നമ്മുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിച്ചിരിക്കാന്‍ ആയുസില്‍ ഒരു ദിവസമെങ്കിലും നീട്ടി കിട്ടിയാല്‍ അത്രയും സന്തോഷം എന്നല്ലേ നമ്മള്‍ കരുതുന്നത്. എന്നാല്‍ ഇപ്പറഞ്ഞതുപോലെ ആരോഗ്യത്തോടെയും ദീര്‍ഘായുസോടെയും ജീവിക്കാന്‍ നമുക്ക് കഴിയുമോ? അതിന് എന്തെങ്കിലും മാര്‍ഗമുണ്ടോ? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിന് ഒരു പരിധിവരെ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പക്ഷേ എങ്ങനെ എന്നല്ലേ?
മനുഷ്യന് ശാരീരികവും മാനസികവുമായ ആരോഗ്യം ലഭിക്കുന്നതിന് ഏറ്റവും ആവശ്യം പ്രോട്ടീന്‍, വിറ്റാമിനുകള്‍ നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ ഭക്ഷണം കഴിക്കുക എന്നതാണ്. ഇവയെല്ലാം ശരീരത്തെ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കും. അതില്‍ ഏറ്റവും പ്രധാനമാണ് വിറ്റാമിന്‍ ബി-3 യുടെ ഉപയോഗം. വിറ്റാമിന്‍ ബി-3 അടങ്ങിയ ഭക്ഷണക്രമം മുതിര്‍ന്ന ആളുകളില്‍ ഹൃദസംബന്ധമായ അസുഖങ്ങളും മരണ നിരക്കും കുറയ്ക്കും എന്ന് സയന്റിഫിക് റിപ്പോര്‍ട്ടുകള്‍ ഒരു ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്. യുഎസിലെ മുതിർന്ന ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
വിറ്റാമിന്‍ ബി-3 യെ ആയുര്‍ദൈര്‍ഘ്യത്തിന് സഹായിക്കുന്ന വൈറ്റമിനായാണ് കണക്കാക്കുന്നത്. ഇത് ശരീരത്തിലെ നിക്കോട്ടിനാമൈഡ് അഡിനൈല്‍ ഡൈന്യൂക്ലിയോടൈഡ് ഉത്പദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇത് സെല്ലുലാര്‍ റിപ്പയറിങിന് നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. മാത്രമല്ല പ്രായമാകുന്നതോടെ ഉണ്ടാകുന്ന സെല്ലുകളുടെ കേടുപാടുകള്‍ കുറച്ച് ദീര്‍ഘായുസ് നല്‍കാനും ഇവ സഹായിക്കുന്നു. വൈറ്റമിന്‍ ബി-3 കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും, ഓര്‍മ്മക്കുറവ് പരിഹരിക്കാനും പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളില്‍ നിന്ന് മുക്തിനേടാനും ഉള്‍പ്പടെ സഹായിക്കുന്നുവെന്നാണ് റിപ്പോർട്ട്.
വൈറ്റമിന്‍ ബി 3-യാല്‍ സമ്പന്നമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വിറ്റാമിന്‍ ബി 3-യുടെ വൈറ്റമറും ജൈവ സംയുക്തവുമാണ് നിയാസിന്‍. മാംസം, മത്സ്യം, ചിക്കന്‍, തുടങ്ങിയവയും അവക്കാഡോ, ധാന്യങ്ങള്‍, കൂണ്‍ തുടങ്ങിയവയൊക്കെ നിയാസിന്‍ അടങ്ങിയ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. മാംസ ഇനങ്ങളില്‍ ബീഫ്, പന്നിയിറച്ചി, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി-3 അടങ്ങിയിട്ടുണ്ട്. അതുപോലെ നിലക്കടല, സൂര്യകാന്തി വിത്തുകള്‍, വാല്‍നട്ട്‌സ്, ബദാം, ഫ്‌ളാക്‌സ് സീഡുകള്‍ എന്നിങ്ങനെയുളള അണ്ടിപ്പരിപ്പുകളും വിത്തുകളും വൈറ്റമിന്‍ ബി3യുടെ നല്ല ഉറവിടങ്ങളാണ്. പഴവര്‍ഗങ്ങളായ മാമ്പഴം, വാഴപ്പഴം പച്ചക്കറികളായ കൂണ്‍, ഗ്രീന്‍പീസ് എന്നിവയിലും ഈ വൈറ്റമിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ഡയറ്റീഷ്യന്റെ സഹായത്തോടുകൂടി ഭക്ഷണക്രമത്തില്‍ ബി-3 വൈറ്റമിനുകള്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ ഗുണം ചെയ്യും.
Content Highlights :Can we live a healthy and long life? Is there any way to do that? The one word answer to this is yes. But how?