
എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോകം അതാണ് ഫാഷന്‍. ചിലത് വൈകാതെ ട്രെന്‍ഡിങ് ആകുമ്പോള്‍ ചില ഫാഷന്‍ പരീക്ഷണങ്ങള്‍ ക്രൂരമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാകാറുണ്ട്. അത്തരത്തിലൊരു പരീക്ഷണമാണ് ഒറ്റക്കാല്‍ ജീന്‍സ്. പേരു സൂചിപ്പിക്കുന്നത് പോലെ ഒരു കാല്‍ മാത്രം കവര്‍ ചെയ്യുന്നതാണ് ഒറ്റക്കാല്‍ ജീന്‍സ്. മറ്റേ കാലിന്റെ തുട വരെ മാത്രമായിരിക്കും കവറിങ്. ഒരു കാല്‍ പൂര്‍ണമായും ജീന്‍സിനുള്ളില്‍ മറയ്ക്കുമ്പോള്‍ അടുത്ത കാല്‍ മുക്കാല്‍ ഭാഗവും പുറത്ത്. ശരീരഭാഗങ്ങള്‍ തുറന്നുകാണിക്കുന്ന ഈ ജീന്‍സിന്റെ വില 38,345 രൂപയാണ്. ഫ്രഞ്ച് ലക്ഷ്വറി ലേബല്‍ കോപേണി ആണ് വിചിത്രമായ ജീന്‍സ് ഡിസൈനിനു പിറകില്‍.
ഷോര്‍ട്‌സിന്റെയും സിംഗിള്‍ ലെഗ്ബൂട്ട് കട്ടിന്റെയും മാനോഹരമായ ഹൈവേസ്റ്റ് കോമ്പിനേഷനെന്നാണ് ജീന്‍സിന് ബ്രാന്‍ഡ് നല്‍കിയിരിക്കുന്ന വിശദീകരണം. ക്ലാസിക് ഡെനിം ജീന്‍സുകളുമായി ബന്ധപ്പെട്ട പരമ്പരാഗത കാഴ്ചപ്പാടുകളെ തകര്‍ത്തിരിക്കുകയാണ് പുതിയ ഡിസൈന്‍.
ഇന്റര്‍നെറ്റില്‍ ഏറ്റവും വിവാദമായ ജീന്‍സ് എന്നാണ് ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍ ക്രിസ്റ്റി സാറാ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ജീന്‍സിനെ വിശേഷിപ്പിച്ചത്. എന്താണ് ജീന്‍സിന് ഒരു കാലില്ലാത്തതെന്ന് ക്രിസ്റ്റിയുടെ ഭര്‍ത്താവ് ഡെസ്മണ്ട് ചോദിക്കുന്നുണ്ട്. ആരും ഇത് ധരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വിചിത്രമായ രൂപകല്പനയെന്നുതന്നെയാണ് ക്രിസ്റ്റിയുടെ അഭിപ്രായമെങ്കിലും രൂപകല്പനയെ അവര്‍ തള്ളിക്കളയുന്നില്ല.
ഞാന്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോശം, ഡിസൈനര്‍ക്ക് എന്താണ് പറ്റിയത് തുടങ്ങി വിവിധതരത്തിലുള്ള പരിഹാസങ്ങളും ഒറ്റക്കാലന്‍ ജീന്‍സ് ഏറ്റുവാങ്ങുന്നുണ്ട്.
Content Highlights: One-Legged Jeans Priced At Rs 38,000