
300 വര്‍ഷം പഴക്കമുള്ള ഹൈദരാബാദി വിഭവമായ കല്യാണി ബിരിയാണി 'പാവപ്പെട്ടവന്റെ ബിരിയാണി' എന്ന പേരിലാണ് അറിയപ്പെടുന്നത്. മാംസവും, സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ന്ന വ്യത്യസ്തമായ രുചിയാണ് കല്യാണി ബിരിയാണിക്ക്. ഹൈദരാബാദിന്റെ പാചക പാരമ്പര്യത്തിലെ ഒരു വിഭവം കൂടിയാണിത്.
ആവശ്യമുള്ള സാധനങ്ങള്‍
1 എണ്ണ - 6 ടേബിള്‍ സ്പൂണ്‍
സവാളം കനംകുറച്ച് അരിഞ്ഞത് - 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
മുളകുപൊടി - 3 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
ജീരകപ്പൊടി - 1 ടീസ്പൂണ്‍
തക്കാളി ചെറിതായരിഞ്ഞത് - 2 എണ്ണം
തൈര് - 1 1/2 കപ്പ്
2 എല്ലില്ലാത്ത ആട്ടിറച്ചി - 1/2 കിലോ
ബസുമതി അരി - 2 കപ്പ്
കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, തക്കോലം, ജാതിപത്രി - എല്ലാം 3 എണ്ണം വീതം
മല്ലിയില അരിഞ്ഞത് - ഒരു പിടി
പുതിനയില അരിഞ്ഞത് - ഒരു പിടി
നെയ്യ് - 3 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാകുമ്പോള്‍ ഒരു സവാള അരിഞ്ഞതിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തുകോരി മാറ്റി വയ്ക്കുക. അതേ എണ്ണയിലേക്കുതന്നെ ബാക്കി സവാളയും ചേര്‍ത്ത് ചെറുതായി വാടിത്തുടങ്ങുമ്പോള്‍ ഒന്നാമത്തെ ചേരുവകളെല്ലാം ചേര്‍ത്ത് വഴറ്റി എടുക്കുക. ശേഷം ഇറച്ചി ചേര്‍ത്തിളക്കി പാകത്തിന് വെളളമൊഴിച്ച് വേവിക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ വെളളമൊഴിച്ച് ഉപ്പും മസാലകളും കാല്‍ ടീസ്പൂണ്‍ ജീരകവും അരിയും ചേര്‍ത്ത് പകുതി വേവിച്ച് ഊറ്റിയെടുക്കുക. വെന്ത ഇറച്ചിയിലേക്ക് പകുതി വേവിച്ച ചോറ് ചേര്‍ക്കുക. അതിന് മുകളില്‍ സവാള വറുത്തുകോരിയതും മല്ലിയിലയും പുതിനയിലയും വിതറി കുറച്ച് നെയ്യും ചേര്‍ത്ത് 10 മിനിറ്റ് മൂടിവച്ച് വേവിക്കുക.
Content Highlights :Kalyani Biryani is a 300-year-old Hyderabadi dish