രാജ്യത്ത് നിരവധി രോഗങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. കാന്‍സര്‍, പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, വാക്‌സിനുകള്‍, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയവയെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ആരോഗ്യ ഉച്ചകോടിയില്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യയിലെ ആരോഗ്യ രംഗത്തെ തെറ്റായ വിവര വാഹകര്‍ (Health Misinformation Vectors in India)', എന്ന റിപ്പോര്‍ട്ടിലാണ് ഗുരുതര വെളിപ്പെടുത്തല്‍.
ആരോഗ്യത്തെ കുറിച്ച് 2023 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മീഡിയ-ടെക്‌നോളജി കമ്പനിയായ ഡാറ്റാലീഡ്‌സ് സ്‌പോട്‌ലൈറ്റും ആഗോള തലത്തിലുള്ള ആരോഗ്യ ഫാക്ട് ചെക്കിങ് കമ്പനിയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പരമ്പരാഗത ചികിത്സകള്‍ നിഷേധിക്കുകയും തെളിയിക്കപ്പെടാത്ത പ്രകൃതിദത്ത മരുന്നുകള്‍ക്ക് പിന്നാലെ പോകുന്ന പ്രവണത ആളുകളില്‍ കൂടി വരുന്നതായും പഠനം സൂചിപ്പിക്കുന്നു. വിശ്വാസവും പ്രാദേശിക പരിഹാരങ്ങളും ആരോഗ്യ പരിപാലന തിരഞ്ഞെടുപ്പുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഇതില്‍ പറയുന്നു.
തെറ്റായ ആരോഗ്യ വിവരങ്ങള്‍ ചികിത്സകള്‍ വൈകിപ്പിക്കുകയും ആരോഗ്യ വിദഗ്ദരിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇവ ഗുരുതരമായ രോഗങ്ങളുള്ള രോഗികളുടെ അപകടാവസ്ഥ വര്‍ധിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിത്ര രീതികളും വര്‍ധിക്കുകയാണ്. നിയമവിരുദ്ധവും തെളിയിക്കപ്പെടാത്തതുമായ എല്ലാ മാര്‍ഗങ്ങളിലൂടെയുള്ള ഗര്‍ഭച്ഛിത്രങ്ങളെ കുറിച്ചുള്ള സംഭാഷണങ്ങള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കാണുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ജെന്‍ഡര്‍ തിരഞ്ഞെടുപ്പുകളെ കുറിച്ചും പുരുഷ ലൈംഗിക ശേഷിക്കുറവിനെക്കുറിച്ചും ഉപദേശം നല്‍കുന്ന വീഡിയോകളുടെ വ്യാപനവും കൂടിവരുന്നു. ഇത്തരം ഓണ്‍ലൈന്‍ ഉപദേശത്തെ ആശ്രയിക്കുന്നതിന് പകരം മെഡിക്കല്‍ പ്രൊഫഷണലുകളെ ആശ്രയിക്കണമെന്നാണ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വിദഗ്ദര്‍ നല്‍കിയ മുന്നറിയിപ്പ്.
തെറ്റായ ആരോഗ്യ വിവരങ്ങള്‍ നല്‍കുന്ന ചാറ്റ് ബോട്ടുകള്‍ പോലുള്ള എഐകളെക്കുറിച്ചുള്ള ആശങ്കകളും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ വിവരങ്ങളില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും തെറ്റായ വിവരങ്ങളെ ചെറുക്കുന്നതിനുള്ള നടപടികള്‍ മെച്ചപ്പെടുത്താനമുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
Content Highlights: Report says Online misinfromation about health