
അന്യഗ്രഹ ജീവികള്‍ ഇപ്പോഴും നമുക്ക് ഉത്തരം കിട്ടാത്ത സമസ്യയാണ്. അന്യഗ്രഹ ജീവികളെ കണ്ടുവെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന പലരെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ നിര്‍ണായകമായ ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മനുഷ്യനെ പോലെ ബുദ്ധിയും ഓര്‍മ്മശക്തിയുമുള്ള ജീവനുകള്‍ ഭൂമിക്ക് പുറത്ത് മറ്റ് ഗ്രഹങ്ങളിലും ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
മനുഷ്യന് സമാനമായ ജീവനുകളുടെ ആവിര്‍ഭാവം പ്രപഞ്ചത്തില്‍ സംഭവിച്ചിട്ടുള്ള പല സ്വാഭാവിക പ്രതിഭാസങ്ങളുടെയും പരിണിതഫലമായി സംഭവിച്ചതാകാമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്. മനുഷ്യന് സമാനമായ ജീവനുകള്‍ മറ്റ് ഗ്രഹങ്ങളിലും ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ഇതെന്നും പഠനറിപ്പോര്‍ട്ടിന്റെ സഹരചയിതാവ് കൂടിയായ ജേസണ്‍ റൈറ്റ് പറഞ്ഞു. സയന്‍സ് അഡ്വാന്‍സസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1983ലെ ബാര്‍ഡന്‍ കാര്‍ട്ടറിന്റെ തിയറിയെ വെല്ലുവിളിക്കുന്നതാണ് പെന്‍ യൂണിവേഴ്‌സിറ്റി ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്. അസംഭവ്യമായ അല്ലെങ്കില്‍ അപൂര്‍വങ്ങളായ സംഭവങ്ങളുടെ ഫലമായി ഉണ്ടായതാകാം ജീവന്റെ പരിണാമമെന്നും പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും മനുഷ്യസമാന ജീവനുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പറയുന്നതായിരുന്നു കാര്‍ട്ടറിന്റെ തിയറി. എന്നാല്‍ മനുഷ്യജീവന്റെ ആവിര്‍ഭാവം ഇതില്‍ പറയുന്നത് പോലെ അസംഭവ്യമല്ലെന്നും മറ്റുഗ്രഹങ്ങളില്‍ ജീവന്റെ നിലനില്‍പ്പിനുള്ള സാധ്യത കൂടുതലാണെന്നുമാണ് പുതിയ തിയറി അവകാശപ്പെടുന്നത്.
Content Highlights: Human-Like Lifeforms Beyond Earth? New Study Says It's More Likely Than We Thought