ഡോക്ടര്‍മാരെന്ന വ്യാജേനെ ഫേര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ 'അത്ഭുത ഗര്‍ഭധാരണ' തട്ടിപ്പുകള്‍ നടത്തിയ സംഘത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. ആഗോളതലത്തില്‍ ഏറ്റവും ഉയര്‍ന്ന ജനന നിരക്കുളള രാജ്യങ്ങളിലൊന്നായ നൈജീരിയയിലാണ് ഇത്തരത്തില്‍ വ്യാജ ഫേര്‍ട്ടിലിറ്റി കുംഭകോണം നടക്കുന്നത്. ബിബിസി ആഫ്രിക്ക ഐ യുടെ റിപ്പോര്‍ട്ടിലാണ് അതിശയിപ്പിക്കുന്ന ഈ റിപ്പോര്‍ട്ടും തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നത്.
ഫേര്‍ട്ടിലിറ്റി ചികിത്സ തേടിചെല്ലുന്ന ദമ്പതികളായാണ് ബിബിസിയുടെ പ്രതിനിധികള്‍ ആഫ്രിക്കയിലെ ഒരു ക്ലിനിക്കില്‍ എത്തിയത്. അങ്ങനെയാണ് ധാരാളം പണച്ചെലവുളള നീഗൂഡ രീതിയിലൂടെയുള്ള വ്യാജതട്ടിപ്പിനെക്കുറിച്ച് അറിയാന്‍ കഴിയുന്നത്. ഇവിടുത്തെ കുത്തിവയ്പ്പ് ചികിത്സയ്ക്ക് ശേഷം സ്വാഭാവികമായെന്നവണ്ണം സ്ത്രീകളുടെ വയറ് വീര്‍ത്ത് വരും. ആര്‍ക്കും സംശയം ഒന്നും തോന്നില്ല. പക്ഷെ ആശുപത്രികളില്‍ പോകാനോ സ്‌കാനിംഗ് നടത്താനോ സ്ത്രീകളെ ക്ലിനിക്കില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഏറ്റവും രസകരമായ കാര്യമെന്തെന്നാല്‍, താന്‍ 15 മാസംവരെ ഗര്‍ഭം ധരിച്ചിട്ടുണ്ടായിരുന്നു എന്നാണ് തട്ടിപ്പിനിരയായ ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍.
കുഞ്ഞിനെ പ്രസവിക്കാന്‍ സമയമാകുമ്പോള്‍ അതായത് ഡേറ്റ് അടുക്കുമ്പോള്‍ ഒരു കുത്തിവയ്പ്പ് എടുത്തതിന് ശേഷം മാത്രമേ പ്രസവത്തിലേക്ക് കടക്കൂ എന്ന് ഗര്‍ഭിണിയെ പറഞ്ഞ് മനസിലാക്കും. പിന്നീട് അപൂര്‍വ്വവും വിലകൂടിയതുമായ ഒരു മരുന്ന് കുത്തിവയ്ക്കും. മരുന്ന് കുത്തിവച്ചാല്‍ ഉടന്‍ ഗര്‍ഭിണി മയങ്ങിയിട്ടുണ്ടാവും. പിന്നീട് അവരുടെ വയറില്‍ സിസേറിയന്‍ നടത്തുമ്പോഴുള്ളതുപോലുള്ള മുറിവുണ്ടാക്കുകയും അത് തുന്നിക്കെട്ടുകയും ചെയ്യും. മറ്റ് ചില സ്ത്രീകള്‍ പറയുന്നത് ഈ കുത്തിവയ്പ്പ് നല്‍കിയപ്പോള്‍ അവര്‍ പ്രസവിക്കുകയാണ് എന്ന് വിശ്വസിക്കുന്ന തരത്തിലുളള ഹാലൂസിനേഷന്‍ അവസ്ഥ ഉണ്ടായി എന്നാണ്. എല്ലാം കഴിഞ്ഞ് ബോധം തെളിയുമ്പോള്‍ അവരുടെ അടുത്ത് കുഞ്ഞ് കിടക്കുന്നുണ്ടാവും.
ഈ കുട്ടികള്‍ എവിടെനിന്ന് വരുന്നു എന്നതിന് ഉത്തരം ലഭിച്ചത് അധികാരികള്‍ നടത്തിയ ഒരു റെയ്ഡിന് ശേഷമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി പാര്‍പ്പിച്ചിരുന്ന ക്ലിനിക്കിലാണ് റെയ്ഡ് നടന്നത്. പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭം ധരിച്ച ഈ പെണ്‍കുട്ടികളെല്ലാം നവജാത ശിശുക്കളെ വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ഇങ്ങനെ ലഭിക്കുന്ന കുഞ്ഞുങ്ങളെ ചികിത്സ നടത്തിയ സ്ത്രീകളുടെ അടുത്ത് കിടത്തുകയുമാണ് ചെയ്യുന്നത്.
Content Highlights :Shocking information has recently come to light about a gang of fraudsters who pretended to be doctors and carried out 'miracle pregnancy treatments' at fertility clinics