വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഒരുപാട് പേരുടെ പ്രശ്‌നങ്ങളിൽ ഒന്നാണ്. അമിത വണ്ണത്തിനൊപ്പം കുടവയറും ആരോഗ്യ പ്രശ്‌നങ്ങളും പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. വയറ് കുറയ്ക്കുന്നതിനായി നിരവധി മാർഗങ്ങൾ പലരും പരീക്ഷിക്കാറുമുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ 7 ദിവസം കൊണ്ട് വയറ്റിലെ കൊഴുപ്പ് കുറച്ച് തടി കുറയ്ക്കാനുള്ള മാർഗം എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ഒരു റീൽ വൈറലായിരുന്നു.
ഇഞ്ചിയും നാരങ്ങയും ഇട്ടുതിളപ്പിച്ച വെള്ളത്തിൽ ഉണ്ടാക്കുന്ന കാപ്പി തുടർച്ചയായി കുടിച്ചാൽ വയറ്റിലെ കൊഴുപ്പ് കുറയുമെന്നും പ്രത്യേകിച്ച് ഭക്ഷണ നിയന്ത്രണങ്ങളോ വ്യായാമമോ ഇല്ലാതെ തന്നെ തടി കുറയുമെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ അവകാശവാദം തീർത്തും തെറ്റാണെന്ന് ഫാക്ട്‌ചെക്കർമാരായ ന്യൂസ് മീറ്റർ കണ്ടെത്തി.
ചെറുതായി അരിഞ്ഞ ഇഞ്ചിയും ചെറിയ പീസുകളാക്കിയ നാരങ്ങയും ഒരു ലിറ്റർ വെള്ളത്തിൽ പത്ത് മിനിറ്റ് തിളപ്പിച്ച് തുടർന്ന് കാപ്പി പൊടിയിട്ട് ഈ ദ്രാവകം കുടിച്ചാൽ തടി കുറയുമെന്നാണ് വീഡിയോയിൽ പറയുന്നത്. ഇഞ്ചി ഉപയോഗിക്കുന്നത് കൊഴുപ്പ് ഇല്ലാതാവുന്നതിന്റെ തോത് വർദ്ധിപ്പിക്കുമെന്നും നാരങ്ങ തൊലി കൊഴുപ്പ് സംഭരണം കുറയ്ക്കുമെന്നും വീഡിയോ അവകാശപ്പെടുന്നുണ്ട്.
എന്നാൽ വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ഈ പാനീയത്തിന് കഴിയുമെന്ന് ശാസ്ത്രീയമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. വയറിലെ കൊഴുപ്പ് കുറയുന്നതിന് സമീകൃതാഹാരത്തോടൊപ്പം നല്ല വ്യായാമവും ആവശ്യമാണെന്ന് എൽബി നഗറിലെ കാമിനേനി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റും തെറാപ്പിറ്റിക് എൻഡോസ്‌കോപ്പിസ്റ്റുമായ ഡോ. തേജസ്വിനി തുമ്മ ന്യൂസ് മീറ്ററിനോട് പറഞ്ഞു.
ആൻറി-ഇൻഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാല്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിലും ഇഞ്ചിക്ക് സഹായിക്കാനാകുമെന്ന് ചില ഫലങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും വലിയ അളവിൽ ഇഞ്ചി ശരീരത്തിൽ എത്തിയാൽ മാത്രമാണ് പറയപ്പെടുന്ന ഫലം ശരീരത്തിന് ഉണ്ടാവുക. എന്നാൽ കൂടിയ അളവിൽ ഇഞ്ചി കഴിക്കുന്നത് ഗുണത്തേക്കാൾ ഏറെ ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും.
സമീകൃതാഹാരവും പഞ്ചസാരയുടെ കുറഞ്ഞ ഉപയോഗവും ശീലമാക്കുന്നതിലൂടെ ശരീരത്തിലെ മോശം കൊഴുപ്പിനെ നിയന്ത്രിക്കാൻ സാധിക്കും 7 മുതൽ 9 മണിക്കൂർ വരെയുള്ള ശരിയായ ഉറക്കവും ശരീരത്തിൽ അമിത കൊഴുപ്പിനെ നിയന്ത്രിക്കുമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
Content Highlights: Can Lemon Tea and Coffee Reduce Belly Fat, What's the Truth Behind the Viral Reel?