ലോകമെമ്പാടും ധാരാളം ആളുകള്‍ ഇഷ്ടപ്പെടുന്ന പാനിയമാണ് കാപ്പി. കുറച്ച് വെള്ളം ചൂടാക്കി അതില്‍ പാകത്തിന് കാപ്പിപ്പൊടിയും പാകത്തിന് പഞ്ചസാരയും ഇട്ട് തിളപ്പിച്ച് കൂടിക്കുന്ന നമ്മുടെ സ്വന്തം കാപ്പിക്ക് അങ്ങ് ജപ്പാനിലെ ഒരു കോഫി ഹൗസില്‍ ഈടാക്കുന്ന വില കേട്ടാല്‍ ഞെട്ടും, 75,000 രൂപ. ജപ്പാനിലെ ഒസാക്കയുടെ തെക്കുകിഴക്കുളള യാവോ ജില്ലയിലുള്ള മഞ്ച് എന്നു പേരുള്ള കോഫിഹൗസിലാണ് ഈ വിലകൂടിയ കാപ്പി ഉളളത്. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഈ കാപ്പിക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടാവുമല്ലോ. ഉണ്ട്. തീര്‍ച്ചയായും ഉണ്ട്. ലോകത്തിലെതന്നെ ഏറ്റവും എക്‌സ്‌ക്ലൂസീവ് ആയ കാപ്പിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന കാപ്പിയാണ് ഇവിടെ ഉള്ളത്. ഏകദേശം 22 വര്‍ഷം പഴക്കമുള്ള കാപ്പിക്കുരുവാണ് ഇതിലെ പ്രധാന ചേരുവ. എന്താണ് ഇതിനുപിന്നിലെ കാരണമെന്ന് അറിയണ്ടേ.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ കോഫി ഷോപ്പിന്റെ ഉടമയായിരുന്ന കഞ്ചി തനക കുറച്ച് ഐസ് കോഫി തന്റെ റഫ്രജറേറ്ററില്‍ സൂക്ഷിച്ചു. ഈ കാര്യം മറന്നു പോയ ഇദ്ദേഹം അറ് മാസങ്ങള്‍ക്ക് ശേഷമാണ് ഫ്രിഡ്ജില്‍നിന്ന് കാപ്പി വീണ്ടും കണ്ടെത്തിയത്. പക്ഷേ ഈ കാപ്പി കഞ്ചി തനക ഉപേക്ഷിച്ചില്ല പകരം ആ തണുത്ത കാപ്പി അയാള്‍ ആസ്വദിക്കാന്‍ തീരുമാനിച്ചു. ആശ്ചര്യകരമെന്ന് പറയട്ടെ ആ പഴയ കാപ്പി വളരെ രുചികരമായിട്ടായിരുന്നു അദ്ദേഹത്തിന് തോന്നിയത്.
ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് തനക വര്‍ഷങ്ങളോളം പച്ച കാപ്പിക്കുരു സൂക്ഷിച്ചുവച്ചുകൊണ്ട് പരീക്ഷണം തുടങ്ങിയത്. അങ്ങനെയാണ് 22 വര്‍ഷം പഴക്കമുളള വിന്റേജ് കോഫി പ്രസിദ്ധമായി മാറുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കാപ്പിക്കുരു നന്നായി വറുത്ത് പരമ്പരാഗത ജാപ്പനീസ് സാങ്കേതികവിദ്യയായ നെല്‍ഡ്രിപ് രീതിയുപയോഗിച്ച് പൊടിച്ചാണ് കാപ്പിപ്പൊടി തയ്യാറാക്കുന്നത്. എന്തായാലും കഞ്ചി തനകയുടെ ടെക്‌നിക്ക് ഫലിച്ചു. കാപ്പിയുടെ രുചികൊണ്ട് ലോകമെമ്പാടും അത് അറിയപ്പെടുകയും ചെയ്തു.
Content Highlights : You will be shocked to hear the price of a cup of coffee at a coffee house in Osaka, Japan. This coffee has something special