
ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മുതിരയോട് സാമ്യമുള്ള വിത്തുകളാണ് ഫ്ളാക് സീഡ്സ് അഥവാ ചണവിത്തുകൾ. ഫ്ളാക്സ് സീഡ്സ് രോഗങ്ങൾക്കുള്ള മരുന്നുകൂടിയാണ്. കൃത്യമായി കഴിച്ചാൽ പ്രമേഹം മുതൽ തടി കുറയ്ക്കാൻ വരെ ഇത് സഹായിക്കും. സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഫ്ളാക് സീഡുകൾ ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിന് സഹായിക്കും. ഇത് നല്ല കൊഴുപ്പിൻ്റെ പ്രധാന ഉറവിടമാണ്.
ഹൃദയത്തിൻ്റെ ആരോഗ്യത്തിനും സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ തടയാനും ഇത് സഹായിക്കുന്നു. ഇത് വീക്കം കുറയാനായി സഹായിക്കുന്നു. തലച്ചോറിൻ്റെ ആരോഗ്യത്തിനും ശരിയായ പ്രവർത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്. കൂടാതെ, പ്രമേഹം, അമിത രക്ത സമ്മർദ്ദം തുടങ്ങിയവ നിയന്ത്രിക്കാനും സഹായിക്കുന്നതാണ് ഒമേഗ 3 ഫാറ്റി ആസിഡ്.
മീൻ കഴിക്കാത്തവർക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണ് ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത്. ഗർഭിണികൾ ഫ്ളാക്സ് സീഡ്സ് കഴിക്കുന്നത് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡികൾ ഗർഭസ്ഥ ശിശുവിൻ്റെ ബ്രെയിൻ വളർച്ചയ്ക്ക് അത്യാവശ്യമാണ്.
ഫ്ളാക്സ് സീഡിൽ അടങ്ങിയ ലിഗ്നൻ എന്ന കോമ്പൗണ്ട് വളരെയധികം ആൻ്റി ഓക്സിഡൻ്റ് പ്രോപ്പർട്ടി ഉള്ളതാണ്. ശരീരത്തിലെ കോശങ്ങളെ ഫ്രീ റേഡിക്കൽ നശിപ്പിക്കുന്നത് ഇത് തടയുന്നു. അതുകൊണ്ടുതന്നെ കാൻസർ പോലുള്ള മാരക രോഗങ്ങൾ തടയുന്നതിനും ശരീരത്തിൽ ആരോഗ്യം കൂടാനും ഇത് സഹായിക്കുന്നു. ലിഗ്നൻ ഈസ്ട്രജൻ ഹോർമോണിൻ്റെ ക്രമക്കേടുകൾ പരിഹരിക്കാനും സഹായകമാണ്. പിസിഒഡി, അമിത വണ്ണം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കാനും ഉപകരിക്കുന്നു.
നാരുകളുടെയും പ്രോട്ടീൻ്റെയും നല്ല ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. ദഹന സംബന്ധമായ അസുഖങ്ങൾ തടയാനും ഇവ ശരീരത്തെ സഹായിക്കുന്നുണ്ട്. ഫ്ളാക്സിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് കാരണമാകുന്നത്. നാരുകൾ അടങ്ങുന്നതുകൊണ്ട് തന്നെ അമിത വണ്ണം ഉള്ളവരിലും ഡയറ്റ് കൺട്രോൾ ചെയ്യുന്നവരിലും വിശപ്പ് കുറയ്ക്കാനും വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ഇത് സഹായിക്കുന്നു. കുടലിൻ്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. കുടലിലൂടെ ഭക്ഷണം ചലിപ്പിക്കുന്നതിനും വൻകുടലിലെ തടസ്സങ്ങള്‍ നീക്കുന്നതിനും നാരുകൾ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും ഇത് സഹായകമാണ് .
ആരോഗ്യത്തിന് മാത്രമല്ല, മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ മികച്ചതാണ് ഈ കുഞ്ഞൻ വിത്തുകൾ. ഇവയിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്ക് ഇതേറെ അത്യാവശ്യമാണ്. മുടിയ്ക്ക് സ്വാഭാവിക കണ്ടീഷണർ ഗുണം നൽകുന്ന ഒന്നുകൂടിയാണ് ഫ്ളാക്സ് സീഡുകൾ. ഇവ മുടിയുടെ വരണ്ട സ്വഭാവം മാറ്റുന്നു.
ഫ്ളാക്സ് സീഡുകൾ എങ്ങനെ കഴിക്കാമെന്ന് നോക്കാം:
ശരീര ഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡുകൾ ഉപയോഗിക്കാം. ഫ്ളാക്സ് സീഡുകൾ വറുത്ത് പൊടിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അത്തരത്തിൽ കഴിക്കുമ്പോൾ അത് പൂർണ്ണമായും ശരീരത്തിൽ ആഗികരണം ചെയ്യപ്പെടാൻ സഹായകമാകുന്നുണ്ട്.
അതേസമയം ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും ഇല്ലാതെ ഫ്ലാക്സ് സീഡ്സ് മാത്രം കഴിച്ചാൽ കാര്യമില്ല എന്ന് ഓർക്കുക. ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡ്സ് പൊടിച്ച് പാനിയം ഉണ്ടാക്കാം. ഈ പാനീയം കൂടുതൽ നേരം വിശപ്പില്ലാതെ നിലനില്‍ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഫ്ളാക്സ് സീഡ്സ് പാനിയം ഉണ്ടാക്കുന്നതിനായി സീഡ്സ് പൊടിച്ച് ചൂടുവെള്ളവുമായി യോജിപ്പിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച് കുടിക്കാം. ഏതെങ്കിലും രൂപത്തിൽ ഫ്ളാക്സ് സീഡുകൾ ഉപയോഗിക്കുകയാണെങ്കിൽ, ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഫ്ളാക്സ് സീഡ് സപ്ലിമെൻ്റുകൾ ഉപയോഗിക്കുമ്പോൾ വേണ്ടത്ര ജലാംശം ഇല്ലെങ്കിൽ, ഈ അധിക നാരുകൾ ശരിയായി ദഹിപ്പിക്കാൻ ശരീരത്തിന് കഴിയില്ല. ഇത് വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും.
Content Highlights: How to Consume Flax seeds for health benefit