സൂചിയെ പേടിക്കേണ്ട, വേദനയില്ലാതെ കുത്തിവെയ്പ്പ് എടുക്കാം; പുതിയ ഷോക്ക് സിറിഞ്ചുമായി ഐഐടി ബോംബെ

ഐഐടിയിലെ പ്രൊഫ. വിരേൻ മെനെസെസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷോക്ക് വേവ് അടിസ്ഥാനമാക്കിയുള്ള സിറിഞ്ച് നിര്‍മിക്കുന്നത്

dot image

കുത്തിവെയ്പ്പിനെ പേടിയുള്ളവരാണ് നമ്മളിൽ പലരും. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവരിൽ വരെ കുത്തിവെയ്പ്പിനെ ഭയപ്പെടുന്നവരുണ്ട്. പ്രമേഹം പോലുള്ള രോഗമുള്ളവർക്ക് സ്ഥിരമായി കുത്തിവെയ്പ്പ് എടുക്കേണ്ടത് അത്യാവശ്യവുമാണ്.

എന്നാൽ ഇനി മുതൽ സൂചി കൊണ്ടുള്ള കുത്തിവെയ്പ്പിനെ ഭയപ്പെടേണ്ടെന്നാണ് പുതിയ ഗവേഷണങ്ങൾ പറയുന്നത്. സൂചിയില്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന പുതിയ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഐഐടി ബോംബെയിലെ എയ്റോസ്പേസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ്.

ഐഐടിയിലെ പ്രൊഫ. വിരേൻ മെനെസെസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷോക്ക് വേവ് അടിസ്ഥാനമാക്കിയുള്ള സിറിഞ്ച് കണ്ടെത്തിയിട്ടുള്ളത്. ശരീരത്തിലേക്ക് ലിക്വിഡ് മരുന്നുകൾ മൈക്രോജെറ്റ് ഉപയോഗിച്ച് നൽകാൻ സാധിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ടേക്ക് ഓഫ് സമയത്ത് ഒരു വിമാനത്തിന് ഉണ്ടാവുന്ന ഇരട്ടി വേഗത്തിലാണ് പുതിയ മൈക്രോജെറ്റ് സിറിഞ്ച് പ്രവർത്തിക്കുന്നത്. ഇതിലൂടെ മരുന്നുകൾ എളുപ്പത്തിൽ വേദനരഹിതമായി ശരീരത്തിലേക്ക് എത്തുന്നു. ഒരു ബോൾപോയിന്റ് പേനയുടെ വലിപ്പമാണ് പുതിയ സിറിഞ്ചിന് ഉണ്ടാവുക.

ഇത്തരത്തിൽ കുത്തിവെയ്പ്പ് എടുക്കുന്നത് കൂടുതൽ ഫലപ്രാപ്തി ഉണ്ടാക്കുന്നുണ്ടെന്നാണ് എലികളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിക്കുന്നത്. അനസ്തെറ്റിക് ടെസ്റ്റുകൾ, വിസ്‌കോസ് മരുന്നുകൾ, ഇൻസുലിൻ എന്നിവയാണ് പുതിയ രീതിയിലൂടെ എലികളിൽ കുത്തിവെപ്പ് നടത്തിയത്.

സാധാരണ രീതിയിലുള്ള കുത്തിവെയ്പ്പിനെക്കാളും വേഗത്തിൽ ഫലപ്രാപ്തി പുതിയ രീതിയിലുള്ള കുത്തിവെപ്പിന് ഉണ്ടാവുന്നതായും പഠനങ്ങൾ കണ്ടെത്തുന്നുണ്ട്. നിരവധി തവണ പുനരുപയോഗിക്കാൻ സാധിക്കുന്ന പുതിയ കുത്തിവെപ്പ് രീതിയിലൂടെ സൂചിയിലൂടെ പകരുന്ന അണുബാധ ഇല്ലാതാക്കാൻ സാധിക്കുമെന്നും ഗവേഷകർ വിലയിരുത്തുന്നു.

Content Highlights: needle free injection IIT Bombay with a new invention

dot image
To advertise here,contact us
dot image