അസര്‍ബൈജാനിലെ കാസ്പിയന്‍ കടലില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രേതദ്വീപ് അടുത്തിടെയാണ് നാസ കണ്ടെത്തിയത്. നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞര്‍ക്ക് പിടികൊടുക്കാതെ ഒളിച്ചുകളിക്കുകയാണ് ഈ ദ്വീപ്. കാര്യമെന്താണെന്നല്ലേ, ഇടയ്ക്കിടെ ഇത് സമുദ്രനിരപ്പിന് മുകളില്‍ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്തുകൊണ്ടിരിക്കും. തിരമാലകള്‍ക്കിടയില്‍ ദ്വീപ് അപ്രത്യക്ഷമാകുന്ന രണ്ട് ഉപഗ്രഹ ചിത്രങ്ങള്‍ നാസ പങ്കുവച്ചിട്ടുണ്ട്.
2023 ജനുവരിയിലാണ് ദ്വീപ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ സമുദ്രനിരപ്പ് ഉയര്‍ന്നപ്പോള്‍ ദ്വീപ് വീണ്ടും കടലിനടിയിലേക്ക് അപ്രത്യക്ഷമായിരിക്കുകയാണ്. അസര്‍ബൈജാന്‍ തീരത്ത് കുമാനി ബാങ്ക് മഡ് അഗ്നിപര്‍വ്വതത്തിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് മെയിന്‍ ലാന്‍ഡില്‍ നിന്ന് 12.4 മൈല്‍ അല്ലെങ്കില്‍ 20 കിലോ മീറ്റര്‍ അകലെയാണ് ഉള്ളത്.
1861 മെയ്മാസത്തിലാണ് ദ്വീപ് ആദ്യമായി സമുദ്രനിരപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ വെള്ളത്തിനടിയില്‍ അപ്രത്യക്ഷമാവുകയും ചെയ്തു. കുറഞ്ഞത് ആറ് തവണയെങ്കിലും ദ്വീപ് വെള്ളത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് നാസ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളല്ലാതെ ദ്വീപുകളുടെ രൂപത്തെക്കുറിച്ച് ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല. 2025 ജനുവരി 10 ന് പകല്‍ സമയത്ത് ദ്വീപുകള്‍ എങ്ങനെ കാണപ്പെടുന്നു എന്ന ചിത്രം നാസ പങ്കിട്ടിരുന്നു.
പ്രദേശത്തെ ഒരു അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചാണ് ദ്വീപ് സൃഷ്ടിക്കപ്പെട്ടതെന്നാണ് കരുതുന്നത്. ചെളിപുറംതള്ളുന്നതിലൂടെ സൃഷ്ടിക്കപ്പെട്ട 400 മീറ്റര്‍ വരെ നീളമുള്ള താല്‍കാലിക ഭൂപ്രദേശമാണ് ഈ ദ്വീപ്. ദ്വീപിന് 1300 അടി വീതിയുണ്ടെന്നാണ് അഡ്‌ലെയ്ഡ് സര്‍വ്വകലാശാലയിലെ ജിയോളിസ്റ്റ് മാര്‍ക്ക് ടിംഗേ പറയുന്നത്. കാസ്പിയന്‍ കടലിലായി ചെറുതും വലുതുമായി 300 ല്‍ അധികം ചെളി അഗ്നി പര്‍വ്വതങ്ങളാണ് അസര്‍ബൈജാനില്‍ ഉള്ളത്.
Content Highlights : A mysterious ghost island that frequently appears above the water