ഒരു കപ്പ് ചായക്ക് ഒരു ലക്ഷം രൂപയേ…കാലത്തിൻ്റെ ഒരു പോക്ക് നോക്കണേ!! എന്നാലും ചായക്ക് ഇത്രയും വില വരാൻ എന്താണ് കാരണം എന്നായിരിക്കും പലരും ചിന്തിക്കുന്നുണ്ടാവുക. മസാലകൾ ചേർത്ത ചായയാണോ അത്, പഞ്ചസാരയും പാലുമൊക്കെ സ്പെഷ്യലാണോ എന്നൊക്കെയാവും ചിന്തകൾ, അല്ലേ? എന്നാൽ ഈ ചായയുടെ പ്രത്യേകത അത് ഒന്നും അല്ല. എന്താണെന്ന് അറിയണ്ടേ…..
ദുബായിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ കഫേയായ ബോഹോ കഫേയിലാണ് ഇത്തരത്തിൽ ഒരു ലക്ഷം രൂപയുടെ ചായ വിൽക്കുന്നത്. പല തരത്തിലുള്ള ഗുണങ്ങൾ കൊണ്ട് നിറഞ്ഞ ഗോൾഡ് ടീയാണ് ഇവിടുത്തെ ആഡംബര ചായ. ദുബായിലെ ഡിഐഎഫ്‌സിയുടെ എമിറേറ്റ്‌സ് ഫിനാൻഷ്യൽ ടവറിൽ സ്ഥിതി ചെയ്യുന്ന ബോഹോ കഫേയിൽ ഒരു കപ്പ് ഗോൾഡ് ടീ കുടിക്കണമെങ്കിൽ കൈയിൽ 5000 ദിർഹം വേണം ഏകദേശം 1.14 ലക്ഷം രൂപ. 24 കാരറ്റ് സ്വർണ്ണം പൊടിച്ച് ചേർത്താണ് ചായ ഉണ്ടാക്കുന്നത്. ഒരു കാലത്ത് ഗോൾഡ് ടീ വളരെ ട്രെന്‍ഡിങ് ആയതിന് ശേഷമാണ് ഇപ്പോൾ വീണ്ടും ചായ സംസാര വിഷയമാകുന്നത്.
ഇന്ത്യൻ വംശജയായ റെസ്റ്റോറേറ്റർ സുചേത ശർമ്മയുടെ ഉടമസ്ഥതയിലുള്ള കഫേയാണ് ബോഹോ കഫേ. മനോഹരമായി തയ്യാറാക്കി സെറ്റ് ചെയ്താണ് ചായ വിളമ്പുന്നത്. ഗോൾഡ് ടീ വീണ്ടും ചർച്ചാവിഷയമായതോടെ പല തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയ നിറയെ വന്നുകൊണ്ടിരിക്കുന്നത്. ഇത്രയും പൈസ ചെലവഴിച്ച് ഈ ചായ കുടിക്കണോ എന്നാണ് ചിലരുടെ ചോദ്യം. ഈ സ്വർണ ചായക്ക് എന്തൊക്കെ ആരോഗ്യ ഗുണങ്ങളുണ്ടാകും എന്നാണ് മറ്റ് ചിലരുടെ സംശയം.
ഗോൾഡ് ടീ മാത്രമല്ല ബോഹോ കഫേയിലെ ഹൈലൈറ്റ് 4,761 ദിർഹത്തിന് ഏകദേശം 1.09 ലക്ഷം രൂപക്ക് ഗോൾഡ് സോവനീർ കോഫിയും ഇവിടുത്തെ പ്രധാന പാനീയമാണ്. ഒപ്പം ഗോൾഡ് വാട്ടർ, ഗോൾഡ് ക്രോയിസൻ്റ്സ്, ഗോൾഡ് ബർഗർ, ഗോൾഡ് ഐസ് ക്രീം എന്നിവയും കഴിക്കാനുള്ള അവസരം അവിടെയുണ്ട്. മികച്ച പ്രതികരണങ്ങളാണ് ഗോൾഡ് ടീക്ക് ഉള്ളതെന്നും നിരവധി ആവശ്യക്കാരാണ് ഗോൾഡ് ടീക്ക് ഉള്ളതെന്നും കഫേ ഉടമ പ്രതികരിച്ചു.
Content Highlights: Dubai has taken luxury beverages to new heights with its viral gold-infused coffee, priced at a staggering ₹1 lakh per cup. This extravagant drink, garnished with edible gold flakes, has left netizens astonished. While some marvel at its opulence, others debate its worth. Would you indulge in this lavish treat or stick to your regular chai?