കുരുമുളകിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ആരോഗ്യഗുണങ്ങളിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും മുമ്പനാണ് ഈ ഇത്തിരിക്കുഞ്ഞൻ. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറൈൻ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പച്ചകുരുമുളകിന്റെ ആന്റി-മൈക്രോബിയൽ സ്വഭാവം, ഭക്ഷണം കുടലിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അനാവശ്യ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയും പച്ചകുരുമുളകിൽ ധാരാളമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മസൗന്ദര്യത്തിനും ഗുണകരമാണ്. ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനി പച്ചക്കുരുമുളക് വച്ച് എളുപ്പത്തിലൊരു ചമ്മന്തി ഉണ്ടാക്കിയാലോ?
തേങ്ങ ചിരകിയത്- ആവശ്യത്തിന്
പച്ച കുരുമുളക്- രണ്ട് തിരി
ജാതിപത്രി- ഒരു ചെറിയ കഷ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
ചെറിയുള്ളി- ആറ് എണ്ണം
വെളുത്തുള്ളി- മൂന്ന് അല്ലി
ചെറു നാരകത്തിന്റെ ഇല- ഒന്ന്
കറിവേപ്പില- ഒരു തണ്ട്
വാളൻ പുളി- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
ഇവയെല്ലാം ചേർത്ത് അരച്ചാൽ അടിപൊളി കുരുമുളക് ചമ്മന്തി റെഡി. മിക്സിയിൽ ആണ് അരയ്ക്കുന്നതെങ്കിൽ അടർത്തിയ കുരുമുളകും, ഇഞ്ചിയും, ജാതിപത്രിയും, ഇലകളും നന്നായൊന്ന് അരച്ചതിലേക്ക് മറ്റു ചേരുവകൾ ചേർത്ത് അരയ്ക്കുന്നതായിരിക്കും നല്ലത്.
Content Highlights: How to prepare pacha kurumulak chammanthi (green pepper chammanthi)