
2025 ലേക്ക് കടന്നപ്പോഴും വായു മലിനീകരണത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം ഫലം കാണുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 2024 ല്‍ ലോകത്തിലെ ഏറ്റവും മലിനമായ മൂന്നാമത്തെ രാജ്യമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഡല്‍ഹി, ഗ്രേറ്റര്‍ നോയിഡ, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് , ഗുഡ്ഗാവ് എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളും ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിലുണ്ട്. ഇപ്പോഴത്തെ എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് 169 ആയതിനാല്‍ മലിനീകരണതോതില്‍ വലിയ മാറ്റം ഒന്നും ഇല്ല. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 111 പ്രകാരം ഇന്ത്യയുടെ വായുവിന്റെ നിലവാരം മിതമായി തോന്നിയേക്കാം. പക്ഷേ യഥാര്‍ഥത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ല.
ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരങ്ങളില്‍ ഒന്നായി തുടരുന്ന ന്യൂഡല്‍ഹി തന്നെയാണ് ഇന്ത്യയിലെ മലിനീകരണ പ്രതിസന്ധിയുടെ കേന്ദ്രബിന്ദു. 2024 ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 795 ല്‍ എത്തിയിരുന്നു.
ഇന്ത്യയിലെ മലിനീകരണം ദിവസവും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഗുരുതരമായി ബാധിക്കുന്നത്. 2024 ല്‍ രാജ്യത്തിലെ ശരാശരി PM2.5 ലവല്‍ (പുകയില്‍ സാധാരണയായി കാണപ്പെടുന്ന വളരെ ചെറിയ കണികകളാണ് PM 2.5) വളരെ ഉയര്‍ന്നതായിരുന്നു. അതായത് ഈ മലിന വായു ശ്വസിക്കുന്നത് ഒരു വര്‍ഷത്തില്‍ 800 സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണത്രേ. 2.5 മൈക്രോണില്‍ താഴെ വലിപ്പമുള്ള ഈ ചെറിയ കണികകള്‍ ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും എളുപ്പത്തില്‍ പ്രവേശിക്കും. ഇത് ശ്വസന പ്രശ്‌നങ്ങള്‍ , ഹൃദ്‌രോഗം, തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയിലെ വായു മലിനീകരണ പ്രതിസന്ധിക്ക് ഒന്നിലധികം ഘടകങ്ങളുണ്ട്. വാഹനങ്ങളുടെ പുക, വ്യാവസായിക മലിനീകരണം, പൊടി, വിളകളുടെ വൈക്കോല്‍ കത്തിക്കുന്ന പുക എന്നിവയെല്ലാം വായുവിനെ മലിനമാക്കുന്നു. സര്‍ക്കാര്‍ പരിസ്ഥിതി നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും വാഹനങ്ങളിലെ പുക നിയന്ത്രണം ശക്തമാക്കുകയും കൂടുതല്‍ വൃത്തിയുള്ളതും സുസ്ഥിരവുമായ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ. സര്‍ക്കാര്‍ മാത്രമല്ല പൊതുജനങ്ങളും അതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വ്യക്തിപരമായും മലിനീകരണം കുറയ്ക്കുകയും അവബോധം വളര്‍ത്തുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്താല്‍ മാത്രമേ എന്തെങ്കിലും മാറ്റം സംഭവിക്കുകയുളളൂ.
2024-ല്‍ ഇന്ത്യയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ക്ലയിമുകളില്‍ അസാധാരണമായ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് പുതിയ ആരോഗ്യ പോളിസികള്‍ക്കായി ന്യൂഡല്‍ഹിയില്‍ താമസിക്കുന്നവരില്‍ നിന്ന് 10 മുതല്‍ 15 ശതമാനം വരെ പണം ഈടാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ശ്രമിക്കുന്നതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ ഉണ്ടായ റെക്കോർഡ് വായു മലിനീകരണത്തെ തുടർന്നാണ് ഇൻഷുറൻസ് കമ്പനികൾ പുതിയ പദ്ധതി ആലോചിക്കുന്നത്. വായുവിലെ വിഷാംശം 2024 ല്‍ ഡല്‍ഹിയില്‍ താമസിക്കുന്നവര്‍ക്ക് ആസ്ത്മ, ക്രോണിക് ഒബ്‌സസീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ഹൃദയ സംബന്ധമായ തകരാറുകള്‍ എന്നിവയ്ക്ക് കാരണമായിട്ടുണ്ടെന്നും റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Content Highlights : Air pollution is rampant in India and people are struggling with dangerous air pollution