിനുള്ളില്‍ 1.6 കോടി പേരാണ് വീഡിയോ കണ്ടത്. വാഴപ്പഴവും മറ്റും കഴിക്കുന്ന രാജയുടെ വീഡിയോയ്ക്ക് താഴെ പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നികുതി എവിടെയാണ് അടയ്‌ക്കേണ്ടതെന്നും തനിക്ക് നികുതിയടക്കാന്‍ ആഗ്രഹമുണ്ടെന്നുമായിരുന്നു ഒരു കമന്റ്.

ശ്രീലങ്കയുടെ പടിഞ്ഞാറ്-തെക്കു കിഴക്കന്‍ തീരങ്ങള്‍ തമ്മിലുള്ള സുപ്രധാന ലിങ്കായാണ് ബുട്ടാല-കട്ടാരഗമ റോഡ് പ്രവര്‍ത്തിക്കുന്നത്. റോഡിനിരുവശവും കാടുകളും വന്യമൃഗങ്ങളാലും സമ്പന്നമായ ഈ പ്രദേശം സ്വദേശികളെയും വിദേശികളെയും ഒരു പോലെ ആകര്‍ഷിക്കുന്നു. ശ്രീലങ്കയില്‍ ആനകള്‍ വളരെ അധികം ആദരിക്കപ്പെടുന്നവരാണ്. 70 ശതമാനത്തോളം ബുദ്ധമത വിശ്വാസികളുള്ള ശ്രീലങ്കയില്‍ ആനയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

Content Highlights: Elephant toll video viral in Sri Lanka

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us