കണ്ണിന് പ്രായമായാല്‍.......; ഇതാ ചില പരിഹാരങ്ങള്‍

പ്രായമാകുമ്പോള്‍ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ ഒഴിവാക്കുന്നത് എങ്ങനെ

dot image

നമുക്ക് പ്രായമാകുമ്പോള്‍ നമ്മുടെ കണ്ണുകള്‍ക്കും പല മാറ്റങ്ങളും സംഭവിക്കും. വരള്‍ച്ച, തിമിരം, കാഴ്ചക്കുറവ് എന്നിവ പോലെയുളള പല പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. പ്രായം കൂടുന്നതനുസരിച്ച് കാഴ്ചശക്തി സംരക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

ഡിജിറ്റല്‍ സ്‌ട്രെസ് കുറയ്ക്കാന്‍ 20-20-20 നിയമം പാലിക്കാം

സ്മാര്‍ട്ട് ഫോണുകളും ലാപ്‌ടോപ്പുകളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവ ഒഴിവാക്കിയിട്ട് ഒരു മാറ്റവും വരുത്തുവാനും സാധിക്കില്ല. പക്ഷേ ഇവ നമ്മുടെ കണ്ണുകളെ ഡിജിറ്റല്‍ സ്‌ട്രെയിനിന് വിധേയമാക്കാറുണ്ട്. അതുകൊണ്ടുതന്നെ 20-20-20 നിയമം ഡിജിറ്റല്‍ സ്‌ട്രെസ് കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കും. ഓരോ 20 മിനിറ്റ് കൂടുമ്പോഴും 20 സെക്കന്‍ഡ് നേരത്തേക്ക് 20 അടി അകലെയുള്ള എന്തിലെങ്കിലും നോക്കുക. ഈ ലളിതമായ പരിശീലനം കണ്ണുകളുടെ പേശികള്‍ക്ക് അയവ് നല്‍കുകയും ആയാസം കുറയ്ക്കുകയും, കണ്ണുകളിലെ വരള്‍ച്ച തടയുകയും ചെയ്യുന്നു.

ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുക

കണ്ണുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ചീര, ഉലുവ തുടങ്ങിയ ഇലക്കറികള്‍, ബീറ്റാകരോട്ടിന്‍ ലഭിക്കുന്നതിന് വേണ്ടി ക്യാരറ്റ്, വിറ്റാമിന്‍ സി ലഭിക്കാന്‍ നെല്ലിക്ക എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഫ്‌ളാക്‌സ് സീഡുകളിലും വാല്‍നട്ടിലും കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കണ്ണുകള്‍ വരളുന്നത് ചെറുക്കാന്‍ അത്യുത്തമമാണ്.

കണ്ണുകള്‍ക്ക് യോഗ

നേത്രയോഗയെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അസ്വാഭാവികമായി തോന്നാമെങ്കിലും കണ്ണുകളുടെ പേശികളെ ശക്തിപ്പെടുത്താനും ഫോക്കസ് മെച്ചപ്പെടുത്താനും ആയുര്‍വ്വേദത്തില്‍ പരീക്ഷിച്ച് വിജയിച്ചതാണ് നേത്രയോഗ. കൈകള്‍ രണ്ടും കൂട്ടി തിരുമി ഉടന്‍തന്നെ അടഞ്ഞ കണ്ണുകളില്‍ വയ്ക്കുക. അതല്ലെങ്കില്‍ കൃഷ്ണമണികള്‍ വൃത്താകൃതിയില്‍ ചലിപ്പിക്കുക. ഇത്തരത്തിലുള്ള ലളിത വ്യായാമങ്ങള്‍ ചെയ്യുന്നത് രക്ത ചംക്രമണം വര്‍ദ്ധിപ്പിക്കുകയും കണ്ണുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

വെയിലില്‍ നിന്ന് സംരക്ഷിക്കുക

സൂര്യനില്‍നിന്ന് വരുന്ന അള്‍ട്രാവൈലറ്റ് രശ്മികള്‍ തിമിരത്തിനും കണ്ണുമായി ബന്ധപ്പെട്ട മറ്റ് തകരാറുകളിലേക്കും നയിക്കുന്നു. ഗുണനിലവാരമുളള സണ്‍ഗ്ലാസുകള്‍ പുറത്തിറങ്ങുമ്പോള്‍ ധരിക്കുക.

ഐഡ്രോപ്‌സിന്റെ ഉപയോഗം കുറയ്ക്കുക

നിര്‍ജ്ജലീകരണം കണ്ണുകളുടെ വരള്‍ച്ചയ്ക്ക് കാരണമാകും. ഇത് പ്രായമാകുന്നവരിലെ ഒരു സാധാരണ പ്രശ്‌നമാണ്. എന്നാല്‍ വരള്‍ച്ച തടയാനായി പലരും ഐഡ്രോപ്‌സുകളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇവയുടെ അമിതമായ ഉപയോഗം എപ്പോഴും ഇവയെ ആശ്രയിക്കാനിടയാക്കും. ദിവസവും 8-10 ഗ്ലാസ് വെള്ളം വരെ കുടിയ്ക്കാന്‍ ശ്രമിക്കുക. കണ്ണുകള്‍ ഇടയ്ക്കിടെ തണുത്ത വെളളം ഉപയോഗിച്ച് കഴുകുക.

നേത്ര പരിശോധന

കണ്ണുകളുടെ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നതുവരെ പലരും ശ്രദ്ധിക്കാറില്ല. ഇടയ്ക്കിടെ നേത്ര പരിശോധന നടത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം പ്രയോജനം ചെയ്യും. 40 വയസിന് മുകളിലുള്ളവര്‍ക്ക് ഗ്ലോക്കോമ, അല്ലെങ്കില്‍ ഡയബറ്റിക് റെറ്റിനോപ്പതി പോലുള്ള അവസ്ഥകള്‍ നേരത്തെ കണ്ടുപിടിക്കാന്‍ പതിവ് നേത്ര പരിശോധനകള്‍ നിര്‍ണ്ണായകമാണ്. നിങ്ങള്‍ക്ക് പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഉണ്ടെങ്കില്‍ കണ്ണുകളുടെ ഇടയ്ക്കിടയ്ക്കുളള പരിശോധന വളരെ പ്രയോജനപ്രദമാണ്‌.

Content Highlights : How to avoid age-related eye damage

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us