
ഒരാള്‍ മരിച്ചതിന് ശേഷം എന്ത് സംഭവിക്കുമെന്നത് സംബന്ധിച്ച് നിരവധി തിയറികളും കഥകളും നമ്മള്‍ കേട്ടിട്ടുണ്ട്. മരിച്ച് തിരുച്ചുവന്നതെന്ന് അവകാശപ്പെടുന്ന നിരവധി പേരുടെ അനുഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ മരിച്ച് നിമിഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന് അവകാശപ്പെടുന്ന ഒരാളെ കുറിച്ചാണ് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് മിനിറ്റ് നേരം താന്‍ മരണത്തിന്റെ ലോകത്തായിരുന്നുവെന്നും 'ഭീതിപ്പെടുത്തുന്ന' അനുഭവങ്ങളാണുണ്ടായതെന്നുമാണ് ഇയാള്‍ പറയുന്നത്.
2003ല്‍ തനിക്ക് 15 വയസുള്ളപ്പോഴാണ് സംഭവമെന്ന് യുവാവ് അവകാശപ്പെടുന്നു. 'ഒരു ദിവസം പെട്ടെന്ന് റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആ ദിവസം മുഴുവന്‍ എനിക്ക് യാതൊരു തരത്തിലുള്ള അസുഖങ്ങളും തോന്നിയിരുന്നില്ല. പെട്ടെന്ന് ശ്വാസം മുട്ടലും അസാധാരണ ഹൃദയതാളവും അനുഭവപ്പെട്ടു. പെട്ടെന്ന് റോഡില്‍ കുഴഞ്ഞുവീണു. പരാമെഡിക്കുകള്‍ എത്തി, എന്റെ ഹൃദയം നിലച്ചതായി കണ്ടെത്തി. ജീവശ്വാസം വീണ്ടെടുക്കാന്‍ അവര്‍ പ്രയത്‌നിക്കുണ്ടായിരുന്നു. ആറ് മിനിറ്റ് നീണ്ട കഠിനമായ പ്രയത്നത്തിനൊടുവില്‍ ഹൃദയം വീണ്ടും മിടിക്കാന്‍ തുടങ്ങി', യുവാവ് പറഞ്ഞു.
ഈ ആറ് മിനിറ്റോളം താന്‍ മറ്റൊരു ലോകത്തായിരുന്നുവെന്നും യുവാവ് റെഡ്ഡിറ്റ് പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. ആ നിമിഷങ്ങളില്‍ പ്രപഞ്ചത്തെ കുറിച്ച് താന്‍ മനസിലാക്കിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഇത് മനസിലാക്കേണ്ടിയിരുന്നില്ലെന്നാണ് പിന്നീട് തനിക്ക് തോന്നിയതെന്നും ഇയാള്‍ പറയുന്നു.
'എല്ലാം ഒരു പ്രകാശത്തില്‍ നിന്നാണ് ആരംഭിച്ചത്. കണ്ണുകള്‍ കാണാത്ത വിധത്തില്‍ ആ പ്രകാശം എല്ലായിടത്തും വ്യാപിച്ചു. വെളുത്ത നിറമായിരുന്നു ചുറ്റിലും. അത് എന്നെ മൂടി, എന്നെ അത് ശാന്തനാക്കുകയായിരുന്നു.' എന്നാല്‍ കാര്യങ്ങള്‍ പെട്ടെന്ന് തന്നെ മാറിമറിഞ്ഞുവെന്നും താന്‍ മുകളിലേക്ക് ഉയര്‍ത്തപ്പെട്ടെന്നും ഒരു കൂട്ടം ഗേറ്റുകളിലൂടെ താന്‍ സഞ്ചരിക്കുന്നതായി തോന്നിയെന്നും യുവാവ് പറയുന്നു.
'മാനങ്ങളില്ലാത്ത ഒരു സ്ഥലത്താണ് ഞാന്‍ എത്തിപ്പെട്ടത്, യഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറമുള്ള ഒരു സ്ഥലം. ആ സ്ഥലം എങ്ങനെയായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാകില്ല. അവിടെ ഞാന്‍ ഒറ്റക്കായിരുന്നില്ല, നിരവധി ശക്തികള്‍ എന്നെ വലയം ചെയ്തിരുന്നു. ഞാന്‍ വളര്‍ന്നത് ക്രിസ്ത്യന്‍ മതപ്രകാരമാണെന്നതിനാല്‍, അവര്‍ മാലാഖമാരാണെന്ന് ഞാന്‍ വിശ്വസിച്ചു. അവരുടെ ആലിംഗനം പ്രതീക്ഷിച്ച് കൈകള്‍ തുറന്ന് പിടിക്കുകയാണ് ഞാന്‍ അപ്പോള്‍ ചെയ്തത്. എന്നാല്‍ ഏതോ ഒരു ശക്തിയാല്‍ ഞാന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നതായി എനിക്ക് തോന്നി. അവിടെ ഭീതിയും അപമാനവുമാണ് എനിക്ക് തോന്നിയത്. നമ്മളെ കാത്തിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന അമാനുഷിക ശക്തികളായിരുന്നില്ല അവര്‍. ക്രൂരവും അനുകമ്പയുമില്ലാത്തവരുമാണ് അവരെന്നാണ് എനിക്ക് തോന്നിയത്.'
അവിടെ കണ്ട രൂപങ്ങള്‍ തന്നെ പരിഹസിച്ചുവെന്നും യുവാവ് പറയുന്നുണ്ട്. മനുഷ്യലോകത്തെ അവര്‍ നിസാരമായാണ് കാണുന്നതെന്നും, മനുഷ്യാത്മാക്കളെ അവരുടെ ലോകത്ത് അടിമകളായാണ് ഉപയോഗിക്കുന്നതെന്നും ആ രൂപങ്ങള്‍ തന്നോട് പറഞ്ഞെന്നും യുവാവ് അവകാശപ്പെടുന്നു.
ഡോക്ടര്‍മാരുടെ പരിശ്രമത്തിനൊടുവില്‍ തനിക്ക് ജീവന്‍ തിരിച്ചുകിട്ടി. താന്‍ കണ്ട കാഴ്ചകളെ കുറിച്ച് വീട്ടുകാരോട് പറഞ്ഞപ്പോള്‍, ചെറുപ്രായത്തില്‍ ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്ന ട്രോമ മൂലം തോന്നിയതാകാം ഇതൊക്കെയെന്നാണ് അവര്‍ പറഞ്ഞതെന്ന് യുവാവ് ഓര്‍മ്മിച്ചു. എന്നാല്‍ കണ്ട കാര്യങ്ങളില്‍ താന്‍ വിശ്വസിക്കുന്നുവെന്നും അതൊന്നും വെറുമൊരു തോന്നലല്ലെന്നുമാണ് യുവാവ് ആര്‍ത്തിക്കുന്നത്. നിരവധി പേരാണ് യുവാവിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ചിലര്‍ തങ്ങള്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോള്‍, മറ്റുചിലരാകട്ടെ ഇതെല്ലാം നമ്മള്‍ കടന്നുപോകുന്ന അവസ്ഥയില്‍ ചിന്തിച്ചുകൂട്ടുന്നതാണെന്നുമാണ് കമന്റ് ചെയ്യുന്നത്.
Content Highlights: A man who was 'dead' for six minutes claims to have seen the afterlife