ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യുടെ കേന്ദ്ര ഉപദേശക സമിതിയുടെ (സിഎസി) യോഗം ആരംഭിച്ചു. നവംബർ 7-8 തീയതികളിലാണ് യോഗം. എഫ്എസ്എസ്എഐയുടെ സിഇഒ ജി കമല വർധന റാവുവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യ കമ്മീഷണർമാരോ അവരുടെ പ്രതിനിധികളോ ആണ് പങ്കെടുക്കുന്നത്.
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഗുണനിലവാരമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപ്പന ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സിഎസി ചർച്ച ചെയ്യുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ നിരീക്ഷണവും പരിശോധനയും എങ്ങനെ ശക്തമാക്കാം എന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്യും.
എക്സ്പെയറി അടുത്ത ഭക്ഷ്യ ഉൽപന്നങ്ങളുടെ വിൽപ്പന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സമിതി ഈ വിഷയം ചർച്ച ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ എഫ്എസ്എസ്എഐ അടുത്തയാഴ്ച വലിയ ഇ-കൊമേഴ്‌സ് കമ്പനികളുടെ യോഗം വിളിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് അനുസരിച്ച് ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളും/ഓർഗനൈസേഷനുകളും തമ്മിലുള്ള അടുത്ത സഹകരണത്തിനായാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി സിഎസി രൂപീകരിച്ചത്. കമ്മിറ്റി വർഷത്തിൽ 3-4 തവണ യോഗം ചേരുകയും വിവിധ കാര്യങ്ങളിൽ ഭക്ഷ്യ സുരക്ഷാ അതോറിറ്റിക്ക് വിവരങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്യുന്നു.
Content Highlights: FSSAI's CAC discuss food safety issues on e-commerce platforms