
അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്നതിന് ഇതുവരെ കൃത്യമായൊരുത്തരം നമുക്ക് ലഭിച്ചിട്ടില്ല. പല സമയങ്ങളിലും പല തരത്തിലുള്ള വാര്‍ത്തകള്‍ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് നാം കേട്ടിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന ഒരു ഡോക്യുമെന്ററിയാണ് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഭൂമിയിലെ അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെ കുറിച്ച് സംസാരിക്കുന്ന ഡോക്യുമെന്ററി, വിവരങ്ങള്‍ മറച്ചുവെക്കാന്‍ യുഎസ് സര്‍ക്കാര്‍ ശ്രമിച്ചതായും അവകാശപ്പെടുന്നുണ്ട്.
ഡാന്‍ ഫറയുടെ 'ദി ഏജ് ഓഫ് ഡിസ്‌ക്ലോഷര്‍' എന്ന ഡോക്യുമെന്ററി മാര്‍ച്ച് 9ന് ടെക്‌സസില്‍ നടന്ന സൗത്ത് ബൈ സൗത്ത്‌വെസ്റ്റ് ഫിലിം ഫെസ്റ്റിവലിലാണ് പ്രദര്‍ശിപ്പിച്ചതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക്യുമെന്ററിയില്‍ സംസാരിക്കുന്ന സൈനിക, ഇന്റലിജന്‍സ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, തിരിച്ചറിയാന്‍ കഴിയാത്ത ആകാശ പ്രതിഭാസങ്ങളെ(UAPs- Unidentified flying objects/UFO) കുറിച്ച് സമ്മതിക്കുന്നുണ്ട്. കണ്ടെത്തിയ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വിവരങ്ങളെ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നും ഇവര്‍ പറയുന്നുണ്ട്. സര്‍ക്കാരിന്റെ അഡ്വാന്‍സ്ഡ് എയറോസ്‌പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാമില്‍ അംഗമായ ലൂയിസ് എലിസോണ്ടോ ഇതിനെ, 'യുഎസ് സര്‍ക്കാരിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ തെറ്റായ വിവരങ്ങളുടെ പ്രചാരണം', എന്നാണ് വിശേഷിപ്പിക്കുന്നത്. നുണകളുടെയും വഞ്ചനയുടെയും 80 വര്‍ഷങ്ങളെന്നും അദ്ദേഹം പറയുന്നുണ്ട്. 34 ഉദ്യോഗസ്ഥരാണ് ഡോക്യുമെന്റിയില്‍ സംസാരിച്ചിരിക്കുന്നത്.
1940 മുതല്‍ നമ്മുടെ സാങ്കേതിക മികവുകളും കണ്ടുപിടുത്തങ്ങളെയും കുറിച്ച് മനസിലാക്കാന്‍ അന്യഗ്രഹപേടകങ്ങള്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. മാത്രമല്ല ഇതില്‍ ചിലര്‍ തങ്ങള്‍ക്ക് ഭൂമിയിലെ അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെ കുറിച്ച് നേരിട്ടറിയാമെന്നും ദേശീയ സുരക്ഷാ ഭീഷണിയായ് കണ്ടാണ് സര്‍ക്കാര്‍ ഈ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതെന്നും ഇവര്‍ പറയുന്നുണ്ട്.
വിമാനങ്ങളുടെ പരമാവധി വേഗതയുടെ 10 മടങ്ങ് വേഗതയില്‍ UAP-കള്‍ക്ക് പറക്കാനാകുമെന്നും ഇത് തങ്ങള്‍ കണ്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ പ്രതികരിച്ചു. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ന്യൂയോര്‍ക്ക് സെനറ്റര്‍ കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡും ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നതിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യരല്ലാത്ത ജീവികളെയും മനുഷ്യനിര്‍മിതമല്ലാത്ത വസ്തുക്കളും തന്റെ കണ്ണുകള്‍ കൊണ്ട് കണ്ടിട്ടുണ്ടെന്നാണ് മുന്‍ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥനും സര്‍ക്കാരിന്റെ യുഎപി ടാസ്‌ക് ഫോഴ്സിന്റെ ഡയറക്ടറുമായ ജെയ് സ്ട്രാറ്റണ്‍ ഡോക്യുമെന്ററില്‍ പറയുന്നത്.
Content Highlights: New Documentary Claims Presence Of Alien Life On Earth