ആകാശം പ്രതിരോധിക്കാൻ അയൺ ബീം!, പുതിയ വ്യോമപ്രതിരോധ സംവിധാനവുമായി ഇസ്രയേൽ; ശേഷിയും പോരായ്മയും

'അയൺ ബീം' എന്ന ലേസർ പ്രതിരോധ സംവിധാനമാണ് ഇസ്രയേൽ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ

dot image

ഇറാനും ഇസ്രയേലും മുഖാമുഖം വന്നതോടെ മധ്യേഷ്യയിലെ സംഘർഷത്തിന് മറ്റൊരു തലം കൂടി കൈവന്നിരിക്കുകയാണ്. ഇറാൻ്റെ നിഴൽസംഘടനകൾ എന്ന് ഇസ്രയേൽ ആരോപിക്കുന്ന ഹമാസും ഹിസ്ബുള്ളയും ഹൂതികളും അടക്കമുള്ള സായുധസംഘങ്ങൾ ഇസ്രയേലിനെ പലപ്പോഴായി ലക്ഷ്യം വെച്ചിരുന്നു. ഇതിൽ ഹമാസും ഹിസ്ബുള്ളയും മിസൈലുകളും റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള വ്യോമാക്രമണങ്ങളും ഇസ്രയേലിനെതിരെ നടത്തിയിട്ടുണ്ട്. എന്നാൽ ഇസ്രയേലിൻ്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനം ഇത്തരം അക്രമണങ്ങളെയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചതാണ് ചരിത്രം.

2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണങ്ങളെ തടയുന്നതിൽ ഇസ്രയേലിൻ്റെ വ്യോമപ്രതിരോധ സംവിധാനമായ അയൺ ഡോമിന് പിഴവ് പറ്റിയതായി അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അയൺ ഡോമിൻ്റെ കാര്യക്ഷമതയുടെ പേരിൽ നെതന്യാഹു സർക്കാരിനെതിരെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഹമാസും ഹിസ്ബുള്ളയും നടത്തിയ ആക്രമണങ്ങളെ അയൺ ഡോം ഫലപ്രദമായി പ്രതിരോധിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെയും ഇസ്രയേലിൻ്റെ അയൺ ഡോം പ്രതിരോധിച്ചിരുന്നു. ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനെതിരെ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരെ സമീപകാലത്ത് വ്യോമമാർഗ്ഗം നടന്ന ആക്രമണങ്ങൾ ഒരുപരിധിവരെ അയൺ ഡോം അടക്കമുള്ള സംവിധാനങ്ങൾ പ്രതിരോധിച്ചിരുന്നെങ്കിലും പഴുതുകളും പരിമിതികളും പ്രകടമായിരുന്നു. ഈ ആക്രമണങ്ങളിൽ ഇസ്രയേലിന് അപ്രതീക്ഷിത നഷ്ടങ്ങളും സംഭവിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇസ്രയേൽ പുതിയ വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

'അയൺ ബീം' എന്ന ലേസർ പ്രതിരോധ സംവിധാനമാണ് ഇസ്രയേൽ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരുവർഷത്തിനകം ഇസ്രയേൽ ലോകത്തെ തന്നെ ഏറ്റവും ശക്തമായ വ്യോമപ്രതിരോധ സംവിധാനമായ അയൺ ബീം പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ എന്നിവയെ അതിവേഗത്തിൽ കൃത്യതയോടെ തകർക്കാനുള്ള ശേഷിയാണ് അയൺ ബീം ലേസർ പ്രതിരോധ സംവിധാനത്തിൻ്റെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുതിയ വ്യോമപ്രതിരോധ സംവിധാനത്തിനായി ഇസ്രായേൽ 500 മില്യൺ ഡോളറിലധികം ചെലവഴിക്കുന്നുവെന്നാണ് റിപ്പോർട്ട്. കുറഞ്ഞ ചെലവിൽ പരിധിയില്ലാത്ത ശേഷിയുള്ള പ്രതിരോധം ഒരുക്കുമെന്നാണ് അയൺ ബീം ലേസർ പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള ഇസ്രയേലിൻ്റെ അവകാശവാദം. എന്നാൽ മോശം കാലാവസ്ഥയിൽ അയൺ ബീം ലേസർ പ്രതിരോധ സംവിധാനത്തിൻ്റെ ഫലപ്രാപ്തി പരിമിതമാണെന്നും വിലയിരുത്തലുകളുണ്ട്.

ഇസ്രായേലിൻ്റെ പുതിയ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' അടുത്ത വർഷം പ്രവർത്തനക്ഷമമാകുമെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന ശക്തിയിലുള്ള ലേസർ ആയുധമെന്ന നിലയിലാണ് 'അയൺ ബീം' രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന അയൺ ഡോം ഉൾപ്പെടെയുള്ള ഇസ്രായേലിൻ്റെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങളെ അയൺ ബീമിൻ്റെ വരവ് ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്ന. വിവിധയിനത്തിലുള്ള പ്രൊജക്‌ടൈലുകളെ കൃത്യമായി കണ്ടെത്തുകയും തടയുകയും നശിപ്പിക്കുകയും ചെയ്യാനുള്ള ശേഷി 'അയൺ ബീമി'നുണ്ടെന്നാണ് വിലയിരുത്തൽ. 'അയൺ ബീം' വികസിപ്പിക്കുന്നതിനെ ഇസ്രായേലി പ്രതിരോധ മന്ത്രാലയം 'യുദ്ധത്തിൻ്റെ പുതിയ യുഗം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇസ്രയേൽ എത്രപ്രാധാന്യത്തോടെയാണ് 'അയൺ ബീമി'നെ കാണുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

500 മില്യൺ ഡോളറിലധികമാണ് 'അയൺ ബീമി'ന് കണക്കാക്കുന്ന ചെലവ്. ഇസ്രയേലിനെ സംബന്ധിച്ച് പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി മുടക്കുന്ന ഭീമമായ തുകയായും ഇത് മാറുന്നു. മിസൈലുകൾ, ഡ്രോണുകൾ, റോക്കറ്റുകൾ, മോർട്ടറുകൾ എന്നിവയെ ലക്ഷ്യമിടുന്ന നൂതന സാങ്കേതിക സംവിധാനങ്ങൾ അയൺ ബീമിൽ സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ട്. ഗാസയിലെ ഹമാസും ലെബനനിലെ ഹിസ്ബുള്ളയും സമീപകാലങ്ങളിൽ ഇസ്രയേലിൽ നടത്തിയ മിസൈൽ, റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ ഇസ്രയേലിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിൽ ചില ആക്രമണങ്ങൾക്ക് ഇസ്രയേലിൽ നാശനഷ്ടമുണ്ടാക്കാനും കഴിഞ്ഞിരുന്നു. ഇസ്രായേലിലെ തീരദേശ നഗരമായ സിസേറിയയിലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിയിൽ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താൻ ഹിസ്ബുള്ളയ്ക്ക് കഴിഞ്ഞിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് വലിയ നിക്ഷേപം നടത്തി അയൺ ബീം എന്ന ലോസർ പ്രതിരോധ സംവിധാനം ഇസ്രയേൽ രൂപകൽപ്പന ചെയ്യുന്നത്.

എൽബിറ്റ് സിസ്റ്റംസുമായി സഹകരിച്ച് അയൺ ഡോമിന് പിന്നിൽ പ്രവർത്തിച്ച റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ആണ് അയൺ ബീം വികസിപ്പിക്കുന്നത്. പ്രകാശവേഗതയിൽ പ്രവർത്തിക്കുന്ന ഒരു ലേസർ ആയുധമാണ് ഇതിൻ്റെ കരുത്ത്. നൂറ് കണക്കിന് മീറ്റർ മുതൽ ഒന്നിലധികം കിലോമീറ്റർ വരെയാണ് ഇതിൻ്റെ റേഞ്ച്. പരമ്പരാഗത പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇതിന് പരിധിയില്ലാത്ത 'മാഗസിൻ കപ്പാസിറ്റി' ഉണ്ട്. ഇത് ഓരോ തവണയുള്ള പ്രതിരോധത്തിനും താരതമ്യേനയുള്ള ചെലവ് കുറയ്ക്കുന്നു. കൂടാതെ ഇത് കൊളാറ്ററൽ നാശനഷ്ടം കുറയ്ക്കുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ സംബന്ധിച്ച് ഇത് വളരെ ഉപകാരപ്രദമാണ്.

ചെറിയ പ്രൊജക്‌ടൈലുകൾ നിർവീര്യമാക്കാനും ബാലിസ്റ്റിക് മിസൈലുകൾ പോലുള്ള വലിയ ഭീഷണികൾ തടയുന്നതിനായി ഇസ്രയേൽ ഡിഫൻസ് സംവിധാനം വികസിപ്പിച്ച ആരോ 2 ആരോ 3 പോലുള്ള ലോങ്ങ് റേഞ്ച് ഇൻ്റർസെപ്റ്റേഴ്സിനുമായി അയൺ ബീമിൻ്റെ പ്രവർത്തനം കേന്ദ്രീകരിക്കുമെന്നുമാണ് ഇസ്രയേൽ പ്രതിരോധ മന്ത്രാലത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. നിലവിലെ അയൺ ഡോം പോലുള്ള പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് തലവേദനയായ ഡ്രോൺ പോലുള്ള ഭാരം കുറഞ്ഞ ആയുധങ്ങളെ നേരിടാൻ പുതിയ അയൺ ബീം കൂടുതൽ ഫലപ്രദമാണ്. റഡാറിൻ്റെ കണ്ണുവെട്ടിക്കാൻ ശേഷിയുള്ള ഡ്രോൺ പോലുള്ള അയുധങ്ങളുടെ ഭീഷണിയാണ് അയൺ ബീം എന്ന ആശയത്തിലേയ്ക്ക് അടിയന്തിരമായി ഇസ്രയേലിനെ നയിച്ചത്. ചൂട് കേന്ദ്രീകരിച്ചുള്ള അയൺ ബീമിൻ്റെ ശേഷി ഇത്തരത്തിലുള്ള ഭാരംകുറഞ്ഞ ചെറിയ അയുധങ്ങളെ കണ്ടെത്തി നശിപ്പിക്കാൻ പര്യാപ്തമാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിൻ്റെ അവകാശവാദം. ഇത് ഇസ്രയേലിൻ്റെ മൾട്ടി ലെയർ വ്യോമപ്രതിരോധ സംവിധാനത്തിന് കരുത്ത് പകരുമെന്നും കണക്കാക്കപ്പെടുന്നു.

അയൺ ബീം ലേസർ പ്രതിരോധ സംവിധാനത്തിൻ്റെ ഏറ്റവും വലിയ സവിശേഷത അതിൻ്റെ പ്രവർത്തനച്ചെലവാണ്. നിലവിലുള്ള ഓരോ അയൺ ഡോം ഇൻ്റർസെപ്റ്റർ മിസൈലിനും ഏകദേശം 50,000 ഡോളറാണ് ചെലവ് വരുന്നതെന്നാണ് ടെൽ അവീവിലെ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കണക്ക്. എന്നാൽ അയൺ ബീമിൻ്റെ ലേസർ അധിഷ്‌ഠിത സാങ്കേതികവിദ്യ ഈ ചെലവിൻ്റെ ഒരു അംശത്തിൽ പ്രവർത്തിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഇസ്രയേൽ നിലവിൽ പ്രതീക്ഷിക്കുന്ന ദീർഘകാല സംഘർഷങ്ങളുടെ ചെലവ് കണക്കാക്കുമ്പോൾ ഇതൊരു സുസ്ഥിരമായ പരിഹാരമായി മാറുമെന്നാണ് വിലയിരുത്തൽ. അയൺ ബീം ലേസർ പ്രതിരോധ സംവിധാനത്തിൻ്റെ ചെലവ് കുറവും കാര്യക്ഷമതയും ഇസ്രായേലിനെ നീണ്ടുനിൽക്കുന്ന ആക്രമണങ്ങളെ നേരിടാൻ പ്രാപ്തരാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇത്രയേറെ നേട്ടങ്ങളുണ്ടെങ്കിലും അയൺ ബീമിൻ്റെ ശ്രദ്ധേയമായ പരിമിതിയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മോശം കാലാവസ്ഥയിലും കുറഞ്ഞ ദൃശ്യപരതയിലും അയൺ ബീം ഫലപ്രദമല്ല എന്ന വാദമാണ് ഉയരുന്നത്. പ്രതികൂല കാലാവസ്ഥയ്ക്ക് ലേസറിൻ്റെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്താൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദൃശ്യപരതയിൽ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ പ്രതിരോധത്തിൽ വിടവുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ഇസ്രയേലിൻ്റെ വ്യോമപ്രതിരോധ സംവിധാനത്തിലെ പ്രധാനിയായി മാറുമ്പോഴും എല്ലാ സാഹചര്യത്തിലും പൂർണ്ണമായി ആശ്രയിക്കാൻ കഴിയാത്ത സംവിധാനം എന്ന പരിമിതിയും അയൺ ബീമിനുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാൽ തന്നെ നിലവിലെ അയൺ ഡോം പോലുള്ള പ്രതിരോധ സംവിധാനങ്ങളെ പൂർണ്ണമായി ഒഴിവാക്കി അയൺ ബീമിനെ മാത്രം ഇസ്രയേൽ ആശ്രയിക്കാനിടയില്ലെന്നും വിലയിരുത്തലുകളുണ്ട്. സാങ്കേതികവിദ്യയുടെ പുരോഗതി അനുസരിച്ച് ആയുധത്തിൻ്റെ നിർമ്മാതാക്കൾ അതിൻ്റെ കാലാവസ്ഥാ പരിമിതികളെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Israel's new Iron Beam laser defense system, set to be operational within a year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us