ഇന്ത്യയില്‍ ഹ്യുമന്‍ മെറ്റാപ്‌ന്യൂമോവൈറസ് എന്നറിയപ്പെടുന്ന HMPV വൈറസ് കേസുകള്‍ നിരന്തരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പലതരത്തിലുള്ള ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. ഈ വൈറസ് വൃക്കയെ ബാധിക്കുമോ എന്ന ആശങ്ക പലരിലും ഉണ്ട്. പശ്ചിമ ബംഗാളിലെ സിലിഗുരിയിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആന്‍ഡ് യൂറോളജിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. വിജയ്കിരണ്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ വിവരങ്ങളില്‍ പറയുന്നത് ഇപ്രകാരമാണ്.
അടുത്തിടെ നടത്തിയ ഗവേഷണങ്ങളില്‍ എച്ച്എംപിവിയും വ്യക്കകളുടെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൃക്കകളും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന രോഗികളില്‍ HMPV കാര്യമായ രോഗാവസ്ഥകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ പ്രതിരോധശേഷി കുറഞ്ഞവരും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം രോഗികള്‍ക്ക് അണുബാധയേല്‍ക്കാം. പല പഠനങ്ങളിലും HMPV അണുബാധ ചില വൃക്ക തകരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ വൈറസിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് വലിയ രീതിയിലുള്ള ശ്വാസകോശ സംബന്ധമായ അണുബാധയിലേക്കും സങ്കീര്‍ണതയിലേക്കും Acute Respiratory Distress Syndrome (ARDS)ലേക്കും വഴിതെളിക്കുമെന്ന് ഡോ. ബി വിജയ്കിരണ്‍ പറയുന്നു.
നല്ല ജീവിതശൈലിയിലൂടെയും പോഷസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെയും വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ തടയാന്‍ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, സമീകൃത ആഹാരം കഴിയ്ക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം പതിവാക്കുക. ഇതൊക്കെ വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ചുമ, പനി തൊണ്ടവേദന, മൂക്കൊലിപ്പ് അല്ലെങ്കില്‍ മൂക്ക് അടഞ്ഞിരിക്കുക, ശ്വാസംമുട്ടല്‍ എന്നിവ HMPV വൈറസ് ബാധിച്ചാലുള്ള പ്രധാനമായ ലക്ഷണങ്ങളാണ്.ചിലര്‍ക്ക് ദേഹമാസകലം തിണര്‍പ്പ് കാണപ്പെടുന്നു.
HMPV ഉള്ളവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുന്നതിലൂടെയും രോഗം പകരാം. ചുമയും തുമ്മലും, ഹസ്തദാനം, ആലിംഗനം ചെയ്യുക, ചുംബിക്കുക, ഫോണ്‍ ഉപയോഗിക്കുക, കംപ്യൂട്ടര്‍ കീബോര്‍ഡുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയിലൂടെയെല്ലാം വൈറസ് പകരാം.
Content Highlights :Can HMPV virus infect the kidneys? Doctors say. Many people have various concerns about the newly reported HMPV virus