പ്രായമാകുമ്പോൾ മുഖത്തുണ്ടാകുന്ന ചുളിവ് പലരെയും ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. മുഖത്തെ സംരക്ഷിക്കാനായി പല പൊടികൈകളും പലരും പരീക്ഷിക്കാറുമുണ്ട്. എന്നാൽ ഇതോടൊപ്പം മിക്കവരും ശ്രദ്ധിക്കാതെ പോവുന്നതാണ് തലച്ചോറിൻ്റെ സംരക്ഷണം അഥവാ മസ്തിഷ്ക സംരക്ഷണം. ഉറക്കക്കുറവാണ് തലച്ചോറിനെതിരെ വില്ലനായി മുന്നിട്ടുനിൽക്കുന്നത്. ഉറക്കത്തിൻ്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് തലച്ചോർ വാർദ്ധക്യത്തോട് അടുക്കുന്നതായാണ് പഠനം വെളിപ്പെടുത്തുന്നത്. ഉറക്കക്കുറവ് തലച്ചോറിന്റെ പ്രായത്തെ മൂന്ന് വർഷം അധികാക്കുമെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി പ്രസിദ്ധീകരിച്ച 'ന്യൂറോളജി ജേണലിൽ' പറയുന്നത്.
40 വയസ് പ്രായമുള്ള 589 മുതിർന്നവരെ നിരീക്ഷിക്കുകയും അവരുടെ ഉറക്ക രീതികളും തലച്ചോറിൻ്റെ ആരോഗ്യവും വിലയിരുത്തുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതും ഉറങ്ങി പോകുന്നതുമായി ബന്ധപ്പെടുന്ന നിരവധി ബുദ്ധിമുട്ടുകൾ ആളുകൾ അനുഭവിക്കുന്നതായി കണ്ടെത്തി. അഞ്ച് വർഷത്തിന് ശേഷം സർവേ വീണ്ടും നടത്തുകയും ആളുകളുടെ തലച്ചോറ് സ്കാൻ ചെയ്ത് നേക്കുകയും ചെയ്തു.
വീണ്ടും നടത്തിയ സ്കാനിങ്ങിലൂടെ ഉറക്ക പ്രശ്നങ്ങള്‍ തലച്ചോറിൻ്റെ പ്രായത്തെ ഏങ്ങനെ ബാധിക്കും എന്നതിന് ഒരു ഉത്തരം ലഭിച്ചു. ഉറക്ക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുകൾക്ക് 1.6 വർഷം വേഗത്തിൽ മസ്തിഷ്ക വാർദ്ധക്യം ഉണ്ടാക്കുന്നു എന്നാണ് കണ്ടെത്തിയത്. ചെറിയ ഉറക്കമില്ലായ്മ അല്ലെങ്കിൽ ഇടയ്ക്കിടെ ഉണരുന്നത് പോലെ നിസ്സാരമെന്ന് തോന്നുന്ന ഉറക്കപ്രശ്നങ്ങൾ തലച്ചോറിൻ്റെ ആരോഗ്യത്തെ ബാധിക്കുന്നതായി ഇതിലൂടെ വ്യക്തമായി. ഇത്തരം പ്രശ്നങ്ങൾ മെമ്മറി പ്രശ്നങ്ങൾ ഉണ്ടാക്കുകയും, പ്രോസസ്സിംഗ് വൈകിപ്പിക്കുകയും, വാർദ്ധക്യവുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും കണ്ടെത്തി.
ഉറക്കപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നേരത്തെ തന്നെ പരിഹരിക്കണമെന്നാണ് സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകയും അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി അംഗവുമായ ഡോ ക്രിസ്റ്റിൻ യാഫെ പറഞ്ഞത്. തങ്ങളുടെ പഠനത്തിൽ മസ്തിഷ്ക ആരോഗ്യത്തിന് കൃത്യമായ ഉറക്കത്തിൻ്റെ പ്രാധാന്യം എടുത്തു പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ഉറക്ക ഷെഡ്യൂൾ പാലിക്കണമെന്നും ഉറങ്ങുന്നതിനുമുമ്പ് കഫീൻ, മദ്യം എന്നിവ ഒഴിവാക്കണമെന്നും റിലാക്സേഷൻ ടെക്നിക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാലക്രമേണ തലച്ചോറിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ജീവിതശൈലി മാറ്റങ്ങളും പഠനം നിർദ്ദേശിക്കുന്നുണ്ട്. ഒരു പതിവ് ഉറക്ക ഷെഡ്യൂൾ ഉണ്ടായിരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇവയെല്ലാം മസ്തിഷ്ക വാർദ്ധക്യം മന്ദഗതിയിലാക്കുകയും ജീവിതത്തിലെ ഓരോ പ്രവർത്തനങ്ങളെയും വേഗത്തിലാക്കുകയും ചെയ്യും. രാത്രിയിലെ ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തെ മാത്രമല്ല, തലച്ചോറിൻ്റെ പ്രവർത്തനത്തെ നിലനിർത്തുന്നതിലും തളർച്ച തടയുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും പഠനം എടുത്ത് പറയുന്നുണ്ട്.
Content Highlights: A new study reveals that poor sleep quality may play a role in accelerating brain ageing, which shows the role of sleep in maintaining cognitive health