പതഞ്ജലിയുടെ മുളകുപൊടിയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് മുളകുപൊടി തിരിച്ചെടുക്കാന്‍ സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടത് കഴിഞ്ഞദിവസമാണ് വാര്‍ത്തയായത്. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ പേരില്‍ ഇതാദ്യമായല്ല ഒരു കമ്പനിയോട് ഭക്ഷ്യവസ്തുക്കള്‍ പിന്‍വലിക്കാന്‍ സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നത്. മായം കലര്‍ത്തുകയോ നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്തതിന്റെ പേരില്‍ മുന്‍കാലങ്ങളില്‍ പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കും മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇഷ്ടികപ്പൊടി, ഉപ്പ്, ടാല്‍ക്കം പൗഡര്‍, സോപ്പ്‌സ്റ്റോണ്‍ തുടങ്ങി മുളകുപൊടിയില്‍ മായം കലര്‍ത്താനായി പലവിധ വസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇത് വീട്ടില്‍ വച്ചുതന്നെ കണ്ടെത്താം.
മുളകുപൊടിയില്‍ മായം ചേര്‍ന്നിട്ടുണ്ടോ, എങ്ങനെ പരിശോധിക്കാം
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ മുളകുപൊടി ചേര്‍ക്കുക. ശുദ്ധമായ മുളകുപൊടിയാണെങ്കില്‍ അത് വെള്ളത്തില്‍ മുങ്ങി പോകും. അതേസമയം ഇഷ്ടികപ്പൊടിയോ കൃത്രിമ നിറമോ പോലെയുളളവ ഉണ്ടെങ്കില്‍ അത് പൊങ്ങിക്കിടക്കുകയോ അലിഞ്ഞ് ചേര്‍ന്ന് വെള്ളത്തിന് നിറം നല്‍കുകയോ ചെയ്യും.
രണ്ടാമത്തേത് പാം റബ്ബ് ടെസ്റ്റാണ്. നിങ്ങളുടെ കൈപ്പത്തിയില്‍ കുറച്ച് മുളകുപൊടി പുരട്ടുക. കടും ചുവപ്പ് പാടുണ്ടായാല്‍ അത് കൃത്രിമമായി നിറം ചേര്‍ത്തതാകാം. ശുദ്ധമായ മുളകുപൊടിയില്‍ കറ കുറവായിരിക്കും.
അടുത്തത് ഒരു ആസിഡ് പരിശോധനയാണ്. ഹൈഡ്രോക്ലോറിക് ആസിഡ് അല്ലെങ്കില്‍ നാരങ്ങാനീരും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍ ചെറിയ അളവില്‍ മുളകുപൊടി കലര്‍ത്തുക. കുമിളകള്‍ വരികയാണെങ്കില്‍ അതില്‍ ചോക്കുപൊടിയോ വാഷിംഗ് സോഡയോ അടങ്ങിയിട്ടുണ്ടാവും.
മറ്റൊന്ന് രുചിയും മണവും പരിശോധിക്കുന്ന രീതിയാണ്. ശുദ്ധമായ മുളകുപൊടിക്ക് പ്രകൃതിദത്തവും രൂക്ഷവുമായിട്ടുള്ള ഗന്ധവും നല്ല എരിവും രുചിയും ഉണ്ടായിരിക്കും. മായംകുറഞ്ഞ പൊടി കട്ടികുറഞ്ഞതും ഗന്ധത്തില്‍ വ്യത്യാസവും ഉള്ളതായിരിക്കും.
Content Highlights :Four ways to identify impurities in chili powder