ചേനത്തണ്ടും ചെറുപയറും ചേര്‍ത്തൊരു തോരന്‍; നാടന്‍ രുചിയും ഗുണവും ഒന്നു വേറെ തന്നെ!

രുചികരവും വളരെയധികം പോഷക ഗുണം നിറഞ്ഞതുമായ ചേനത്തണ്ട് ചെറുപയര്‍ തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

dot image

നമ്മുടെ കുട്ടിക്കാലത്തേക്കൊന്ന് പോയാലോ.അടുക്കളപ്പുറത്തും തൊടിയിലും ഒക്കെയുളള ഇലകളും പൂക്കളും കായകളുമൊക്കെ പറിച്ച് അമ്മമാര്‍ ഒഴിച്ചുകറികളും തോരനും മെഴുക്കുപുരട്ടിയുമൊക്കെ ഉണ്ടാക്കിത്തന്നിട്ടില്ലേ. എത്ര രുചികരവും ആരോഗ്യപ്രദവുമാണല്ലേ ഈ പ്രകൃതി തരുന്ന രുചികള്‍. ഇടയ്‌ക്കൊക്കെ ഇത്തരത്തില്‍ തൊടിയില്‍നിന്നുകിട്ടുന്നതും നട്ടുവളര്‍ത്തുന്നതുമായ പച്ചക്കറികള്‍ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇപ്പോഴത്തെ കുട്ടികളും ആ രുചിയും ആ കറികളുടെ മേന്‍മയും അറിയട്ടെ. ചേനത്തണ്ടും ചെറുപയറും ചേര്‍ത്തുള്ള തോരന്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?

ചേനത്തണ്ട് ചെറുപയര്‍ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍

ചേനത്തണ്ട്- ഒരെണ്ണം
ചെറുപയര്‍- ഒരുപിടി
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
തേങ്ങ ചിരകിയത് -അര മുറി തേങ്ങയുടേത്
ജീരകം - അര ടീസ്പൂണ്‍
പച്ചമുളക് - മൂന്നെണ്ണം

വറുത്തിടാന്‍

കടുക്-അര ടീസ്പൂണ്‍
വറ്റല്‍ മുളക്-രണ്ടെണ്ണം
കറിവേപ്പില-നാല് തണ്ട്
വെളിച്ചെണ്ണ- രണ്ട് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചേനത്തണ്ട് തൊലി ചീന്തിയെടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകിയെടുത്ത് ചെറുതായി അരിഞ്ഞെടുക്കുക.ചെറുപയറും വെള്ളവും ചേര്‍ത്ത് കുഴഞ്ഞുപോകാത്ത വിധം വേവിച്ചെടുക്കുക. തേങ്ങയും കാന്താരിമുളകും ജീരകവും കൂടി ചതച്ചുവയ്ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുത്തശേഷം അരിഞ്ഞുവച്ചിരിക്കുന്ന ചേനത്തണ്ട് ചേര്‍ത്ത് ഇളക്കുക. അല്‍പ്പം മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ കുറച്ചുനേരം അടച്ചുവയ്ക്കുക.ശേഷം ചെറുപയര്‍ വേവിച്ചതും ചതച്ചുവച്ചിരിക്കുന്ന തേങ്ങയും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ കുറച്ചുനേരം കൂടി വച്ചശേഷം വാങ്ങാം.

Content Highlights :how to prepare the highly nutritious and healthy yam stem Green Gram toran

dot image
To advertise here,contact us
dot image