
മോറെല്‍സ് എന്നുകൂടി അറിയപ്പെടുന്ന ഗുച്ചി കൂണ്‍ ആണ് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കൂണായി അറിയപ്പെടുന്നത്. ഒരു കിലോഗ്രാമിന് 40,000 രൂപയാണ് ഇതിന്റെ വില. ഈ കൂണിന്റെ അപൂര്‍വ്വതയും അതിന്റെ പ്രത്യേക ഫ്ളേവറും ആരോഗ്യഗുണവും കാട്ടില്‍ നിന്ന് അവ വിളവെടുക്കുന്നതിനുളള ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഗുച്ചി കൂണുകള്‍ക്ക് ഇത്രയും വില. ചില സീസണുകളില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രമാണ് ഈ കൂണ്‍ വളരുന്നത്.
ഹിമാലയത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ വനങ്ങളില്‍ കാണപ്പെടുന്ന ഇവ പ്രത്യേക സാഹചര്യങ്ങളില്‍ സാധാരണയായി മഞ്ഞുവീഴ്ചയ്‌ക്കോ കാട്ടുതീയ്‌ക്കോ ശേഷമാണ് വളരുത്. സാധാരണ കൂണുകളില്‍ നിന്ന് വ്യത്യസ്തമായി ഗുച്ചി കൂണുകള്‍ കാട്ടില്‍ മാത്രമാണ് വളരുന്നത്. ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിലെ ഗ്രാമവാസികള്‍ അവ ശ്രദ്ധാപൂര്‍വ്വം കൈകൊണ്ട് പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. വിളവെടുപ്പ് കഴിഞ്ഞാല്‍ അവ ശ്രദ്ധാപൂര്‍വ്വം വെയിലത്ത് ഇട്ട് ഉണക്കി എടുക്കുകയാണ് ചെയ്യുന്നത്. വന്യജീവികളുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ഈ കൂണുകള്‍ കാടുകളില്‍ ചെന്ന് പറിച്ചെടുക്കുന്നത് അപകടം പിടിച്ചതും വെല്ലുവിളി നിറഞ്ഞതുമായ കാര്യമാണ്.
മോറെല്‍സ് എന്നറിയപ്പെടുന്ന ഗുച്ചി കൂണ്‍ ഒരു രുചികരമായ വിഭവം മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. ബി2 ബി3 തുടങ്ങിയ അവശ്യ വിറ്റാമിനുകളാല്‍ സമ്പന്നമായ ഇവ ഊര്‍ജ്ജ ഉത്പാദനത്തെ പിന്തുണയ്ക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മാത്രമല്ല ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ നിറഞ്ഞിരിക്കുന്ന കൂണ്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയാന്‍ സഹായിക്കുകയും ചെയ്യും. ഗുച്ചി കൂണ്‍ പൊട്ടാസ്യത്തിന്റെ സമൃദ്ധമായ ഉറവിടമാണ്. ഇത് ആരോഗ്യകരമായ രക്ത സമ്മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിക്കുകയും ഹൃദയാരോഗ്യത്തെ പിന്നുണയ്ക്കുകയും ചെയ്യുന്നു. ഗുച്ചി കൂണുകളുടെ രുചി ആരെയും ആകര്‍ഷിക്കുന്നതാണ്. പല തരത്തിലുള്ള കറികളും ഇത് ഉപയോഗിച്ച് തയ്യാറാക്കാന്‍ സാധിക്കും.
Content Highlights :Gucci mushroom is the most expensive mushroom in India