
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നത് എന്ന് പറഞ്ഞാൽ പോലും കുറഞ്ഞുപോകുന്ന തരത്തിലുള്ള ഒരു കൊലപാതകമാണ് വെഞ്ഞാറമൂടിൽ കഴിഞ്ഞ ദിവസം നടന്നത്. അവിശ്വസനീയമായ, കൊടുംക്രൂരമായ ഒരു കൊലപാതകം. സ്വന്തം കുടുംബാംഗങ്ങളെയും, പെൺസുഹൃത്തിനെയും,13 വയസ് മാത്രമുളള കുഞ്ഞനുജനെയും ഒരു ദയയും കൂടാതെ അടിച്ചുകൊല്ലാൻ അഫാന് മനസ് വന്നതെങ്ങനെയെന്നാണ് ഈ കുടുംബത്തെ അറിയുന്നവരെല്ലാം ചോദിക്കുന്നത്. കൂട്ടക്കൊലപാതക വാർത്ത അറിഞ്ഞ നിമിഷം മുതൽ ഈയൊരു ചോദ്യം തന്നെയാണ് ഓരോ മലയാളിയും ഹൃദയവേദനയോടെ സ്വയം ചോദിക്കുന്നതും.
മണിക്കൂറുകളുടെ ഇടവേളകളിൽ ഒന്നിന് പുറകെ ഒന്നായി മൂന്നിടത്തായി അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. രാവിലെ 11 മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് ഈ ക്രൂരകൊലപാതകങ്ങൾ എല്ലാം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അഫാൻ ആദ്യം ആക്രമിച്ചത് സ്വന്തം ഉമ്മയെയാണ്. രാവിലെ 11.30ഓടെ സ്വന്തം വീട്ടിൽ വെച്ച് ഉമ്മയായ ഷെമിയുടെ കഴുത്തിൽ ഷോൾ ചുറ്റിയ ശേഷം, തല ചുമരിൽ ഇടിപ്പിക്കുകയായിരുന്നു അഫാൻ. അഫാൻ്റെ ക്രൂരതയിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത് ഉമ്മ മാത്രമാണ്. അവരിപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പരിക്കേറ്റ ഉമ്മയെ മുറിയിൽ പൂട്ടിയിട്ട് അഫാൻ നേരെ പോയത് പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലേക്കായിരുന്നു. നേരത്തെ ഇയാൾ മുത്തശ്ശിയുടെ സ്വർണ മോതിരം പണയം വെച്ചിരുന്നു. ഇവിടെയെത്തിയ അഫാൻ മുത്തശ്ശിയോട് പണം ആവശ്യപ്പെട്ടു. എന്നാൽ അതിന് വിസമ്മതിച്ചതോടെ നേരത്തെ വാങ്ങിവെച്ചിരുന്ന ചുറ്റിക കൊണ്ട് മുത്തശ്ശിയെ അഫാൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അവരുടെ മാല പൊട്ടിച്ചെടുത്ത് അവിടെ നിന്നും മടങ്ങിയ അഫാൻ പിന്നീടത് പണയം വെച്ചുവെന്നും ഈ പണവും കയ്യിൽ കരുതിയായിരുന്നു പിന്നീടുള്ള കുറ്റകൃത്യങ്ങൾ അഫാൻ നടത്തിയതെന്നുമാണ് നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ഏതാണ്ട് ഈ സമയത്താണ് ചുള്ളാളത്ത് താമസിക്കുന്ന പിതാവിന്റെ സഹോദരനായ ലത്തീഫ് അഫാനെ ഫോണിൽ വിളിക്കുന്നത്. ഉമ്മയെ വിളിച്ചുകിട്ടാത്തതുകൊണ്ട് വിളിച്ചതായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പിതൃസഹോദരന്റെ വീട്ടിലെത്തിയ അഫാൻ ലത്തീഫിനെയും ഭാര്യ ഷാഹിദയെയും ക്രൂരമായി കൊലപ്പെടുത്തി. ഇവർ അഫാനെ സാമ്പത്തികമായി സഹായിച്ചിരുന്നില്ല എന്നത് കൊലപാതകത്തിനുള്ള കാരണമായിരിക്കാം എന്നാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. അവിടെ എന്തെങ്കിലും തർക്കം നടന്നോ എന്നതടക്കമുള്ള വിവരങ്ങൾ ഈ സമയം വരെ ലഭ്യമല്ല.
ഈ കൊലപാതകപരമ്പരയിൽ ഏറ്റവും ദുരൂഹമായ കാര്യങ്ങൾ ഇതിന് ശേഷമാണ് നടക്കുന്നത്. പിതൃസഹോദരൻ്റെ വീട്ടിലേക്ക് പോകുമ്പോൾ പെൺസുഹൃത്തായ ഫർസാനയെ വിളിച്ച് വീട്ടിലെത്തി തന്റെ മുറിയിൽ ഇരിക്കാൻ അഫാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പേരുമലയിലെ അഫാൻ്റെ വീട്ടിലെത്തി അഫാന മുറിയിൽ കാത്തിരുന്നു. തിരിച്ചെത്തിയ അഫാൻ ഫർസാനയെയും കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് അനുജൻ സ്കൂൾ വിട്ടുവരുന്നത് വരെ അഫാൻ വീട്ടിൽ കാത്തിരുന്നു. വീട്ടിലെത്തിയ കുഞ്ഞനുജനെ അവന് ഏറ്റവും ഇഷ്ടപ്പെട്ട മന്തിവാങ്ങാനായി പറഞ്ഞയച്ചു. പിന്നീട് അനുജനെയും അഫാൻ കൊലപ്പെടുത്തി. മന്തിയും ചിതറിയ നോട്ടുകളും വീട്ടിലുണ്ടായിരുന്നു.
രക്തബന്ധമുള്ളവരെയും പെൺസുഹൃത്തിനെയും ഇത്രയും ക്രൂരമായി കൊലപ്പെടുത്താൻ അഫാനെ പ്രേരിപ്പിച്ചത് എന്താണെന്നാണ് ഇനി അറിയേണ്ടത്. അഫാന്റെ വ്യക്തിപരമായ സാമ്പത്തിക പ്രശ്നം കൊലപാതകത്തിലേയ്ക്ക് നയിക്കാൻ കാരണമായി എന്നാണ് പൊലീസ് നിഗമനം. പ്രണയിനിക്കൊപ്പം ജീവിക്കാനുള്ള പണമില്ലാത്തതും ക്രൂരകൃത്യം ചെയ്യാനുള്ള മനോനിലയിലേയ്ക്ക് അഫാനെ നയിച്ചിരിക്കാം എന്നും വിലയിരുത്തലുണ്ട്. എന്തായാലും കൊലപാതകം നടത്താനായി മാത്രം ചുറ്റിക വാങ്ങി, 30 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച് മൂന്നിടത്തായി ആറ് പേരെ കൊലപ്പെടുത്താൻ തീരുമാനിച്ച പ്രതിയുടെ മനോനില എന്തായിരിക്കും എന്നത് ഇപ്പോഴും ദുരൂഹമാണ്. അഫാൻ ആക്രമിച്ച ആറുപേരിൽ തലനാരിഴയ്ക്ക് ജീവൻ തിരിച്ചു കിട്ടിയ ഉമ്മ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നാൽ എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത കിട്ടുമെന്നാണ് ഇപ്പോഴുള്ള പ്രതീക്ഷ.
Content Highlights: How Venjaramood murder happened