ഉപ്പും കുരുമുളകും ദ്രാവകരൂപത്തില്‍; ബഹിരാകാശ യാത്രികരുടെ ഭക്ഷണം ഇങ്ങനെ

നാസ യാത്രികര്‍ക്ക് ഭക്ഷണം തിരഞ്ഞെടുക്കുന്നത് സുരക്ഷയും മൈക്രോഗ്രാവിറ്റിയിലുള്ള യാത്രികരുടെ ജീവിതത്തിന് ഉതകുന്നതും നോക്കിയാണ്.

dot image

സുനിത വില്യംസിന് സമൂസയോടുള്ള ഇഷ്ടവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച സുനിത സമൂസ പായ്ക്കറ്റുകള്‍ കയ്യില്‍ കരുതിയതും കൗതുകത്തോടെയാണ് അവരുടെ മടങ്ങിവരവ് കാത്തിരുന്നവര്‍ ഓരോരുത്തരും വായിച്ചറിഞ്ഞത്. സമൂസയുമായി ബഹിരാകാശത്തേക്ക് പോകാന്‍ പറ്റുമോ എന്ന് അത്ഭുതപ്പെട്ടവരും കുറവല്ല. അത്രമേല്‍ കര്‍ശനമായ നിയമങ്ങളാണ് നാസ ഭക്ഷണ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

ഭൂമിയിലെന്ന പോലെ ബഹിരാകാശത്തും യാത്രികര്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ബഹിരാകാശത്തും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ പോഷകങ്ങള്‍ മാത്രം പോര, വീടുവിട്ട് നില്‍ക്കുന്ന യാത്രികര്‍ക്ക് രുചികരമായ ഭക്ഷണം കൂടെ ഉറപ്പുവരുത്തണം. മൈക്രോഗ്രാവിറ്റിയില്‍ ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും ആ സാഹചര്യത്തില്‍ കഴിക്കാനാവുന്ന ഭക്ഷണവും മുന്നില്‍ കണ്ട് ഭക്ഷ്യ സുരക്ഷയും രുചിയും പോഷണവും ഉറപ്പുവരുത്തിയാണ് യാത്രികര്‍ക്കായി ഭക്ഷണം തയ്യാറാക്കുക. ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലുള്ള ദ സ്‌പേസ് ഫുഡ് സിസ്റ്റംസ് ലാബോറട്ടറിയും കോളജ് സ്‌റ്റേഷനിലെ സ്‌പേസ് ഫുഡ് റിസര്‍ച്ച് ഫസിലിറ്റിയുമാണ് ബഹിരാകാശ യാത്രികര്‍ക്കുള്ള മെനുവും പാക്കേജിങ്ങും തയ്യാറാക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം യാത്രികര്‍ക്ക് നിര്‍ദേശിക്കാനും സാധിക്കും.

ഫ്രീസ് ചെയ്ത ഉണക്കിയ ഭക്ഷണങ്ങളും പാക്കേജുകളുമാണ് സ്‌പേസ് ഫുഡ് സിസ്റ്റംസ് ലാബോറട്ടറി തയ്യാറാക്കുന്നത്. പാനീയങ്ങളുടെ പൗഡര്‍, കുക്കീസ്, കാന്‍ഡി എന്നിവയെല്ലാം യാത്രികര്‍ക്ക് തിരഞ്ഞെടുക്കാം. പല ഭക്ഷണങ്ങളും റെഡി ടു ഈറ്റ് എന്ന രീതിയിലായിരിക്കും തയ്യാറാക്കിയിട്ടുണ്ടാകുക. ഭക്ഷണം കേടുകൂടാതെയിരിക്കുന്നതും അതില്‍ ചേര്‍ക്കുന്ന ചേരുവകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഭക്ഷണം തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ തയ്യാറാക്കിയ ഭക്ഷണം എത്രനാള്‍ കേടുകൂടാതെയിരിക്കും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭക്ഷ്യ ശാസ്ത്രജ്ഞര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. ഇത് പിന്നീട് എയര്‍ടൈറ്റായി പാക്ക് ചെയ്യും. യാത്രികര്‍ക്കായി റിസപ്ലൈ മിഷനില്‍ ഫ്രഷ് ഫ്രൂട്‌സും അയയ്ക്കാറുണ്ടത്രേ. കൗതുകരമായ മറ്റൊരു കാര്യം ബഹിരാകാശ യാത്രികര്‍ കൊണ്ടുപോകുന്ന പാനീയങ്ങളില്‍ നാസ ഓറഞ്ച് ഡ്രിങ്ക് എന്നുവിശേഷിപ്പിക്കുന്ന ഒരു പാനീയമുണ്ട്. വിറ്റാമിന്‍ സി ധാരാളമടങ്ങിയിട്ടുള്ള ആ പാനീയം മറ്റൊന്നുമല്ല ടാങ്ക് ആണ്. ജനറല്‍ ഫുഡ്‌സ് കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത ടാങ്കിനെ നാസ മെര്‍ക്കുറി ഫുഡ് സിസ്റ്റത്തിലേക്ക് ദത്തെടുക്കുകയായിരുന്നു. ടാങ്ക് പൗഡര്‍ എയര്‍ടൈറ്റ് ചെയ്ത് പാക്ക് ചെയ്യും. പാക്കിലുള്ള വാല്‍വ് വഴി വെള്ളം പാക്കിലെത്തിച്ച് പാനീയമായി കുടിക്കുകയാണ് യാത്രികര്‍ ചെയ്യാറുള്ളത്.

എന്നാല്‍ എട്ടുതരം ഭക്ഷണ പദാര്‍ഥങ്ങള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പെട്ടെന്ന് നാശമായി പോകുന്നതും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതും അപകടമുണ്ടാക്കുന്നതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ക്കാണ് നിരോധനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവയാണ് ആ ഭക്ഷ്യ വസ്തുക്കള്‍

ബ്രഡ്

മൈക്രോഗ്രാവിറ്റി ആയതിനാല്‍ ബ്രഡിലെ ചെറുകഷ്ണങ്ങള്‍ നിലയത്തില്‍ പറന്നുനടക്കാനുള്ള സാധ്യത ഏറെയാണ്. വളരെ സെന്‍സിറ്റീവായ എക്യുപ്‌മെന്റ്‌സിന് അകത്തേക്ക് അത് പ്രവേശിക്കാനും എയര്‍ഫില്‍റ്ററുകളില്‍ പ്രവേശിച്ച് തടസ്സമുണ്ടാക്കാനും സാധ്യതയുണ്ട്. തന്നെയുമല്ല ഈ തരികള്‍ യാത്രികരുടെ ശ്വാസോച്ഛാസത്തിലൂടെ അവരുടെ ശരീരത്തിലേക്ക് പ്രവേശിക്കാനും അപകടം സംഭവിക്കാനുമുള്ള സാധ്യതയും ഏറെയാണ്.

ഉപ്പും കുരുമുളകും

ഉപ്പും കുരുമുളവും ബഹിരാകാശത്തുവച്ച് ഭക്ഷണത്തിലിട്ട് കഴിക്കാനാവില്ലെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മൈക്രോഗ്രാവിറ്റിയായതിനാല്‍ ഇവ പറന്നുനടക്കുകയാണ് ഉണ്ടാവുക. ഈ ചെറിയ തരികള്‍ നിലയത്തിന്റെ വെന്റിലേഷന്‍ സിസ്റ്റത്തില്‍ പ്രവേശിച്ചാല്‍ അത് തകരാറിലാവും. അതിനാല്‍ ലിക്വിഡ് രൂപത്തിലുള്ള ഉപ്പും കുരുമുളകുമാണത്രേ നാസ യാത്രികര്‍ക്ക് നല്‍കാറുള്ളത്.

പാനീയങ്ങള്‍

സോഡയും അതുപോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങളും മൈക്രോഗ്രാവിറ്റിയില്‍ നല്ല രീതിയിലല്ല പ്രവര്‍ത്തിക്കുക. ഗുരുത്വാകര്‍ഷണമില്ലാത്തതിനാല്‍ പാനീയത്തില്‍ നിന്ന് ഗ്യാസിനെ വേര്‍പ്പെടുത്താന്‍ കഴിയാതെ അവ മിശ്രിതമായിരിക്കും. പാനീയം കുടിക്കുകയാണെങ്കില്‍ വയര്‍ വീര്‍ക്കുന്നതിനും അസ്വസ്ഥതയ്ക്കും അത് കാരണമാകും. ഈ പ്രതിഭാസം വെറ്റ് ബര്‍പ്പിങ് എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ ബഹിരാകാശ ദൗത്യങ്ങളില്‍ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് നാസ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

പാല്‍

പെട്ടെന്ന് നാശമാകുന്ന സ്വഭാവമുള്ളതിനാല്‍ ശുദ്ധമായ പാലിനും വിലക്കാണ്. റഫ്രിജറേറ്റില്‍ വച്ചില്ലെങ്കില്‍ ബഹിരാകാശത്ത് വച്ച് പാല്‍ പെട്ടെന്ന് നാശമാകാന്‍ സാധ്യതയേറെയാണ്. അതിനാല്‍ പൊടി രൂപത്തിലുള്ള പാലാണ് ഇവര്‍ ഉപയോഗിക്കുക.

മദ്യം

തുടക്കകാലത്ത് സോവിയറ്റ് യൂണിയന്‍ ബഹിരാകാശ ദൗത്യത്തിന് മദ്യം അനുവദിച്ചിരുന്നു. എന്നാല്‍ നാസ മദ്യം അനുവദിക്കുന്നില്ല. മദ്യം തീരുമാനമെടുക്കുന്നതിന് കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കാം, അത് ഏകോപനത്തെ ബാധിക്കുമെന്നും നാസ കരുതുന്നു. തന്നെയുമല്ല ബഹിരാകാശ നിലയത്തിന്റെ ജല പുനരുപയോഗ സംവിധാനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. നിലയത്തില്‍ ജലം അമൂല്യമായതിനാല്‍ ശുദ്ധീകരിച്ച് വീണ്ടുമുപയോഗിക്കുക അത്യാവശ്യമാണ്. മദ്യം ഈ പ്രക്രിയയെ തടസ്സപ്പെടുത്തിയേക്കാം.

ഇലകള്‍

ഇലക്കറികള്‍ വളരെ വേഗത്തില്‍ വാടിപ്പോവും. തന്നെയുമല്ല ഇവയുടെയും ചെറിയ കഷ്ണങ്ങള്‍ പാറി നടക്കാന്‍ സാധ്യത കൂടുതലാണ്. ഇവ ഫില്‍റ്റര്‍, വെന്റിലേഷന്‍ സിസ്റ്റങ്ങളില്‍ കുരുങ്ങുകയാണെങ്കില്‍ അവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം.

ഐസ്‌ക്രീം

യഥാര്‍ഥത്തില്‍ കണ്ടുവരുന്ന രീതിയിലുള്ള ഐസ്‌ക്രീം ദൗത്യങ്ങള്‍ക്ക് അനുവദിക്കാറില്ല. എന്നാല്‍ ചെറിയ തോതിലുള്ള ഫ്രോസണ്‍ ട്രീറ്റുകള്‍ നാസ അയച്ചുകൊടുക്കാറുണ്ട്.

മത്സ്യം

മത്സ്യം പോലുള്ള കടുത്ത മണമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് ബഹിരാകാശ ദൗത്യത്തില്‍ വിലക്കാണ്. ഇവയുടെ കടുത്ത മണം പെട്ടെന്ന് അടച്ചുമൂടിയ നിലയത്തിനുള്ളില്‍ നിന്ന് പെട്ടെന്ന് പോകില്ല, യാത്രികര്‍ എല്ലാവര്‍ക്കും അത്തരം ഗന്ധങ്ങള്‍ ഒരേപോലെ ഇഷ്ടപ്പെടുന്നതാകില്ല, അത് ശാരീരിക ബുദ്ധിമുട്ടുകളിലേക്ക് വരെ നയിച്ചേക്കാം എന്നുമുന്നില്‍ കണ്ടാണ് വിലക്ക്. മറ്റു ഭക്ഷണം രുചിയോടെ കഴിക്കാന്‍ പോലും ഇത്തരം തങ്ങിനില്‍ക്കുന്ന ഗന്ധങ്ങള്‍ കാരണമായേക്കും.

സൗകര്യം മാത്രം നോക്കിയല്ല നാസ ദൗത്യത്തിന് പുറപ്പെടുന്നവര്‍ക്ക് ഭക്ഷണം തിരഞ്ഞെടുക്കുന്നത് മറിച്ച് സുരക്ഷയും മൈക്രോഗ്രാവിറ്റിയിലുള്ള യാത്രികരുടെ ജീവിതത്തിന് ഉതകുന്നതും നോക്കിയാണ്. യാത്രികര്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളത് ഉറപ്പുവരുത്തേണ്ടത് കടമയും നാസയ്ക്കുണ്ട്. സാങ്കേതിക വളരുന്നതിനനുസരിച്ച് ഈ ഭക്ഷണപദാര്‍ഥങ്ങള്‍ക്കുള്ള വിലക്കുകള്‍ നീങ്ങിയേക്കാം എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് - https://www.nasa.gov/directorates/esdmd/hhp/space-food-systems/

Content Highlights: Space Food Systems

dot image
To advertise here,contact us
dot image