ഏഷ്യയുമായി 'കൂട്ടിയിടി'ക്കുമോ ഓസ്‌ട്രേലിയ? അങ്ങനെയുണ്ടായാൽ ഭൂമിയിലെ ജീവനുകള്‍ക്ക് എന്ത് സംഭവിക്കും?

ഭൂമിശാസ്ത്രപരമായ നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്നും അതിനായി കരുതിയിരിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുണ്ട്

dot image

ഓസ്‌ട്രേലിയൻ ഭൂഖണ്ഡം മെല്ലെ മെല്ലെ നീങ്ങി ഏഷ്യൻ ഭൂഖണ്ഡത്തോട് അടുക്കുന്നതായി റിപ്പോർട്ട്. വർഷത്തിൽ 7 സെന്റിമീറ്റർ എന്ന രീതിയിലാണ് ഭൂഖണ്ഡം നീങ്ങുന്നതെന്നും ഇക്കണക്കിന് പോയാൽ നിരവധി വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ ഭൂഖണ്ഡം ഏഷ്യൻ ഭൂഖണ്ഡവുമായി കൂട്ടിയിടിച്ചേക്കാമെന്നുമാണ് ഗവേഷകർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ ഭൂമിശാസ്ത്രപരമായ നിരവധി മാറ്റങ്ങൾ ഉണ്ടാകാമെന്നും അതിനായി കരുതിയിരിക്കേണ്ടതുണ്ടെന്നും ഇവർ പറയുന്നു.

ഇത്തരത്തിൽ ഓസ്‌ട്രേലിയൻ ഭൂഖണ്ഡം ഏഷ്യയോട് അടുക്കുന്നത് വർഷങ്ങൾക്ക് മുൻപേ ശാസ്ത്രജ്ഞന്മാരാൽ കണ്ടുപിടിക്കപ്പെട്ടതാണ്. 2009ൽ കുർടിൻ സർവകലാശാലയിലെ പ്രൊഫസറായ ഷെങ് സിയാങ് ലി, ഭൂഖണ്ഡങ്ങളുടെ ഈ 'നീക്കം' വളരെ സ്വാഭാവികമായ ഒരു പ്രക്രിയയാണെന്നും അവ ഒരിക്കൽ കൂട്ടിയിടിക്കുമെന്നും പറഞ്ഞിരുന്നു. ഭൂമിയുടെ ചരിത്രമെടുത്ത് നോക്കിയാൽ തന്നെ ഇവ സ്വാഭാവികമായ കാര്യമാണെന്നും, ഓസ്‌ട്രേലിയ ഏഷ്യൻ ഭൂഖണ്ഡവുമായി കൂട്ടിയിടിക്കുന്നതും സാധാരണമായ ഒരു വിഷയമാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

ഭൂമിയിലെ ഇന്ന് കാണുന്ന എല്ലാ ഭൂഖണ്ഡങ്ങളും രൂപപ്പെടാൻ കാരണമായ 'പ്ലേറ്റ് ടെക്ടോണിക്സ്' എന്ന പ്രതിഭാസമാണ് ഓസ്‌ട്രേലിയയുടെയും കാര്യത്തിൽ സംഭവിക്കുന്നത്. 80 മില്യൺ വർഷങ്ങൾക്ക് മുൻപ് അന്റാർട്ടിക്കയിൽ നിന്ന് വിഘടിച്ച് വന്നതാണ് ഓസ്‌ട്രേലിയ എന്നാണ് ശാസ്ത്രം പറയുന്നത്. കഴിഞ്ഞ 50 മില്യൺ വർഷങ്ങളായും ഭൂഖണ്ഡം നീങ്ങികൊണ്ടേയിരിക്കുകയാണ് എന്നും ശാസ്ത്രസമൂഹം കണ്ടെത്തിയിരുന്നു. ഇത് പതിയെ യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കുകയും, ഈ നീക്കം ഭൂമിശാസ്ത്രപരമായ പല മാറ്റങ്ങൾക്കും കാരണമാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്. ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും ജൈവവൈവിധ്യങ്ങളെയും ആവാസവ്യവസ്ഥകളെയും ഇത് സാരമായി ബാധിക്കുമെന്നും പറയുന്നുണ്ട്.

ഭൂമിശാസ്ത്രപരമായി വ്യത്യസ്തമായ ഭൂഖണ്ഡങ്ങളാണ് ഓസ്‌ട്രേലിയയും ഏഷ്യയും. ഇരു ഭൂഖണ്ഡങ്ങളുടെയും 'കൂട്ടിയിടി' ഇതുവരെയുള്ള ആവാസവ്യവസ്ഥകളെയെല്ലാം തകിടം മറിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പല ജീവികളുടെയും വംശനാശത്തിനും മറ്റും ഇത് കാരണമായേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. മാത്രമല്ല, ഭൂമികുലുക്കം, പുതിയ അഗ്നിപർവ്വതങ്ങളുടെ രൂപീകരണം തുടങ്ങി അനവധി പ്രതിസന്ധികളും ഉണ്ടായേക്കാമെന്നും പ്രവചനമുണ്ട്.

Content Highlights: Australian continent to collide with Asian continent

dot image
To advertise here,contact us
dot image