
കഴിഞ്ഞ വര്‍ഷം ലോകം കണ്ടത് മുമ്പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള കാലാവസ്ഥാ ദുരന്തങ്ങളെന്ന് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കങ്ങള്‍, മണ്ണിടിച്ചില്‍, കൊടുങ്കാറ്റ്, ഉഷ്ണതരംഗങ്ങള്‍ തുടങ്ങി 150ല്‍ അധികം ശക്തമായ പ്രകൃതിദുരന്തങ്ങളാണ് ലോകം കണ്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന(WMO)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ വര്‍ഷമെന്നാണ് 2024-നെ WMOയുടെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. പ്രകൃതി ദുരന്തങ്ങളില്‍ എട്ട് ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായി. 2008ലെ ദുരന്തബാധിതരുടെ എണ്ണത്തെ മറികടക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കണക്ക്.
ജപ്പാനിലുണ്ടായ ഉഷ്ണതരംഗങ്ങള്‍ ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചു. പശ്ചിമ ഓസ്ട്രേലിയയിലെ കാര്‍നാര്‍വോണില്‍ ഉഷ്ണതരംഗ സമയത്ത് ഉയര്‍ന്ന താപനില 49.9 ഡിഗ്രി സെല്‍ഷ്യസും ഇറാനിലെ തബാസ് നഗരത്തില്‍ 49.7 ഡിഗ്രി സെല്‍ഷ്യസും മാലിയില്‍ രാജ്യവ്യാപകമായി ഉണ്ടായ ഉഷ്ണതരംഗത്തില്‍ ശരാശരി ഉയര്‍ന്ന താപനില 48.5 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു.
ഇറ്റലിയിലെ റെക്കോര്‍ഡ് മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വൈദ്യുതി തടസ്സപ്പെടുന്നതിനും കാരണമായി. സെനഗലില്‍ ആയിരക്കണക്കിന് വീടുകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു. പാകിസ്താനിലും ബ്രസീലിലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ വിളനാശം സംഭവിച്ചു.
2024-ലുണ്ടായ ആഗോളതാപനം കൊടുങ്കാറ്റുകളെ അതിശക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫിലിപ്പീന്‍സില്‍ ആറ് ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ചത് ഒരു മാസത്തിനുള്ളിലായിരുന്നു. യുഎസിലെ ഫ്‌ലോറിഡയിലെ ബിഗ് ബെന്‍ഡ് മേഖലയില്‍ വീശിയ ഹെലീന്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരുന്നു. അതേസമയം വിയറ്റ്‌നാമിലുണ്ടായ കൊടുങ്കാറ്റും ലക്ഷക്കണക്കിന് പേരെയാണ് ബാധിച്ചത്. കാലാവസ്ഥാവ്യതിയാനത്തെ മുഖവിലയ്‌ക്കെടുക്കാതെ വികസിത രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികളെയും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ലോകനേതാക്കള്‍ ഒരുമിച്ച് സ്വീകരിക്കേണ്ട തീരുമാനങ്ങളെ കുറിച്ചും യുഎന്‍ റിപ്പോര്‍ട്ട് അടിവരയിടുന്നു. ലോകമെമ്പാടുമുള്ള ജനതയ്ക്കായുള്ള 'വേക്ക്-അപ് കോളാ'ണ് ഈ റിപ്പോര്‍ട്ടെന്നാണ് WMO സെക്രട്ടറി ജനറല്‍ പ്രൊഫസര്‍ സെലസ്‌തെ സൗലോ പ്രതികരിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ച് മുന്നറിയിപ്പ് സംവിധാനങ്ങളുണ്ടാകേണ്ടതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Content Highlights: More than 150 ‘unprecedented’ climate disasters struck world in 2024, says UN