ഡിസൈനർ സബ്യസാചി മുഖർജിയെ കൈയ്യടിപ്പിച്ച് ലഖ്‌നൗവിലെ ഒരു ചേരിയിൽ നിന്നുള്ള ഒരു കൂട്ടം കുട്ടികൾ. തൻ്റെ 'നവവധു' കാമ്പെയ്‌ൻ്റെ വീഡിയോ റീക്രിയേറ്റ് ചെയ്ത് ഇറക്കിയ വൈറൽ വീഡിയോയുടെ പേരിലായിരുന്നു സബ്യസാചി മുഖർജി കുട്ടികളെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ലഖ്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാവപ്പെട്ട കുട്ടികൾക്കായുള്ള സർക്കാരിതര സംഘടനയായ ഇന്നവേഷൻ ഫോർ ചേഞ്ച് പോസ്റ്റ് ചെയ്ത വീഡിയോയാണ് സബ്യസാചിയെ ആകർഷിച്ചത്.
'ഹെറിറ്റേജ് ബ്രൈഡൽ' ശേഖരം പ്രദർശിപ്പിക്കുന്ന മോഡലുകളുടെ ഒരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ, സബ്യസാചി തൻ്റെ പങ്കിട്ടിരുന്നു. 'ചുവപ്പ് കാലാനുസൃതമല്ല, അത് പ്രതീകാത്മകമാണ്', എന്ന അടിക്കുറിപ്പും സബ്യസാചി തൻ്റെ വീഡിയോയ്ക്ക് നൽകിയിരുന്നു. ഈ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലഖ്‌നൗവിലെ ചേരിയിൽ നിന്നുള്ള കുട്ടികൾ ഈ വീഡിയോ പുനഃസൃഷ്ടിച്ചത്. സംഭാവന കിട്ടിയ വസ്ത്രങ്ങൾ കൊണ്ട് നിർമ്മിച്ച ഔട്ട്ഫിറ്റുകളുമായാണ് കുട്ടികൾ ഈ വീഡിയോ പുനഃസൃഷ്ടിച്ചത്.
15 വയസ്സുള്ള കുട്ടികൾ അവരുടെ ക്യാമറാ കഴിവുകൾ വികസിപ്പിച്ചെടുത്താണ് ഈ വീഡിയോ പൂർണ്ണമായും ചിത്രീകരിച്ചതെന്നാണ് ഇന്നവേഷൻ ഫോർ ചേഞ്ച് വ്യക്തമാക്കുന്നത്. ഈ യുവ സൃഷ്‌ടാക്കളുടെ സർഗ്ഗാത്മകതയും കഴിവും ഉയർത്തിക്കാട്ടുന്നതാണ് പെൺകുട്ടികൾ ധരിച്ചിരിക്കുന്ന ചുവന്ന വസ്ത്രം. ഇവർ രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളാണ് വീഡിയോയിൽ 12 മുതൽ 17 വയസ്സ് വരെയുള്ള പെൺ കുട്ടികൾ ധരിച്ചിരിക്കുന്നത്.
'ഈ കുട്ടികൾ വളരെ ദരിദ്രരും നിസ്സഹായരുമായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. നാട്ടുകാരിൽ നിന്നും അയൽപക്കത്തുള്ളവരിൽ നിന്നും ചാരിറ്റിയായി ലഭിക്കുന്ന എല്ലാ വസ്ത്രങ്ങളും തരംതിരിച്ച് തങ്ങളുടെ സർഗ്ഗാത്മകതയിലൂടെ ഡിസൈനർ വസ്ത്രങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നു. ഒരു പുതിയ @sabyasachi വീഡിയോ കണ്ടതിന് ശേഷം അവർ അതുപോലെ എന്തെങ്കിലും ചെയ്യാൻ അടുത്തിടെ തീരുമാനിച്ചു' എന്നും ഇന്നവേഷൻ ഫോർ ചേഞ്ച് അവരുടെ പോസ്റ്റിൽ കുറിച്ചിരുന്നു.
കുട്ടികളുടെ വീഡിയോയിൽ സന്തുഷ്ടനായ സബ്യസാചി 'ഹാർട്ട്' ഇമോജി ഉപയോഗിച്ച് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുകയും അവരെ 'വിജയികളെന്ന്' വിശേഷിപ്പിക്കുകയും ചെയ്തു. ഇന്നൊവേഷൻ ഫോർ ചേഞ്ച് പോസ്റ്റ് ചെയ്ത വീഡിയോയുടെ കമൻ്റിൽ സബ്യസാചി ഒരു ഹാർട്ട് ഇമോജിയും പങ്കുവെച്ചു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പുറമേ, ലഖ്‌നൗവിലെ ചേരിയിൽ നിന്നുള്ള കുട്ടികളുടെ വീഡിയോയിൽ അദിതി റാവു ഹൈദരി ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.
Content Highlights: Lucknow slum children recreate Sabyasachi's bridal campaign video